Asianet News MalayalamAsianet News Malayalam

കിഷന്‍ പെട്ടു, വാക്കാലുള്ള മുന്നറിയിപ്പ് കഴിഞ്ഞു; വന്‍ നീക്കവുമായി ജയ് ഷാ, ഗുരുതര പ്രത്യാഘാതമെന്ന് കത്തില്‍

ഇഷാന്‍ കിഷന്‍ രഞ്ജി ട്രോഫി കളിക്കണമെന്ന ബിസിസിഐ നിർദേശം പാലിച്ചിരുന്നില്ല, ഇതിന് പിന്നാലെയാണ് കത്ത് 

BCCI secretary Jay Shah warns players skipping domestic red ball games
Author
First Published Feb 17, 2024, 10:24 AM IST | Last Updated Feb 17, 2024, 10:28 AM IST

മുംബൈ: ആഭ്യന്തര ക്രിക്കറ്റിലെ റെഡ് ബോള്‍ മത്സരങ്ങളില്‍ നിന്ന് മുങ്ങുന്ന ഇന്ത്യന്‍ സീനിയർ ടീം, എ ടീം താരങ്ങള്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി ബിസിസിഐ. രഞ്ജി ട്രോഫി അടക്കമുള്ള ആഭ്യന്തര മത്സരങ്ങള്‍ നഷ്ടപ്പെടുത്തിയാല്‍ കടുത്ത നടപടികള്‍ നേരിടേണ്ടിവരും എന്ന് ചൂണ്ടിക്കാണിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ ദേശീയ കരാറിലുള്ള താരങ്ങള്‍ക്കും എ ടീം താരങ്ങള്‍ക്കും കത്തെഴുതി. നേരത്തെ ഇക്കാര്യം പറഞ്ഞ് വാക്കാല്‍ താരങ്ങള്‍ക്ക് ഷാ താക്കീത് നല്‍കിയിരുന്നു. 

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്ന വിക്കറ്റ് കീപ്പർ ഇഷാന്‍ കിഷന്‍ രഞ്ജി ട്രോഫി കളിക്കണമെന്ന ബിസിസിഐ നിർദേശം പാലിക്കാതെ ഐപിഎല്‍ മനസില്‍ കണ്ട് സ്വകാര്യ പരിശീലനവുമായി മുന്നോട്ടുപോകുന്നതാണ് ശക്തമായ മുന്നറിയിപ്പിലേക്ക് നീങ്ങാന്‍ ബിസിസിഐയെ പ്രേരിപ്പിച്ച ഒരു ഘടകം. രഞ്ജി ട്രോഫിയിലെ പ്രകടനം ദേശീയ ടീം സെലക്ഷനില്‍ നിർണായകമാണ് എന്ന് ബിസിസിഐ വ്യക്തമാക്കുന്നു. 

'ആശങ്കയുളവാക്കുന്ന പുതിയ പ്രവണതകള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ കണ്ടുതുടങ്ങിയിരിക്കുന്നു. ചില താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റിനേക്കാള്‍ ഐപിഎല്ലന് പ്രാധാന്യം നല്‍കുന്നു. ഇത് പ്രോത്സാഹിപ്പിക്കേണ്ട കാര്യമല്ല. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ അടിസ്ഥാനം എപ്പോഴും ആഭ്യന്തര ക്രിക്കറ്റാണ്. അതിനെ ഒരിക്കലും വിലകുറച്ച് കാണാനാവില്ല. ഇന്ത്യന്‍ ക്രിക്കറ്റിനെ കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് വ്യക്തമാണ്. ആഭ്യന്തര ക്രിക്കറ്റില്‍ മികവ് തെളിയിച്ച് വേണം ഏതൊരു താരവും ടീം ഇന്ത്യക്കായി കളിക്കാന്‍. ദേശീയ ടീം സെലക്ഷനില്‍ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം നിർണായകമാണ്. അതിനാല്‍ അത്തരം മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന താരങ്ങള്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരും' എന്നും താരങ്ങള്‍ക്ക് ബിസിസിഐ സെക്രട്ടറി ജയ് ഷാ എഴുതിയ കത്തില്‍ പറയുന്നു. 

മാനസിക പിരിമുറുക്കം ചൂണ്ടിക്കാണിച്ച് ഇന്ത്യന്‍ ടീമില്‍ നിന്ന് ഇടവേളയെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാന്‍ കിഷനോട് രഞ്ജി ട്രോഫി കളിച്ച് ടീമിലേക്ക് മടങ്ങി വരാന്‍ ബിസിസിഐ സെലക്ടർമാർ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രഞ്ജിയില്‍ ജാർഖണ്ഡിനായി കളിക്കാന്‍ ഇഷാന്‍ തയ്യാറായില്ല. അതേസമയം ഐപിഎല്‍ മുന്‍നിർത്തി ബിസിസിഐയെ അറിയിക്കാതെ താരം സ്വകാര്യ പരിശീലനം തുടങ്ങി. കൂടുതല്‍ താരങ്ങള്‍ സമാന നീക്കം നടത്തുന്നത് തടയാനാണ് ബിസിസിഐ കടുത്ത നടപടികളിലേക്ക് കടക്കുന്നത്. കരാറിലുള്ള താരങ്ങള്‍ രാജ്യാന്തര മത്സരങ്ങളുടെ തിരക്കിലോ പരിക്കിലോ അല്ലെങ്കില്‍ നിർബന്ധമായും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്നും മുങ്ങുന്നവരോട് ഒരു തരത്തിലുള്ള മൃദുസമീപനവും ഉണ്ടാവില്ല എന്നും ജയ് ഷാ ഈ വാരം ആദ്യം വ്യക്തമാക്കിയിരുന്നു. 

Read more: ഭാഗ്യം നോക്കണേ; ബെംഗളൂരുവില്‍ ടെന്നിസ് സ്റ്റാറുകള്‍ക്കൊപ്പം കോർട്ടില്‍ ഇറങ്ങി 60 കുട്ടി താരങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios