കോലി മഹാനായ താരമൊക്കെ തന്നെ, പക്ഷേ വിക്കറ്റ് ഞാനെടുക്കും! വെല്ലുവിളിച്ച് ഓസീസ് താരം
കോലിയെ പ്രകോപിപ്പിക്കരുതെന്നുള്ള സൂചന മുന്‍ ഓസീസ് താരങ്ങളായ ബ്രട്ട് ലീ, ഷെയ്ന്‍ വാട്‌സണ്‍ എന്നിവര്‍ നല്‍കി കഴിഞ്ഞു.
പേര്‍ത്ത്: ഓസ്‌ട്രേലിയയില്‍ മികച്ച റെക്കോര്‍ഡാണ് വിരാട് കോലിക്ക്. 13 മത്സരങ്ങളില്‍ നിന്ന് 54 ശരാശരിയില്‍ ആറ് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 1,353 റണ്‍സാണ് കോലി ഓസ്‌ട്രേലിയയില്‍ നേടിയിട്ടുള്ളത്. 2018-ല്‍ സെഞ്ച്വറി നേടിയ ഒപ്റ്റസ് സ്റ്റേഡിയത്തെക്കുറിച്ചും അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ട്. ഈ സ്‌റ്റേഡിയത്തിലാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരവും. കോലിയെ പ്രകോപിപ്പിക്കരുതെന്നുള്ള സൂചന മുന്‍ ഓസീസ് താരങ്ങളായ ബ്രട്ട് ലീ, ഷെയ്ന്‍ വാട്‌സണ്‍ എന്നിവര്‍ നല്‍കി കഴിഞ്ഞു.
ഇപ്പോള്‍ മറ്റൊരു വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ് ഓസീസ് സ്പിന്നര്‍ നതാന്‍ ലിയോണ്‍. കോലിയെ കുറിച്ചാണ് ലിയോണ്‍ സംസാരിക്കുന്നത്. ഓസീസ് സ്പിന്നറുടെ വാക്കുകള്‍... ''ഓസീസിനെതിരെ കോലിക്ക് മികച്ച റെക്കോര്‍ഡുണ്ടെന്ന് എനിക്ക് ബോധ്യമുണ്ട്. ചാംപ്യന്‍ താരങ്ങളെ എഴുതിത്തള്ളാന്‍ ഞാനില്ല. കോലിയെ ഞാന്‍ ബഹുമാനിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ വിക്കറ്റ് വീഴ്ത്താനും ഞാനാഗ്രഹിക്കുന്നു. അക്കാര്യം മറച്ചുവെക്കേണ്ട് കാര്യമില്ല. കോലിയെ പുറത്താക്കുക എളുപ്പമുള്ള കാര്യമല്ല. കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും മികച്ച ബാറ്റര്‍മാരാണ് കോലിയും സ്മിത്തും.'' ലിയോണ്‍ പറഞ്ഞു.
ഇന്ത്യന്‍ ടീമിനെ കുറിച്ചും ലിയോണ്‍ സംസാരിച്ചു. ''പരിചയസമ്പന്നരായ സീനിയര്‍ താരങ്ങളും കഴിവുള്ള യുവതാരങ്ങളുമാണ് ഇന്ത്യന്‍ ടീമിലുള്ളത്. ഇന്ത്യ എക്കാലത്തേയും മികച്ച ടീമുകളിലൊന്നാണ്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഫലം എന്നെ അത്ഭുതപ്പെടുത്തി. പക്ഷേ ഞങ്ങള്‍ക്കെതിരെ ഇന്ത്യ അവരുടെ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് കരുതുന്നു.'' ലിയോണ്‍ പറഞ്ഞു.
ഓസീസിനെതിരെ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുയെ സാധ്യതാ ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, ദേവ്ദത്ത് പടിക്കല്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറല്‍, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര (ക്യാപ്റ്റന്‍).