16 വര്‍ഷം, ഒരേയൊരു കിംഗ്; വിരാട് കോലിക്ക് ആദരവുമായി ആര്‍സിബി, പോസ്റ്റര്‍ സീന്‍ മാറ്റി
16 വര്‍ഷങ്ങള്‍, ഒരേയൊരു കിംഗ് എന്ന കലക്കന്‍ വാചകത്തോടെയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വിരാട് കോലിയുടെ പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്
ബെംഗളൂരു: ഐപിഎല്‍ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നാല്‍ വിരാട് കോലി എന്നാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ആദ്യ സീസണ്‍ മുതല്‍ 16 എഡിഷനിലും കോലി ആര്‍സിബിയുടെ താരമായിരുന്നു. ഫ്രാഞ്ചൈസിയില്‍ 16 വര്‍ഷം പൂര്‍ത്തിയാക്കിയ കോലിയെ സവിശേഷമായ പോസ്റ്ററോടെയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആദരിച്ചത്.
16 വര്‍ഷങ്ങള്‍, ഒരേയൊരു കിംഗ് എന്ന കലക്കന്‍ തലവാചകത്തോടെയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വിരാട് കോലിയുടെ പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. 2008 മുതല്‍ ഐപിഎല്ലിന്‍റെ എല്ലാ സീസണിലും ആര്‍സിബി ജേഴ്‌സിയിലാണ് കോലി കളിച്ചത്. അതിനാല്‍ വിവിധ സീസണുകളിലെ കോലിയുടെ ചിത്രങ്ങള്‍ തുന്നിച്ചേര്‍ത്താണ് ബാംഗ്ലൂര്‍ ടീം കിംഗിനെ ആദരിച്ചത്. അന്നും ഇന്നും എന്നും ആര്‍സിബി എന്നാല്‍ കോലിയാണ്, കോലി എന്നാല്‍ കിംഗാണ് എന്ന് അര്‍ഥ വരുന്ന പോസ്റ്റര്‍ ആരാധകര്‍ ഏറ്റെടുത്തു. ഐപിഎല്‍ 2024 സീസണിലും കിംഗ് കോലി തന്നെയാണ് ടീമിന്‍റെ കുന്തമുന എന്ന് വ്യക്തമാക്കുന്നതാണ് ആര്‍സിബിയുടെ പോസ്റ്റര്‍.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആര്‍സിബിക്കായി 237 മത്സരങ്ങള്‍ കളിച്ചിട്ടുള്ള വിരാട് കോലി 7263 റണ്‍സുമായി ലീഗിലെ എക്കാലത്തെയും ഉയര്‍ന്ന റണ്‍വേട്ടക്കാരനാണ്. 229 ഇന്നിംഗ്‌സുകളില്‍ കോലി 37.25 ശരാശരിയിലും 130.02 സ്ട്രൈക്ക് റേറ്റിലും 7263 റണ്‍സ് അടിച്ചുകൂട്ടി. ഏഴ് ഐപിഎല്‍ സെഞ്ചുറികള്‍ പേരിലുള്ള വിരാട് കോലി 50 തവണയാണ് അര്‍ധസെഞ്ചുറി നേടിയത്. 2013 മുതല്‍ 2021 വരെ സ്ഥിരം നായകനായിരുന്നുവെങ്കിലും കോലിക്ക് ഐപിഎല്‍ കിരീടം മാത്രം കിട്ടാക്കനിയായി.
Read more: 'രോഹിത് ശര്‍മ്മ ധോണിയുടെ സിഎസ്‌കെയില്‍ എത്തും'; വമ്പന്‍ പ്രവചനം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം