97ന്റെ നിറവിൽ എൽ.കെ അദ്വാനി; ആശംസകൾ നേരാൻ നേരിട്ടെത്തി മോദി
അദ്വാനിയുടെ വസതിയിൽ നേരിട്ടെത്തിയ പ്രധാനമന്ത്രി അദ്ദേഹത്തിന് ആശംസകൾ നേർന്നു.
ദില്ലി: 97-ാം ജന്മദിനം ആഘോഷിച്ച് മുതിർന്ന ബിജെപി നേതാവ് ലാൽ കൃഷ്ണ അദ്വാനി. ജന്മദിനാശംസകൾ അർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്വാനിയുടെ വസതിയിൽ നേരിട്ടെത്തി. അദ്വാനിയ്ക്ക് ഒപ്പമുള്ള ചിത്രവും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. രാവിലെ തന്നെ അദ്വാനിയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് അദ്ദേഹം ഒരു കുറിപ്പും പങ്കുവെച്ചിരുന്നു.
'ശ്രീ എൽ.കെ അദ്വാനി ജിയ്ക്ക് ജന്മദിനാശംസകൾ. ഈ വർഷം കൂടുതൽ സവിശേഷമാണ്. കാരണം നമ്മുടെ രാഷ്ട്രത്തിന് നൽകിയ മികച്ച സേവനത്തിന് അദ്ദേഹത്തിന് ഭാരതരത്‌ന ലഭിച്ചു. ഇന്ത്യയുടെ ഏറ്റവും ആദരണീയരായ രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളായ അദ്ദേഹം രാജ്യത്തിന്റെ വികസനം കൂടുതൽ മുന്നോട്ട് കൊണ്ടുപോകാനായി സ്വയം സമർപ്പിക്കുകയായിരുന്നു. ബുദ്ധിശക്തിക്കും സമ്പന്നമായ ഉൾക്കാഴ്ചകൾക്കും അദ്ദേഹം എല്ലായ്പ്പോഴും ബഹുമാനിക്കപ്പെട്ടിട്ടുണ്ട്. വർഷങ്ങളോളം അദ്ദേഹത്തിൻ്റെ മാർഗനിർദേശം ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. അദ്ദേഹത്തിൻ്റെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.' മോദി കുറിച്ചു.
1927 നവംബർ 8-ന് ജനിച്ച അദ്വാനി 1942ലാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിനൊപ്പം (ആർഎസ്എസ്) യാത്ര ആരംഭിച്ചത്. ഇന്ത്യയിലെ പ്രബലമായ രാഷ്ട്രീയ ശക്തികളിലൊന്നായി ബിജെപിയെ രൂപപ്പെടുത്തുന്നതിൽ അദ്വാനി വഹിച്ച പങ്ക് വളരെ വലുതാണ്. 1986-1990, 1993-1998, 2004-2005 എന്നിങ്ങനെ മൂന്ന് തവണകളായി അദ്ദേഹം ബിജെപിയുടെ ദേശീയ അദ്ധ്യക്ഷനായി സേവനമനുഷ്ഠിച്ചു, 1980-ൽ പാർട്ടി രൂപീകരിച്ചതിന് ശേഷം ഏറ്റവും കൂടുതൽ കാലം പ്രസിഡൻ്റായി സേവനമനുഷ്ഠിച്ചയാളാണ് അദ്വാനി. 2002 മുതൽ 2004 വരെ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിൽ ഉപപ്രധാനമന്ത്രിയായിരുന്നു. ഈ വർഷമാദ്യം രാഷ്ട്രപതി ദ്രൗപതി മുർമു അദ്ദേഹത്തിന് ഭാരതരത്‌ന നൽകി ആദരിച്ചിരുന്നു.