ലീ കുൻ-ഹീ എന്ന സാംസങ് സാമ്രാജ്യത്തിന്റെ 'രാജർഷി' അരങ്ങൊഴിയുമ്പോൾ

എൺപതുകളിൽ മീനും പച്ചക്കറിയും മാത്രം കയറ്റിറക്കുമതി ചെയ്തുകൊണ്ടുതന്നെ അച്ഛനിൽ നിന്ന് ബിസിനസ് ഏറ്റെടുത്ത ലീ കുൻ-ഹീ പക്ഷേ, സാംസങിന്റെ ബിസിനസ്സുകളെ അതിൽ നിന്നൊക്കെ ഏറെ മുന്നോട്ട് കൊണ്ടുപോയി.

When Lee Kun Hee the hermit king who transformed Samsung passes away

സാംസങ് എന്ന ലോകപ്രസിദ്ധ ബിസിനസ് സാമ്രാജ്യത്തിന്റെ തലവനായിരുന്ന ലീ കുൻ-ഹീ എന്ന 78 -കാരൻ ഇഹലോകവാസം വെടിഞ്ഞിരിക്കുകയാണ്. അതോടെ തിരശീല വീണിരിക്കുന്നത് അപാരമായ ബിസിനസ് ബുദ്ധികൊണ്ട് ലോകത്തെ അതിശയിപ്പിച്ച, അതേ സമയം നിയമത്തിന്റെ നൂലാമാലകളിൽ കുരുങ്ങി ഏറെ പൊല്ലാപ്പ് പിടിച്ച ഒരു ബിസിനസുകാരനാണ് ഇദ്ദേഹം. എൺപതുകളിൽ മീനും പച്ചക്കറിയും മാത്രം കയറ്റിറക്കുമതി ചെയ്തുകൊണ്ടുതന്നെ ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ ബിസിനസ് ടൈക്കൂണുകളിൽ ഒരാളായി മാറിക്കഴിഞ്ഞിരുന്ന തന്റെ അച്ഛനിൽ നിന്ന് ബിസിനസ് ഏറ്റെടുത്ത ലീ കുൻ-ഹീ പക്ഷേ, സാംസങിന്റെ ബിസിനസ്സുകളെ അതിൽ നിന്നൊക്കെ ഏറെ മുന്നോട്ട് കൊണ്ടുപോയി.

ലീ കുൻ-ഹീയുടെ അച്ഛൻ ലീ ബ്യുങ് ചൂൽ ആണ് തന്റെ വ്യാപാര സ്ഥാപനത്തിന് സാംസങ് എന്ന് പേരിടുന്നത്. കൊറിയൻ ഭാഷയിൽ സാം എന്ന വാക്കിനർത്ഥം മൂന്ന് എന്നാണ്. സങ്  എന്നവാക്കിന്റെ അർഥം നക്ഷത്രമെന്നും. ട്രൈസ്റ്റാർ ചിഹ്നം ആയിരുന്നു കമ്പനിയുടെ അന്നത്തെ കൊറിയൻ ലോഗോ. വിപുലം, അസംഖ്യം, സുശക്തം എന്നിങ്ങനെ മൂന്ന് ഗുണങ്ങളാണ് ഈ ത്രീ സ്റ്റാർ സങ്കല്പത്തിലൂടെ ലീ ബ്യുങ് ചൂൽ മുന്നോട്ട് വെച്ചിരുന്നത്. 1938 -ൽ, ലോഞ്ച് ചെയ്യുമ്പോൾ ആകെ വെറും നാൽപതു പേർ മാത്രം ജീവനക്കാരായി ഉണ്ടായിരുന്ന ആ ചെറു സ്ഥാപനത്തിന്, ഇങ്ങനെ ഒരു സ്ലോഗൻ അധികപ്പറ്റല്ലേ എന്നുപോലും പലരും സംശയം പ്രകടിപ്പിച്ചു അന്ന്. ആദ്യമായി സാംസങ് ഉണ്ടാക്കിയ ഉത്പന്നം ന്യൂഡിൽസ് ആയിരുന്നു. പിന്നീടങ്ങോട്ട് വേറെ പല ഉത്പന്നങ്ങളിലേക്കും സാംസങ് തങ്ങളുടെ കച്ചവടം വ്യാപിപ്പിച്ചു. 

ഇന്ന് സാംസങ്  ഇലക്ട്രോണിക്സ് ചിപ്പുകൾ, മൊബൈൽ ഫോണുകൾ, കൺസ്ട്രക്ഷൻ, ലൈഫ് ഇൻഷുറൻസ്, കെമിക്കൽസ് തുടങ്ങി കൈവെക്കാത്ത മേഖലകളില്ല. മൊബൈൽ ഫോൺ ഇൻഡസ്ട്രിയുടെ നിറുകയിൽ നിൽക്കുന്ന സാംസങ് തന്നെയാണ്, ആപ്പിൾ അടക്കമുള്ള പല മൊബൈൽ കമ്പനികളുടെ ഫോണുകളിലെ ചിപ്പുകൾ ഉണ്ടാക്കുന്നതും. ഈ ഒരൊറ്റ കുടക്കീഴിൽ ഇന്ന് 59 അൺലിസ്റ്റഡ് സ്ഥാപനങ്ങളും 19 ലിസ്റ്റഡ് സ്ഥാപനങ്ങളുമുണ്ട്. കെട്ടിടനിർമാണം മുതൽ സാമ്പത്തികോപദേശം വരെയുള്ള സേവനങ്ങൾ ഇന്ന് സാംസങ് വിപണിയിൽ നൽകിവരുന്നുണ്ട്. ലോകത്തിലെ ഏറ്റവും തലയെടുപ്പുള്ള കെട്ടിടങ്ങളിൽ ഒന്നായ 2,722 അടി ഉയരമുള്ള ദുബായ് ബുർജ് ഖലീഫ നിർമിച്ചത് സാംസങ് ആണ്.  ലോകത്തെമ്പാടുമുള്ള തങ്ങളുടെ സ്ഥാപനങ്ങളിലായി സാംസങ് ആകെ തൊഴിൽ നൽകുന്നത് ഏതാണ്ട് അഞ്ചു ലക്ഷത്തോളം പേർക്കാണ്.

ദക്ഷിണ കൊറിയയുടെ ജിഡിപിയെ വരെ നിർണയിക്കുന്ന ഒന്നായി സാംസങ് കമ്പനി മാറിക്കഴിഞ്ഞു. ജിഡിപിയുടെ 15 ശതമാനത്തോളം വരും സാംസങിൽ നിന്നുള്ള സംഭാവന. കൊറിയൻ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഇരുപതു ശതമാനം ഓഹരികളും സാംസങിന്റെ തന്നെയാണ്. വിശിഷ്യാ സാംസങ് ഇലക്ട്രോണിക്സിന്റെ. ഇലക്ട്രോണിക്സ് രംഗത്തേക്കുള്ള സാംസങിന്റെ രംഗപ്രവേശമുണ്ടാകുന്നത് 1970 -ൽ അവർ നിർമിച്ച കളർ ടെലിവിഷന്റെ ലോഞ്ചിങ്ങോടെ ആണ്. വരും വർഷങ്ങളിൽ അവർ ഇലക്ട്രോണിക് ഗൃഹോപകരണങ്ങളുടെ R & D രംഗത്ത് സാംസങ് കാര്യമായ നിക്ഷേപങ്ങൾ നടത്തി.  ആ നിക്ഷേപങ്ങളിൽ നിന്നായി കാര്യമായ റിട്ടേൺസും കിട്ടി അവർക്ക്. 1986 -ൽ, കാറിൽ ഘടിപ്പിക്കാവുന്ന ഒരു ഫോൺ അവർ ലോഞ്ച് ചെയ്‌തെങ്കിലും അത് വിപണിയിൽ പരാജയപ്പെട്ടു. 

മൂന്നു തവണ ലോഗോ മാറ്റിയിട്ടുണ്ട് സാംസങ്. ഏറ്റവും ഒടുവിൽ 2005 -ൽ സ്വീകരിച്ച ലോഗോയിൽ ഉറപ്പിക്കുകയാണ് ഉണ്ടായത്. 

When Lee Kun Hee the hermit king who transformed Samsung passes away

1995 -ൽ  ലീ തന്റെ ജീവനക്കാരോട് പറഞ്ഞ ഒരു വാചകം ഏറെ പ്രസിദ്ധമാണ്, " നമുക്ക്, ഇപ്പോഴുള്ളതിൽ നമ്മുടെ ഭാര്യയും മക്കളും ഒഴികെ മറ്റെല്ലാം മാറ്റി പുതിയത് കൊണ്ടുവരണം..." ആ വർഷം, സാംസങിന്റെ ചരിത്രത്തിലെ വഴിത്തിരിവായ ഒരു സമയമാണ്. അക്കൊല്ലം, തന്റെ കമ്പനിയുടെ ഉത്പന്നങ്ങളുടെ ഗുണനിലവാരക്കുറവിൽ ക്ഷുഭിതനായ ലീ കുൻ ഹീ, 50 മില്യൺ ഡോളർ വില മതിപ്പുള്ള മൊബൈൽ ഫോണുകൾ, ഫാക്സ് മെഷീനുകൾ, ടെലിവിഷനുകൾ എന്നിവ ഒരു മൈതാനത്ത് നിരത്തി, രണ്ടായിരത്തോളം ജീവനക്കാരെ സാക്ഷി നിർത്തി അവയെല്ലാം കൂടം കൊണ്ട് അടിച്ചു തകർത്തു. ഈ ഷോക്ക് ട്രീട്മെന്റിന് ശേഷമാണ് സാംസങ് ഗുണനിലവാരം എന്നത് പ്രാഥമിക പരിഗണനയായി കണ്ടുകൊണ്ടുള്ള, ഒരു പുതുപുത്തൻ മാനേജ്‌മെന്റ് യുഗത്തിലേക്ക് പിച്ചവെക്കുന്നത്. തുടർന്നുവന്ന വർഷങ്ങളിൽ ലീയുടെ ഈ ഞെട്ടിക്കലിന്റെ, തുടർന്ന് നടത്തിയ ക്വാളിറ്റി ഇമ്പ്രൂവ്മെന്റിന്റെ ഗുണഫലങ്ങൾ കാണായി. ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യാപാരസ്ഥാപനങ്ങളിൽ ഒന്നായി സാംസങ് വളർന്നു.  

 

When Lee Kun Hee the hermit king who transformed Samsung passes away

 

ഇലക്ട്രോണിക്സ് രംഗത്തെ പല സാങ്കേതിക വിദ്യകളും വികസിപ്പിച്ചെടുത്തത് സാംസങിന്റെ ഗവേഷകർ ചേർന്നാണ്. ഉദാ. ലോകത്തിലെ ആദ്യത്തെ CDMA ഫോൺ വികസിപ്പിക്കുന്നത് സാംസങ് ഇലക്ട്രോണിക്സ് ആണ്. SCH-100 എന്നാണ് ഈ ഫോൺ അറിയപ്പെട്ടിരുന്നത്. പിന്നീട് ജിഎസ്എം എന്ന കുറേക്കൂടി മെച്ചപ്പെട്ട ടെക്‌നോളജി വന്ന്, മൊബൈൽ ഫോണുകൾ എല്ലാം തന്നെ അങ്ങോട്ട് കളം മാറ്റിച്ചവിട്ടി എങ്കിലും, ഇറങ്ങിയ കാലത്ത് സാംസങ്  SCH-100 ന്റെ പ്രൗഢി ഒന്ന് വേറെത്തന്നെ ആയിരുന്നു. അതുപോലെ, 1999 -ൽ, ലോകത്തിലാദ്യമായി ഒരു വാച്ച് ഫോൺ വികസിപ്പിച്ചെടുക്കുന്നത് സാംസങ് ആണ്.  Samsung SPH-WP10 എന്നാണ് ഈ ഉത്പന്നം വിപണിയിൽ അറിയപ്പെട്ടിരുന്നത്. പിന്നീട്, 2001 -ൽ, അമേരിക്കൻ വിപണിയിൽ ആദ്യമായി ഒരു കളർ ഡിസ്പ്ളേ PDA ഫോൺ ഇറക്കുന്നത് സാംസങ് ആണ്.  SPH-i300 എന്ന് വിപണിയിൽ അറിയപ്പെട്ടിരുന്ന ഈ ഫോൺ, Palm OS -ൽ, സ്പ്രിന്റ് നെറ്റ്‌വർക്കിന്റെ സഹായത്തോടെ പ്രവർത്തിച്ചിരുന്നു. സാധാരണ PDA ചെയ്തിരുന്ന ജോലികൾക്ക് പുറമെ, ഫോൺ വിളിക്കാനും പറ്റുന്ന ഈ ഗാഡ്ജറ്റ് അന്നത്തെ സമ്പന്നരുടെ ഒരു പ്രിയ 'ഷോ ഓഫ്' ആയിരുന്നു. 

 

When Lee Kun Hee the hermit king who transformed Samsung passes away

 

സാംസങിന്റെ ഏറ്റവും വില്പന നടന്ന ഫോൺ 2009 -ൽ അവർ ലോഞ്ച് ചെയ്ത ബേസിക് ഫോൺ ആയ  E1110 ആയിരുന്നു. ഈ ഫോൺ പുറത്തിറക്കിയ മൂന്നേ മൂന്നു വർഷം സാംസങ് വിറ്റഴിച്ചത് ഇതിന്റെ 15 കോടി സെറ്റുകളാണ്. സ്മാർട്ട് ഫോൺ വിപണിയിലും സാംസങിന് കാര്യമായ ഹോൾഡ് ഉണ്ടായിരുന്നു. സാംസങ് ഗാലക്‌സി S4 എന്ന സ്മാർട്ട് ഫോൺ എട്ടു കോടി സെറ്റുകൾ വിറ്റുപോയി. 

 

When Lee Kun Hee the hermit king who transformed Samsung passes away

 

സാംസങിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിരാശകളിൽ ഒന്ന് 2005 -ൽ, തങ്ങളുടെ സ്റ്റാർട്ട് അപ്പ് ഓപ്പറേറ്റിങ് സിസ്റ്റം ആയ 'ആൻഡ്രോയിഡ്'മായി ആൻഡി റൂബിനും സംഘവും ആദ്യം ചെന്നത് ദക്ഷിണ കൊറിയയിലേക്കാണ്. അവിടെ ഇരുപതു പേരടങ്ങുന്ന സാംസങ് സംഘത്തിന് മുന്നിലാണ് അവർ ആദ്യമായി തങ്ങളുടെ ബിസിനസ് പ്രൊപ്പോസൽ വെച്ചതും, ഏറ്റെടുക്കാമോ എന്ന് ചോദിച്ചതും. എന്നാൽ, അന്ന് തികച്ചും അപ്രശസ്തരായിരുന്ന, തീരെ ചെറിയ ഒരു സ്റ്റാർട്ട് അപ്പ് സംരംഭം മാത്രമായിരുന്ന ആൻഡ്രോയിഡിന്റെ ടീമിനെ പരിഹസിച്ച് ഇറക്കി വിട്ടു സാംസങ്. രണ്ടാഴ്ചക്കു ശേഷം ആൻഡിയും സംഘവും ഗൂഗിൾ ഹെഡ് ക്വാർട്ടേഴ്‌സ് സന്ദർശിച്ച് അതേ ഓഫർ അവർക്കു മുന്നിലും വെച്ചുḶ. അന്ന് വെറും 50 മില്യൺ ഡോളറിനാണ് ഗൂഗിൾ ആൻഡ്രോയിഡിനെ ഏറ്റെടുക്കുന്നത്. ഗൂഗിളും ആൻഡ്രോയിഡും ചേർന്ന് വികസിപ്പിച്ചെടുത്ത ആൻഡ്രോയിഡ് സിസ്റ്റം 2008 ഒക്ടോബറിൽ റിലീസ് ചെയ്തതും, അത് പിന്നീട് സാംസങ് ഫോണുകളുടെ പോലും അവിഭാജ്യ ഘടകമായി മാറിയതും ഒക്കെ ചരിത്രത്തിന്റെ ഭാഗമാണ്.  അന്ന്, ആ അബദ്ധം പറ്റിയില്ലായിരുന്നു എങ്കിൽ, ആൻഡ്രോയിഡുകാരെ പുച്ഛിച്ച് ഇറക്കി വിട്ടില്ലായിരുന്നു എങ്കിൽ, ഒരു പക്ഷെ ഇന്ന് ഗൂഗിളിനേക്കാൾ എത്രയോ മുന്നിൽ ആയിരുന്നേനെ സാംസങ്. 

 

When Lee Kun Hee the hermit king who transformed Samsung passes away

 

ഫോർബ്‌സ് മാസികയുടെ പട്ടികയിൽ 21 ബില്യൺ ഡോളർ ആസ്തിയോടെ ദക്ഷിണ കൊറിയയിലെ ഏറ്റവും സമ്പന്നനായ വ്യാപാരിയാണ്. രണ്ടാം ലോകമഹായുദ്ധത്തിനും, പിന്നീട് ഉത്തര കൊറിയയുമായി നടന്ന യുദ്ധത്തിനും ശേഷം  ദക്ഷിണ കൊറിയ എന്ന രാജ്യത്തെ സാമ്പത്തിക അഭിവൃദ്ധിയിലേക്ക് നയിച്ച ലീയെ ചുറ്റിപ്പറ്റി വിവാദങ്ങളും എമ്പാടും ഉണ്ടായിരുന്നു. പ്രസിഡന്റ് റോ ടെ വൂനെ കൈക്കൂലി നൽകി സ്വാധീനിക്കാൻ ശ്രമിച്ചു, നികുതിവെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തി എന്ന കുറ്റാരോപണങ്ങൾ ഉണ്ടായപ്പോൾ 2008 -ൽ സാംസങ് ചെയർമാൻ സ്ഥാനം രാജിവെച്ചിറങ്ങിപ്പോകേണ്ടി വന്നിരുന്നു ലീക്ക്. ആ കുറ്റങ്ങളുടെ പേരിൽ കോടതി ലീക്ക് മൂന്ന് വർഷത്തെ ജയിൽ ശിക്ഷയും വിധിക്കയുണ്ടായി. 2009 -ൽ ആ കേസിൽ ലീക്ക് മാപ്പുനൽകാനുള്ള രാഷ്ട്രീയ തീരുമാനമുണ്ടായി. 2010 -ൽ ലീ സാംസങിന്റെ ചെയർമാൻ സ്ഥാനത്തേക്ക് തിരികെ വരികയും ചെയ്തു.

2014 -ൽ വന്ന ഒരു ഹൃദയാഘാതം ലീയെ ശയ്യാവലംബിയായി മാറ്റിയിരുന്നു. ബിസിനസ് രംഗത്ത് സജീവമായിരുന്ന കാലത്തുതന്നെ മാധ്യമങ്ങളോട് വളരെ കുറച്ചുമാത്രം സംസാരിച്ചിരുന്ന ലീ കുൻ-ഹീ, അറിയപ്പെട്ടിരുന്നത് 'രാജർഷി'(Hermit King) എന്ന വിളിപ്പേരിലായിരുന്നു. ലീ കുൻ-ഹീ എന്ന ഈ സാംസങ് മേധാവിയുടെ മരണത്തോടെ അസ്തമിക്കുന്നത് ദക്ഷിണ കൊറിയയുടെ തന്നെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട അധ്യായങ്ങളിൽ ഒന്നാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios