ഭാരത് പെട്രോളിയം വാങ്ങാന്‍ തയ്യാറാണെന്ന് തുറന്നുപറഞ്ഞ് കോര്‍പ്പറേറ്റ് ഭീമന്‍; താല്‍പര്യപത്രം ഉടന്‍
ബിപിസിഎല്ലിന്‍റെ ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉയർന്ന പ്രതിഷേധങ്ങളെ വകവയ്ക്കാതെയാണ് കേന്ദ്രസർക്കാർ തീരുമാനവുമായി മുന്നോട്ട് പോകുന്നത്.
കൊച്ചി: ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ വിൽപ്പനയുമായി ബന്ധപ്പെട്ട നടപടികൾ കേന്ദ്രസർക്കാർ വേഗത്തിലാക്കുന്നു. ഇതിനായുള്ള താത്പര്യപത്രം കേന്ദ്രസർക്കാർ ഉടൻ ക്ഷണിക്കും. അതേസമയം കമ്പനി ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് വേദാന്ത ഗ്രൂപ്പ് രംഗത്തെത്തിയിട്ടുണ്ട്.
ബിപിസിഎല്ലിൽ 53.29 ശതമാനം ഓഹരികളാണ് കേന്ദ്രസർക്കാരിനുള്ളത്. ഇത് വിറ്റഴിച്ച് 63000 കോടി സമാഹരിക്കാനാണ് നീക്കം. ബിപിസിഎൽ അടക്കം അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കാനുള്ള തീരുമാനം നവംബറിലാണ് കേന്ദ്രം അറിയിച്ചത്. ഇതിനെതിരെ വ്യാപക പ്രക്ഷോഭം ഉയർന്നിരുന്നു.
ബിപിസിഎല്ലിന്‍റെ ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉയർന്ന പ്രതിഷേധങ്ങളെ വകവയ്ക്കാതെയാണ് കേന്ദ്രസർക്കാർ തീരുമാനവുമായി മുന്നോട്ട് പോകുന്നത്. മാർച്ചിനുള്ളിൽ വിൽപ്പന നടക്കണം. ഇതിന് കുറഞ്ഞത് രണ്ട് മാസത്തെ സമയമെങ്കിലും വേണം. അതിനാലാണ് നടപടികൾ വേഗത്തിലാക്കുന്നത്.
ബിപിസിഎല്ലിന്റെ ഓഹരികൾ വാങ്ങാനുള്ള താത്പര്യം പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് വേദാന്ത ഗ്രൂപ്പ് എക്സിക്യുട്ടീവ് ചെയർമാൻ അനിൽ അഗർവാൾ. സൗദി കമ്പനിയായ അരാംകോ, റിലയൻസ് ഇന്റസ്ട്രീസ് തുടങ്ങിയ ഭീമന്മാരും ബിഡിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.