അനിൽ അംബാനിക്ക് എതിരെ പാപ്പരത്ത നടപടി: എസ്ബിഐയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി
അനില്‍ അംബാനിയുടെ രണ്ട് കമ്പനികള്‍ സ്റ്റേറ്റ് ബാങ്കില്‍ നിന്നെടുത്ത 1,200 കോടി രൂപയുടെ വായ്പ തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ടാണ് ദില്ലി ഹൈക്കോടതി സ്‌റ്റേ നല്‍കിയത്.
ദില്ലി: അനിൽ അംബാനിക്ക് എതിരായ പാപ്പരത്ത നടപടികൾക്കുള്ള സ്റ്റേ മാറ്റണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐ സുപ്രിം കോടതിയിൽ നൽകിയ ഹർജി തള്ളി. ദില്ലി ഹൈക്കോടതി നടപടികളുമായി ബന്ധപ്പെട്ട് അനുവദിച്ച സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.
ഒക്ടോബര്‍ ആറിന് ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി ദില്ലി ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ എസ്ബിഐയ്ക്ക് ഹര്‍ജിയില്‍ മാറ്റംവരുത്താമെന്നും കോടതി വ്യക്തമാക്കി.
അനില്‍ അംബാനിയുടെ രണ്ട് കമ്പനികള്‍ സ്റ്റേറ്റ് ബാങ്കില്‍ നിന്നെടുത്ത 1,200 കോടി രൂപയുടെ വായ്പ തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ടാണ് ദില്ലി ഹൈക്കോടതി സ്‌റ്റേ നല്‍കിയത്. അനില്‍ അംബാനിക്ക് എതിരായ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഓഗസ്റ്റ് അവസാനമാണ് ദില്ലി ഹൈക്കോടതി ഉത്തരവിട്ടത്.
ആര്‍കോം, റിലയന്‍സ് ഇന്‍ഫ്രടെല്‍ എന്നീ കമ്പനികള്‍ക്ക് എസ്ബിഐ നല്‍കിയ വായ്പകള്‍ക്ക് 2016 ല്‍ അനില്‍ അംബാനി വ്യക്തിഗത ഗ്യാരണ്ടി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ വ്യക്തിഗത സ്വത്തില്‍ നിന്നും വായ്പാ തുക തിരിച്ചുപിടിക്കാനുളള നടപടികള്‍ സ്റ്റേറ്റ് ബാങ്ക് തുടങ്ങിയത്.