വീണ്ടും സാംസങ് ഒന്നാമത് ! ഒന്നാം സ്ഥാനം തിരികെ പിടിച്ച് ദക്ഷിണ കൊറിയൻ കമ്പനി
ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപനയും 2018 ന് ശേഷം ഏറ്റവും ഉയർന്ന വിപണി സ്വാധീനവും സാംസങ് നേടി.
ദില്ലി: ഇന്ത്യയിലെ മൊബൈൽ നിർമാണ കമ്പനികളിൽ മുന്നിൽ സാംസങ്. സെപ്റ്റംബറിൽ അവസാനിച്ച പാദവാർഷിക കണക്കിലാണ് ചൈനീസ് കമ്പനി ഷവോമിയെ മറികടന്ന് ദക്ഷിണ കൊറിയൻ കമ്പനി മുന്നിലെത്തിയത്. ഏപ്രിൽ- ജൂൺ പാദത്തിൽ ഷവോമിയുമായുള്ള അകലം കുറച്ച് സാംസങ് നേട്ടമുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കുറി ഒന്നാം സ്ഥാനത്തേക്ക് കമ്പനി തിരിച്ചെത്തിയത്.
ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപനയും 2018 ന് ശേഷം ഏറ്റവും ഉയർന്ന വിപണി സ്വാധീനവും സാംസങ് നേടി. ഇന്ത്യൻ വിപണിയിലെ നേട്ടം സാംസങിന് ആഗോള തലത്തിലും നേട്ടം ഉണ്ടാക്കിക്കൊടുത്തു. 22 ശതമാനമാണ് സാംസങിന്റെ ആഗോള വിപണിയിലെ ഇപ്പോഴത്തെ നില. രണ്ടാം സ്ഥാനത്തുള്ള ഹുവാവെയുടെ വിപണിയിലെ സ്വാധീനം 16 ശതമാനത്തിലേക്ക് ഇടിഞ്ഞു. മൂന്നാം സ്ഥാനത്തുള്ള ആപ്പിളിന് 12 ശതമാനം വിപണി സ്വാധീനമാണ് ഉള്ളത്. ഹുവാവെയെ കാത്തിരിക്കുന്നത് നഷ്ടങ്ങളുടെ കാലമാണ് എന്നാണ് വിലയിരുത്തൽ.
ഗൽവാൻ താഴ്‌വരയിലെ സംഘർഷത്തിന് ശേഷം ചൈനീസ് കമ്പനികൾക്ക് എതിരെ ഇന്ത്യയിൽ ശക്തമായ ജനരോഷം ഉയർന്നത് സ്മാർട്ട്ഫോൺ കമ്പനികൾക്ക് തിരിച്ചടിയായി. ചൈനീസ് ബ്രാൻഡുകളുടെ ഇന്ത്യയിലെ സംയോജിത സ്വാധീനം മാർച്ച് പാദത്തിൽ 81ശതമാനം ആയിരുന്നത് ജൂൺ പാദത്തിൽ 72 ശതമാനമായി ഇടിഞ്ഞു. സാംസങിന് ആവശ്യക്കാർ ഏറി. മാർച്ച് പാദത്തിൽ 16 ശതമാനം വിപണി സ്വധീനമായിരുന്നത് ജൂൺ പാദം അവസാനിച്ചപ്പോൾ 26 ശതമാനമായി.