ഇനി ആര്‍ക്കും മാന്‍ഹോളില്‍ ഇറങ്ങേണ്ടി വരില്ല; വന്‍ തോതില്‍ ബാന്‍ഡിക്കൂട്ടുകള്‍ വിപണിയിലേക്ക് വരുന്നു
മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതിന് മനുഷ്യരെ ഒഴിവാക്കി റോബോട്ടുകളെ ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് മിഷന്‍റോബോഹോള്‍ എന്ന ദൗത്യവുമായി മുന്നോട്ടുപോകുകയാണ് ജെന്‍ റോബോട്ടിക്സ്. രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലധികം ഇത് പ്രയോഗത്തില്‍ വരുത്തിയിട്ടുണ്ട്.
തിരുവനന്തപുരം: മാന്‍ഹോള്‍ വൃത്തിയാക്കുന്ന ബാന്‍ഡിക്കൂട്ട് എന്ന റോബോട്ടിന്‍റെ വന്‍തോതിലുള്ള ഉല്പാദനത്തിന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ (കെഎസ് യുഎം) മേല്‍നോട്ടത്തിലുള്ള ജെന്‍ റോബോട്ടിക്സ് ഇന്നൊവേഷന്‍സും ടാറ്റാ ബ്രബോയും ധാരണയായി.
മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതിന് ലോകത്തില്‍ ആദ്യമായി റോബോട്ടിനെ വികസിപ്പിച്ച സ്ഥാപനമാണ് ജെന്‍ റോബോട്ടിക്സ്. പ്രസക്തമായ സാമൂഹിക പ്രശ്നങ്ങള്‍ക്ക് റോബോട്ടിക്സിലൂടെ പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ 2015ലാണ് തിരുവനന്തപുരം ആസ്ഥാനമായി ജെന്‍ റോബോട്ടിക്സ് സ്ഥാപിതമായത്. മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതിന് മനുഷ്യരെ ഉപയോഗിക്കുന്ന നിലവിലുള്ള ഹാനികരമായ രീതി 2020തോടെ ഇന്ത്യയില്‍ നിന്നു അവസാനിപ്പിക്കുന്നതിനാണ് സ്ഥാപനം ഊന്നല്‍ നല്‍കുന്നത്.
മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതിന് മനുഷ്യരെ ഒഴിവാക്കി റോബോട്ടുകളെ ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് മിഷന്‍റോബോഹോള്‍ എന്ന ദൗത്യവുമായി മുന്നോട്ടുപോകുകയാണ് ജെന്‍ റോബോട്ടിക്സ്. രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലധികം ഇത് പ്രയോഗത്തില്‍ വരുത്തിയിട്ടുണ്ട്.
ഇന്ത്യയുടെ ആദ്യ തദ്ദേശീയ റോബോട്ട് ഉല്‍പ്പാദക കമ്പനിയായ ടാറ്റാ ബ്രബോയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ബ്രബോ റോബോട്ടിക്സ് ആന്‍ഡ് ഓട്ടോമേഷന്‍ ലിമിറ്റഡ്. ടാറ്റാ മോട്ടോര്‍സ് ലിമിറ്റഡിന്‍റെ സഹസ്ഥാപനമാണിത്.
അഞ്ജനി മഷെല്‍ക്കര്‍ ഫൗണ്ടേഷന്‍റെ പ്രശസ്ത അഞ്ജനി മഷെല്‍ക്കര്‍ ഇന്‍ക്യൂസീവ് ഇന്നൊവേഷന്‍ അഖിലേന്ത്യാ പുരസ്കാരം ഈയിടെ ജെന്‍ റോബോട്ടിക്സ് സ്വന്തമാക്കിയിരുന്നു.