ഡിപ്പോസിറ്റ് സർട്ടിഫിക്കറ്റ് കണ്ട് സംശയം തോന്നി, ആശങ്ക വേണ്ടെന്ന് അവർ പറഞ്ഞു; വായ്പയായി വകമാറ്റിയും തട്ടിപ്പ്
തട്ടിപ്പിന് ഇരയായവരിൽ മുതിർന്ന പൗരന്മാരുടെ എണ്ണം വളരെ കൂടുതലാണ്.
പോപ്പുലർ ഫിനാൻസ് തട്ടിപ്പിനായി സ്ഥാപന ഉടമകൾ ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് (എൽഎൽപി) മാതൃക സ്വീകരിച്ചതിന് പിന്നിൽ വൻ ഗൂഢാലോചന. പോപ്പുലർ ഫിനാൻസിലാണ് ആളുകൾ നിക്ഷേപം നടത്തിയതെങ്കിലും വിവിധ എൽഎൽപികളുടെ പേരിലുളള സർട്ടിഫിക്കറ്റുകളായിരുന്നു സ്ഥാപനം നൽകിയിരുന്നത്.
നിക്ഷേപകരായി എത്തുന്നവരെ തന്ത്രത്തിൽ പോപ്പുലറിന്റെ 21 ഓളം എൽഎൽപികളിൽ പങ്കാളിയാക്കുകയാണ് സ്ഥാപന ഉടമകൾ ചെയ്തിരുന്നത്. പ്രസ്തുത എൽഎൽപികൾക്ക് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ അത് സംരംഭത്തിന്റെ പങ്കാളിയുടെയും കൂടി നഷ്ടമായി മാറും. ഇത്തരത്തിൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന നിയമ പ്രശ്നങ്ങൾ ഒഴിവാക്കാനാണ് റോയിയും കുടുംബവും പദ്ധതിയിട്ടത്. റോയിയും കുടുംബവും തട്ടിപ്പ് ആസൂത്രണത്തിന്റെ ഭാഗമായി ചിലരിൽ നിന്ന് ഉപദേശങ്ങൾ സ്വീകരിച്ചതായാണ് റിപ്പോർട്ടുണ്ട്.
നിക്ഷേപം സ്വീകരിക്കുന്നതിന് റിസർവ് ബാങ്കിന്റെ വിലക്കുളള ഫിനാൻസ് അത് മറച്ചുവച്ചാണ് 21 എൽഎൽപികളിലൂടെ അതിഗുരുതര സാമ്പത്തിക തട്ടിപ്പാണ് നടത്തിയത്. റോയി തോമസ് പത്തനംതിട്ട സബ് കോടതിയിൽ സമർപ്പിച്ചിരിക്കുന്ന പാപ്പർ ഹർജിയിൽ ഈ എൽഎൽപികൾ നഷ്‌ടത്തിലാണെന്നാണ് വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ നിരവധി നിക്ഷേപകരാണ് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി പരാതിക്കാരായി പോലീസിനെ സമീപിക്കുന്നത്. തുടർന്നുളള ദിവസങ്ങളിലും നിരവധി പേർ പോലീസീനെ സമീപിക്കുമെന്നാണ് ലഭിക്കുന്ന സൂചന. തട്ടിപ്പിന് ഇരയായ മിക്ക നിക്ഷേപകരും ബാങ്കുകളിൽ സുരക്ഷിതമായി നിക്ഷേപിച്ചിരുന്ന പണം സൗഹൃദത്തിലൂടെയും വലിയ പലിശ വാഗ്ദാനം ചെയ്തും ശാഖ മനേജർമാരും സ്ഥാപന ഉടമകളും ഫിനാൻസിൽ എത്തിക്കുകയായിരുന്നു. തട്ടിപ്പിന് ഇരയായവരിൽ മുതിർന്ന പൗരന്മാരുടെ എണ്ണം വളരെ കൂടുതലാണ്. ജോലി ചെയ്തിരുന്ന കാലത്ത് സമ്പാദിച്ച തങ്ങളുടെ പണമാണ് മിക്കവരും ഭാവി ജീവിതത്തിനായും മക്കളുടെ വിദ്യാഭ്യാസം, കല്യാണം തുടങ്ങിയ ആവശ്യങ്ങൾക്കായും ഫിനാൻസിൽ നിക്ഷേപിച്ചിരുന്നത്.
സംശയം ഉന്നയിച്ചു, ആശങ്ക വേണ്ടെന്ന് അവർ പറഞ്ഞു...
ബാംഗ്ലൂർ അടക്കമുളള കേരളത്തിന് പുറത്തെ ഫിനാൻസിന്റെ ശാഖകളിൽ 2020 ഫെബ്രുവരി മാസത്തോടെ തന്നെ പ്രതിസന്ധി രൂക്ഷമായിരുന്നതയാണ് ലഭിക്കുന്ന വിവരങ്ങൾ. ഫെബ്രുവരി മാസം മുതൽ വാഗ്ദാനം ചെയ്ത പലിശ നൽകാൻ ഫിനാൻസ് വിസമ്മതിച്ചിരുതായി നിക്ഷേപകർ പറയുന്നു. കാലവധി പൂർത്തിയായ നിക്ഷേപം തിരികെ ചോദിച്ച് ശാഖയെ സമീപിച്ചവരോട് ഒരു മാസ അവധി ചോദിച്ച ശേഷം, അവരുടെ അനുവാദം ഇല്ലാതെ വീണ്ടും അവ നിക്ഷേപമാക്കി മാറ്റിയതായി നിക്ഷേപകർ പറയുന്നു. ഇതിന് ഡിപ്പോസിറ്റ് സർട്ടിഫിക്കറ്റ് നൽകാൻ ചില ശാഖ മാനേജർമാർ ശ്രമിക്കുകയും ചെയ്തു. കേരളത്തിന് പുറത്തെ ചില പോപ്പുലർ ഫിനാൻസ് ശാഖകൾ ഇപ്പോഴും തുറന്ന് പ്രവർത്തിക്കുന്നതായി നിക്ഷേപകർ പറയുന്നു.
"പണം തിരികെ ചോദിച്ചപ്പോൾ ആദ്യമൊക്കെ മാനേജർക്ക് പ്രതികരണം ഉണ്ടായിരുന്നില്ല. ഞങ്ങളുടെ അനുവാദമില്ലാതെ നിക്ഷേപം പുതുക്കുകയും ചെയ്തു. 2020 ഫെബ്രുവരിയിൽ നിക്ഷേപം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു. അന്ന് ഒരു മാസത്തിനകം നിക്ഷേപം തിരികെ നൽകാമെന്ന് പറഞ്ഞെങ്കിലും, പിന്നീട് ബ്രാഞ്ച് മാനേജറോ മറ്റ് ജീവനക്കാരോ അതിന് തയ്യാറായില്ല," നിക്ഷേപകയായ അഞ്ജു ക്രിസ്റ്റി തോമസ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു.
"മേരി റാണി ട്രേഡിംഗ്, പോപ്പുലർ ട്രേഡേഴ്സ്, പോപ്പുലർ ഡീലേഴ്സ്, മൈ പോപ്പുലർ മറൈൻ പ്രൊഡക്ട്സ് എൽഎൽപി തുടങ്ങിയ പേരുകളിലാണ് ഞങ്ങൾക്ക് നിക്ഷേപ സർട്ടിഫിക്കറ്റ് നൽകിയിരുന്നത്. അന്ന് ഡിപ്പോസിറ്റ് സർട്ടിഫിക്കറ്റിൽ ഓഹരി വിഹിതം എന്ന് എഴുതിയിരിക്കുന്നതുകണ്ട് എന്റെ പിതാവ് ജീവനക്കാരോട് സംശയം ഉന്നയിച്ചിരുന്നു. 12 ശതമാനം വച്ച് പലിശ ലഭിക്കും നിങ്ങൾക്ക്, ഷെയർ എന്ന് രേഖപ്പെടുത്തിയരിക്കുന്നത് കണ്ട് ആശങ്കപ്പെടേണ്ടെന്നാണ് പോപ്പുലർ ജീവനക്കാർ മറുപടിയായി പറഞ്ഞത്. ഞങ്ങളെ ചതിക്കുകയായിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത്," അഞ്ജു ക്രിസ്റ്റി തോമസ് കൂട്ടിച്ചേർത്തു.
അഞ്ജുവിനും കുടുംബത്തിനും 18 ലക്ഷം രൂപയാണ് തട്ടിപ്പിൽ നഷ്ടമായത്. കേരള പോലീസിൽ പരാതി നൽകി. നിക്ഷേപക കൂട്ടായ്മയുടെ ഭാഗമായി പണം തിരിച്ചു കിട്ടാനുളള നിയമ നടപടികളുമായി മുന്നോട്ട് പോവുകയാണ് അവരിപ്പോൾ.
വായ്പയായി വകമാറ്റിയും തട്ടിപ്പ്
"10 വർഷമായി പോപ്പുലറിന്റെ കസ്റ്റമറായിരുന്നു. പലിശ നിക്ഷേപത്തോടൊപ്പം ചേർക്കുകയായിരുന്നു പതിവ്. ഒരു ഘട്ടത്തിൽ ഇത് മുടങ്ങി, ചോദിച്ചപ്പോൾ കൊവിഡ് -19 പ്രതിസന്ധിയാണ് കാരണമായി ജീവനക്കാർ പറഞ്ഞത്. പോപ്പുലർ ട്രേഡേഴ്സ്, മൈ പോപ്പുലർ മറൈൻ പ്രൊഡക്ട്സ് എൽഎൽപി, എന്നിവയുടെ പേരിലാണ് ഡിപ്പോസിറ്റ് സർട്ടിഫിക്കറ്റുകൾ നൽകിയിരുന്നത്. പിന്നീട് വാർത്തകൾ കണ്ടപ്പോഴാണ് വലിയ തട്ടിപ്പ് നടന്നതായി അറിയാൻ കഴിഞ്ഞത്," ബാംഗ്ലൂർ മലയാളിയായ ഷിബു വർഗീസ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു.
ബാംഗ്ലൂർ മത്തിക്കെരെ ശാഖയിലായിരുന്നു ഷിബു വർഗീസ് പണം നിക്ഷേപിച്ചിരുന്നത്. കോന്നി പോലീസിന് ഇ -മെയിൽ വഴി അദ്ദേഹം പരാതി സമർപ്പിച്ചിട്ടുണ്ട്.
നിക്ഷേപകരിൽ നിന്ന് എൽഎൽപികൾ വഴി സമാഹരിച്ച പണം നിയമപരമായ ചില അക്കൗണ്ടുകളിലേക്ക് സ്ഥാപന ഉടമകൾ മാറ്റുകയും, അതിൽ നിന്ന് പണം വായ്പയായി വകമാറ്റിയും റോയിയും കുടുംബവും തട്ടിപ്പ് നടത്തി. ഇത്തരത്തിൽ വായ്പയുടെ രൂപത്തിൽ വകമാറ്റിയിരുന്ന തുക പലരിലേക്കാണ് എത്തിയതെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. ഇത്തരത്തിൽ അരിലേക്കൊക്കെയാണ് പണം വകമാറ്റിയതെന്ന് പോലീസ് അന്വേഷിച്ചുവരുകയാണ്. കമ്പനിയുടെ മുൻ ഉദ്യോഗസ്ഥരായിരുന്ന ചിലരും തട്ടിപ്പ് നടത്തിയതായി സൂചനയുണ്ട്. ഫിനാൻസിലെ ചില ഉന്നത ഉദ്യോഗസ്ഥർ തട്ടിപ്പിന് എല്ലാ സഹായവും റോയിക്കും കുടുംബത്തിനും നൽകി ഒപ്പം നിന്നു. പോപ്പുലറിന്റെ ഉടമകളുടെ പേരുളള സ്വത്ത് വകകളിൽ ചിലത് കൈമാറ്റം ചെയ്തതായാണ് അന്വേഷണ സംഘം കണ്ടെത്തിയത്. റോയിയുടെയും കുടുംബത്തിന്റെയും സ്ഥാപനത്തിന്റെയും പേരിലുളള സ്വത്തുക്കളുടെ മൂല്യവും പോലീസ് കണക്കാക്കി വരുകയാണ്.