നെഗറ്റീവ് വളർച്ച രേഖപ്പെടുത്തിയിട്ടും പ്രവർത്തന തടസ്സം ഉണ്ടായില്ല: തട്ടിപ്പിന് ബിസിനസ് വിസയിലെ പഴുതുകളും !
രണ്ട് ലക്ഷം രൂപയുടെ ബിറ്റ്കോയിൻ ഇടപാട് സംബന്ധിച്ച വിവരങ്ങൾ മാത്രമാണ് പുറത്തുവന്നിട്ടുളളത്. കൂടുതൽ ഇടപാടുകൾ ഇത്തരത്തിൽ നടത്തിയെന്നും സൂചനയുണ്ട്.
പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പിൽ അധികാര കേന്ദ്രങ്ങളുടെ പിന്തുണ റോയി തോമസിനും കുടുംബത്തിനും ലഭിച്ചിട്ടുളളതായി സൂചന. 2014 മുതൽ പോപ്പുലർ ഫിനാനാൻസിന്റെ ഓഡിറ്റ് റിപ്പോർട്ടുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത് നെഗറ്റീവ് വളർച്ചയാണ്. ഇതാണ് അധികാര കേന്ദ്രങ്ങളുടെ സഹായം സ്ഥാപനത്തിന് ലഭിച്ചിട്ടുളളതായി സംശയം വർധിപ്പിക്കുന്ന പ്രധാന കാരണം. ഈ വഴിക്കുളള എൻഫോഴ്സ്മെന്റ്, പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
സ്ഥാപനം തകർച്ചയിലാണെന്ന തരത്തിലുളള ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നിട്ടും 2020 വരെ സ്ഥാപനത്തിന് പ്രവർത്തിക്കാനായി എന്നത് അത്ഭുതപ്പെടുത്തുന്ന വസ്തുതയാണ്. രാജ്യത്തിന് പുറത്തേക്ക് ബിസിനസ് വിസയിൽ യാത്ര നടത്തുന്നവർക്ക് 25,000 ഡോളർ കൈവശം വയ്ക്കാമെന്ന നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് പോപ്പുലർ ഉടമകൾ പണം വിദേശത്തേക്ക് കടത്തിയതായാണ് പുറത്തുവരുന്ന വിവരം. പോപ്പുലർ നിക്ഷേപത്തട്ടിപ്പ് സംബന്ധിച്ച് എൻഫോഴ്സ് ഡയറക്ട്രേറ്റ് (ഇഡി) അടുത്ത ദിവസങ്ങളിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്തേക്കും. ഇതിനായി ഇഡി പുതിയ കേസ് രജിസ്റ്റർ ചെയ്തേക്കുമെന്നാണ് സൂചന.
ഇന്റർനെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ഡിജിറ്റൽ നാണയമായ ബിറ്റ്കോയിനിലൂടെയും പ്രതികൾ നിക്ഷേപം വകമാറ്റിയിട്ടുണ്ട്. പ്രതികളിൽ ഒരാൾ ഇതുസംബന്ധിച്ച് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തൽ നടത്തി. എന്നാൽ, രണ്ട് ലക്ഷം രൂപയുടെ ബിറ്റ്കോയിൻ ഇടപാട് സംബന്ധിച്ച വിവരങ്ങൾ മാത്രമാണ് പുറത്തുവന്നിട്ടുളളത്. കൂടുതൽ ഇടപാടുകൾ ഇത്തരത്തിൽ നടത്തിയെന്നും സൂചനയുണ്ട്. പ്രതികൾ നടത്തിയ വസ്തു ഇടപാടുകളും വാഹനങ്ങൾ വാങ്ങിയതിനും ഉപയോഗിച്ച പണത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല.
ജീവനക്കാരും പ്രതികളാകും
കേന്ദ്ര നിക്ഷേപ സംരക്ഷണ നിയമപ്രകാരം ജീവനക്കാർ കൂടി തട്ടിപ്പിൽ പ്രതികളായി വരുന്നതോടെ വരും ദിവസങ്ങളിൽ കൂടുതൽ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയേക്കും. ഇതോടെ നിക്ഷേപം വകമാറ്റിയത് സംബന്ധിച്ച് കൂടുതൽ വ്യക്ത വരുമെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ വിശ്വാസം. മാപ്പ് സാക്ഷിയാകാൻ ചില ഉദ്യോഗസ്ഥർ തയ്യാറായതായും റിപ്പോർട്ടുകളുണ്ട്.
ഉയർന്ന തോതിൽ നിക്ഷേപം സമാഹരിക്കാനുളള തന്ത്രത്തിന്റെ ഭാഗമായി മാനേജർമാരെ ഒപ്പം നിർത്തുകയെന്ന പദ്ധതിയാണ് ഉടമകൾ നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി നിക്ഷേപം സമാഹരിക്കുന്ന മാനേജർമാർക്ക് ഉയർന്ന തുക കമ്മീഷനായി നൽകിയിരുന്നു. ഇത് തട്ടിപ്പിന്റെ വ്യാപ്തി വർധിക്കാനിടയാക്കി. 12 ശതമാനം മുതൽ 15 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുമ്പോഴും നിക്ഷേപം തിരികെ നൽകാൻ കഴിയില്ലെന്ന ഉത്തമ ബോധ്യം ഫിനാൻസ് ഉടമകൾക്കുണ്ടായിരുന്നു.
സിബിഐ ഏറ്റെടുക്കണം
പരമാവധി പണം സമാഹരിച്ച് വിദേശത്തേക്ക് രക്ഷപെടാനായിരുന്നു റോയിയുടെയും കുടുംബത്തിന്റെയും പദ്ധതി. പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ കൂടുതൽ അറസ്റ്റിനും സാധ്യതയുളളതായാണ് വിവരം. പത്തനംതിട്ട വകയാറിലുളള പോപ്പുലർ ഫിനാൻസ് ഹെഡ് ഓഫീസിന് മുന്നിൽ ധരണ സംഘടിപ്പിച്ചുകൊണ്ട് നീതി തേടിയുളള സമരം ശക്തിപ്പെടുത്തനാണ് ആക്ഷൻ കൗൺസിലിന്റെ തീരുമാനം.
CBI ഉടൻ തന്നെ പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് ഏറ്റെടുക്കുക, സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച കേസ് കൈകാര്യം ചെയ്യാൻ സ്പെഷ്യൽ കോടതി ഉടൻ അനുവദിക്കുക, നിക്ഷേപകർ നൽകുന്ന പരാതിയിൽ FIR എടുക്കാനുള്ള കാലതാമാസം പോലീസ് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ആക്ഷൻ കൗൺസിൽ മുന്നോട്ടുവയ്ക്കുന്നത്. പോപ്പുലർ ഫിനാൻസ് ഡയറക്ടർ ബോർഡ് അംഗങ്ങൾക്കൊപ്പം തട്ടിപ്പിന് കൂട്ടുനിന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥരെയും അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും അവരിൽ നിന്ന് എത്രയും പെട്ടെന്ന് മൊഴിയെടുക്കണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെടുന്നു.