തട്ടിപ്പ് കമ്പനികൾക്കൊപ്പം റിയൽ എസ്റ്റേറ്റ് ഇടപാടുകളും: പോപ്പുലർ നിക്ഷേപത്തട്ടിപ്പിന് പിന്നിൽ വൻ ആസൂത്രണം

പോപ്പുലർ ഫിനാൻസിന്റെയും മറ്റ് എൽഎൽപികളുടെയും മറവിൽ റോയിയും കുടുംബവും നടത്തിയത് ആസൂത്രണത്തോടെയുളള വൻ തട്ടിപ്പാണെന്ന് അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്ന ഐ ജി ഹർഷിത അട്ടല്ലൂരി പറഞ്ഞു. 

popular finance fraud case roy and family cheat investors through llp companies

പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ കേരളത്തിന് സമാനമായി മറ്റ് സംസ്ഥാനങ്ങളിലും നിക്ഷേപകരുടെ പരാതികൾ കൂടി വരികയാണ്. കേരളത്തിന് പുറമേ കർണാടകം, തമിഴ്നാട്, ആന്ധ്രപ്രദേശ്, ദില്ലി തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം പോപ്പുലർ ഫിനാൻസിന് ശാഖകളുണ്ട്. പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങളു‌‍ടെ ഭാ​ഗമായി പോലീസ് ദില്ലിയിലും മറ്റ് സംസ്ഥാനങ്ങളിലും പോയി തെളിവ് ശേഖരിക്കുമെന്നാണ് റിപ്പോർട്ടുകൾ. 

പോപ്പുലർ ഫിനാൻസ് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ബാം​ഗ്ലൂർ യശ്വന്തപുര പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പോപ്പുലർ ഫിനാൻസിന്റെ മത്തിക്കെരെ ബ്രാഞ്ചിതെതിരെ മലയാളിയായ പ്രേംകുമാർ എന്ന വ്യക്തിയാണ് പരാതി നൽകിയത്. തന്റെ 32 ലക്ഷം രൂപ തട്ടിച്ചു എന്ന് ആരോപിച്ചാണ് അദ്ദേഹം പോലീസിനെ സമീപിച്ചത്. മറ്റ് നിരവധി പേർ പരാതിയുമായി പോലീസിനെ സമീപിച്ചെങ്കിലും കർണാടക പോലീസ് പരാതി ഫയലിൽ സ്വീകരിച്ചില്ലെന്ന ആരോപണമുണ്ട്. ഇതിനെ തുടർന്ന് പ്രതിസന്ധിയിലായ നിക്ഷേപകരുടെ വാട്സാപ്പ് കൂട്ടായ്മ ബാം​ഗ്ലൂർ സിറ്റി പോലീസ് കമ്മീഷണറെ സമീപിച്ചിട്ടുണ്ട്. 

കർണ്ണാടകയിൽ നിന്ന് ആയിരത്തോളം നിക്ഷേപകരുടെ 200 കോടിയോളം രൂപ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ബാം​ഗ്ലൂരിലെ ചില നിക്ഷേപകർ ഓൺലൈനായി കോന്നി പോലീസിനും പരാതി നൽകിയിട്ടുണ്ട്. 

തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ റോയിക്കും കുടുംബത്തിനും ഭൂമി ഇടപാടുകളുണ്ട്. വിവിധ ബാങ്കുകളിലെ രഹസ്യ അക്കൗണ്ടുകളിൽ ഇവർ പണം നിക്ഷേപിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പണം ഇവർ പല മാർ​ഗത്തിലൂടെ ഓസ്ട്രേലിയയിലേക്ക് കടത്തിയെന്നാണ് കരുതുന്നത്. മുൻപ് ഇവർ ഓസ്ട്രേലിയയിൽ നിന്ന് പഴയ കംപ്യൂട്ടർ ഇറക്കുമതി ചെയ്യുന്ന ബിസിനസ് നടത്തിയിരുന്നു. കംപ്യൂട്ടർ  ഇടപാടിലൂടെ ആറ് കോടിയോളം രൂപ പ്രതികൾക്ക് ലഭിച്ചു. 

അന്വേഷണം മറ്റ് രാജ്യങ്ങളിലേക്കും

ഇതിന് പിന്നാലെയാണ് ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് കമ്പനികൾ (എൽഎൽപി) രൂപീകരിച്ച് പണം തട്ടാൻ റോയിയും കുടുംബവും ആസൂത്രണം നടത്തിയത്. ഇതിനിടെ കേസ് സിബിഐക്ക് വിടണമെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ഇതിൽ ഹൈക്കോ‌ടതി സംസ്ഥാന പോലീസിനോട് വിശദീകരണം തേടിയിരുന്നു. കോടതി വിശദീകരണം തേടിയ സാഹചര്യത്തിൽ അന്വേഷണ പുരോഗതിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു.

പോപ്പുലർ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസിന് മുന്നിൽ അനേകം പരാതികളാണ് ദിനംപ്രതി എത്തുന്നത്. പോപ്പുലർ ഫിനാൻസിന്റെയും മറ്റ് എൽഎൽപികളുടെയും മറവിൽ റോയിയും കുടുംബവും നടത്തിയത് ആസൂത്രണത്തോടെയുളള വൻ തട്ടിപ്പാണെന്ന് അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്ന ഐ ജി ഹർഷിത അട്ടല്ലൂരി പറഞ്ഞു. പ്രതികൾ ഓസ്ട്രേലിയ കൂടാതെ മറ്റ് രാജ്യങ്ങളിൽ നടത്തിയ നിക്ഷേപം സംബന്ധിച്ചും അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും, നിക്ഷേപകർക്ക് എപ്പോൾ പണം ലഭിക്കുമെന്ന് ഇപ്പോൾ പറയാൻ ആകില്ലെന്നും ഹർഷിത അട്ടല്ലൂരി കൂട്ടിച്ചേർത്തു. 

ഇവർ സംസ്ഥാനത്തിന് അകത്തും പുറത്തും വലിയ തോതിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പല രേഖകളുടെ മറ്റ് ഇടങ്ങളിലേക്ക് റോയിയും കുടുംബവും മാറ്റിയതായാണ് സൂചന. വിവിധ സംസ്ഥാനങ്ങളിലായി 2,000 കോടി രൂപയുടെ വൻ തട്ടിപ്പ് പോപ്പുലർ ഉടമകൾ നടത്തിയതായാണ് പോലീസിന് അന്വേഷണത്തിൽ ബോധ്യമായത്. 

പാപ്പർ ഹർജിക്ക് നോട്ടീസ് അയക്കും

പോപ്പുലർ ഫിനാൻസ് ഉടമകൾ നൽകിയ പാപ്പർ ഹർജിയിൽ നിക്ഷേപകർക്ക് കോടതി നോട്ടീസ് അയക്കും. പത്തനംതിട്ട സബ് കോടതിയാണ് നോട്ടീസ് അയക്കുക. സ്ഥാപന ഉടമകളുടെ ബിനാമി ഇടപാടുകളും കോടതി പരിശോധിക്കും. ഇന്ത്യൻ പാർട്ണഷിപ്പ് ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്ത ഏഴ് കമ്പനികളുടെ പേരിലാണ് പോപ്പുലർ ഉടമകൾ പാപ്പർ ഹർജി നൽകിയിരിക്കുന്നത്. അമ്പതിനായിരം നിക്ഷേപകരെ എതിർകക്ഷികളാക്കിയാണ് പാപ്പർ ഹർജി. മുഴുവൻ കക്ഷികൾക്കും നോട്ടീസ് അയക്കാനാണ് കോടതിയുടെ തീരുമാനം.

കേസുമായി ബന്ധപ്പെട്ട് വിവിധ പോലീസ് സ്റ്റേഷനുകളിലായി ലഭിക്കുന്ന പരാതികൾ കോന്നിയിൽ രജിസ്റ്റർ ചെയ്ത കേസുമായി ചേർത്താണ് പോലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. ബാം​ഗ്ലൂരിൽ നിന്നും ഓൺലൈൻ വഴി ലഭിച്ച പരാതികളും ഇത്തരത്തിൽ കോന്നിയിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ചേർത്തിട്ടുണ്ടെന്നാണ് കേരള പോലീസിൽ നിന്ന് പരാതിക്കാർക്ക് ലഭിച്ച മറുപടി.  

കേസ് പരിഗണിക്കുന്ന കോടതി നിക്ഷേപകർക്ക് നിക്ഷേപം സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ അവസരം ഒരുക്കും. മാധ്യമങ്ങളിൽ പരസ്യം നൽകി വിഷയം പൊതു അറിവിൽ കൊണ്ടു വരും. ഹർജിക്കാരുടെ ആസ്തിയും ബാധ്യതയും കോടതി തിട്ടപ്പെടുത്തും. ഇതിൽ ബാധ്യതയാണ് നിലനിൽക്കുന്നതെങ്കിൽ പോപ്പുലർ ഉടമകളെ പാപ്പരായി പ്രഖ്യാപിക്കും. 

അതേസമയം പാപ്പർ ഹർജി നൽകുന്നതിന് മുമ്പ് ഹർജിക്കാർ വസ്തുവകകൾ അടുപ്പക്കാരുടെ പേരിലേക്ക് മാറ്റിയിട്ടുണ്ടോ എന്നും പരിശോധിക്കും. ഈ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഹർജിക്കാരന്റെ ആസ്തികൾ ലേലം ചെയ്ത് ആനുപാതിക തുക മാത്രമായിരിക്കും വഞ്ചിതരായ നിക്ഷേപകർക്ക് ലഭിക്കുക. എന്നാൽ കോടതിയിലെ ഈ നടപടികൾ പൂർത്തിയാകാൻ വർഷങ്ങൾ വേണ്ടിവരുമെന്നാണ് നിയമ വിദഗ്ധർ പറയുന്നത്.  

      

Latest Videos
Follow Us:
Download App:
  • android
  • ios