നേട്ടം തുടരുമോ?, വന്‍ പ്രതീക്ഷയില്‍ പാസഞ്ചര്‍ വാഹന നിര്‍മാതാക്കള്‍; ഒക്ടോബര്‍ മാസത്തിലെ കണക്കുകള്‍ ഇങ്ങനെ
നടപ്പുവര്‍ഷം ഏപ്രില്‍-ഒക്ടോബര്‍ കാലയളവിൽ പാസഞ്ചർ വാഹന വിൽപ്പനനഷ്ടം 20 ശതമാനമാണ്. കഴിഞ്ഞമാസം പാസഞ്ചര്‍ വാഹന ഉത്പാദനം 21.14 ശതമാനവും കയറ്റുമതി 2.18 ശതമാനവും ഇടിഞ്ഞു.
മുംബൈ: ദീപാവലി ഉത്സവകാലത്തിന്റെ പിന്‍ബലത്തോടെ പതിനൊന്ന് മാസത്തെ നഷ്ടക്കണക്ക് തിരുത്തിക്കൊണ്ടാണ് ഒക്ടോബറിൽ പാസഞ്ചർ വാഹന വിപണി നേരിയ നേട്ടമുണ്ടാക്കിയത്. ഒക്ടോബർ മാസത്തിൽ 0.28 ശതമാനമാണ് വിൽപ്പന കൂടിയിരിക്കുന്നത്. ഈ നേട്ടം നവംബറിലും തുടരുമെന്ന ശുഭപ്രതീക്ഷയിലാണിപ്പോള്‍ പാസഞ്ചര്‍ വാഹന നിര്‍മാതാക്കള്‍. 2018 ഒക്ടോബറിലെ 2.84 ലക്ഷം യൂണിറ്റുകളില്‍ നിന്ന് 2.85 ലക്ഷം യൂണിറ്റുകളിലേക്കാണ് കഴിഞ്ഞമാസം വില്പന ഉയര്‍ന്നതെന്ന് വാഹന നിര്‍മ്മാതാക്കളുടെ കൂട്ടായ്മയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി .
അതേസമയം, നടപ്പുവര്‍ഷം ഏപ്രില്‍-ഒക്ടോബര്‍ കാലയളവിൽ പാസഞ്ചർ വാഹന വിൽപ്പനനഷ്ടം 20 ശതമാനമാണ്. കഴിഞ്ഞമാസം പാസഞ്ചര്‍ വാഹന ഉത്പാദനം 21.14 ശതമാനവും കയറ്റുമതി 2.18 ശതമാനവും ഇടിഞ്ഞു. എല്ലാവിഭാഗം ശ്രേണികളിലുമായി വാഹന ഉത്പാദനത്തിൽ ഒക്ടോബറിലുണ്ടായ ഇടിവ് 26.22 ശതമാനമാണ്. ഒക്ടോബറില്‍ എല്ലാ വിഭാഗം ശ്രേണികളിലുമായി മൊത്തം വാഹന വില്പന 12.76 ശതമാനം ഇടിഞ്ഞു. 24.94 ലക്ഷം യൂണിറ്റുകളില്‍ നിന്ന് 21.76 ലക്ഷത്തിലേക്കാണ് വില്പന കുറഞ്ഞത്.
ആഭ്യന്തര കാര്‍ വില്പനയും ഒക്ടോബറിൽ 6.34 ശതമാനം താഴ്ന്നു. കഴിഞ്ഞമാസം വിറ്റുപോയത് 1.73 ലക്ഷം കാറുകള്‍ മാത്രമാണ്.അതേസമയം, യൂട്ടിലിറ്റി വാഹന വില്പന ഒക്ടോബറില്‍ 22.22 ശതമാനം ഉയര്‍ന്നു.കഴിഞ്ഞമാസം മൊത്തം ടൂവീലര്‍ വില്പന 14.43 ശതമാനവും മോട്ടോര്‍സൈക്കിൾ വില്പന 15.88 ശതമാനവും ഇടിഞ്ഞു. വാണിജ്യ വാഹന വില്പനയില്‍ വന്ന കുറവ് 23.31 ശതമാനവുമാണ്.