പുതിയ ഉടമകൾ ജെറ്റിനായി 2,000 കോടി മുടക്കുമെന്ന് റിപ്പോർട്ട്: 13 ൽ നിന്ന് 42 ലേക്ക് ഉയർന്ന് വിമാനക്കമ്പനി ഓ​ഹരി

ഈ സ്ലോട്ടുകളിൽ ചിലത് തിരികെ ലഭിക്കുന്നതിനെ കൂടി അടിസ്ഥാനമാക്കിയുള്ളതാണ് പുനരുജ്ജീവന പദ്ധതി. 

jet airways locked In nse Upper Circuit

ജെറ്റ് എയർവേസിന്റെ ഓഹരികൾ തിങ്കളാഴ്ച അഞ്ച് ശതമാനം ഉയർന്നു. മൾട്ടി മില്യൺ ഡോളർ റെസല്യൂഷൻ പ്ലാൻ പ്രകാരം വിമാനക്കമ്പനി കൈമാറ്റം ചെയ്യാൻ വായ്പാദാതാക്കളുടെ സമിതി അം​ഗീകരിച്ചതിന് പിന്നാലെയാണ് ഈ നേട്ടം. ജെറ്റ് എയർവേയ്സിനെ മൾട്ടി മില്യൺ ഡോളർ റെസല്യൂഷൻ പ്ലാൻ പ്രകാരം നിക്ഷേപകരുടെ ഒരു കൺസോർഷ്യം ഏറ്റെടുക്കും. 

ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ജെറ്റ് എയർവേസ് ഓഹരികൾ അഞ്ച് ശതമാനം ഉയർന്ന് 42.20 എന്ന അപ്പർ സർക്യൂട്ടിലേക്ക് എത്തി. കഴിഞ്ഞ എട്ട് സെഷനുകളിലായി ജെറ്റ് എയർവേസ് സ്റ്റോക്ക് 47 ശതമാനം ഉയർന്നു. ലണ്ടൻ ആസ്ഥാനമായുള്ള കൽറോക്ക് ക്യാപിറ്റലിന്റെയും യുഎഇ ആസ്ഥാനമായുള്ള ബിസിനസുകാരനായ മുരാരി ലാൽ ജലന്റെയും നേതൃത്വത്തിലുളള കൺസോർഷ്യമാണ് പ്രമേയ പദ്ധതി സമർപ്പിച്ചതെന്ന് എയർലൈൻ ശനിയാഴ്ച റെഗുലേറ്ററി ഫയലിംഗിൽ വിശദീകരിച്ചു.

2019 ഏപ്രിലിൽ വിമാന സർവീസുകൾ നിർത്താൻ നിർബന്ധിതരായ എയർലൈനിന്റെ ഭാവിയെക്കുറിച്ച് മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് റെസല്യൂഷൻ പ്ലാൻ തയ്യാറായിരിക്കുന്നത്. 124 ലധികം വിമാനങ്ങൾ ഒരിക്കൽ പ്രവർത്തിപ്പിച്ചിരുന്ന ജെറ്റ് എയർവേസിന്റെ പതനം ഇന്ത്യൻ വ്യോമയാന രം​ഗത്ത് വലിയ ആഘാതമാണ് സൃഷ്ടിച്ചത്. വിമാനക്കമ്പനി പ്രവർത്തനം നിർത്തിയ ശേഷം, അതിന്റെ 280 സ്ലോട്ടുകളെങ്കിലും മുംബൈയിലും 160 എണ്ണത്തോ‌ളം ദില്ലിയിലും ഒഴിഞ്ഞുകിടന്നു, അവ പിന്നീട് മറ്റ് കമ്പനികൾക്ക് താൽക്കാലികമായി നൽകിയിരിക്കുകയാണ്.

13 വരെ ഇടിഞ്ഞു !

ഈ സ്ലോട്ടുകളിൽ ചിലത് തിരികെ ലഭിക്കുന്നതിനെ കൂടി അടിസ്ഥാനമാക്കിയുള്ളതാണ് പുനരുജ്ജീവന പദ്ധതി. എയർലൈനിന്റെ പുനരുജ്ജീവനത്തിനായി പ്രവർത്തന മൂലധനമായി 1,000 കോടി നിക്ഷേപിക്കാൻ പുതിയ ഉടമകൾ സമ്മതിച്ചിട്ടുണ്ട്. അഞ്ചുവർഷത്തിനുള്ളിൽ വീണ്ടും ഒരു 1,000 കോടി കൂടി വായ്പാദാതാക്കൾക്കായി നൽകുമെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

മാർച്ച് 26 ന് ജെറ്റ് എയർവേസ് ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 13 ൽ എത്തിയിരുന്നതായി സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നു.

രാവിലെ 11:55 ന് എൻഎസ്ഇയിൽ ജെറ്റ് എയർവേസ് ഓഹരികൾ അപ്പർ സർക്യൂട്ടിൽ ലോക്ക് ചെയ്തു. എൻഎസ്ഇയിൽ 15,69,836 ഷെയറുകളുടെ വാങ്ങൽ ഓർഡറുകളാണ് തീർപ്പാക്കാതെ കിടക്കുന്നത്. 
 

Latest Videos
Follow Us:
Download App:
  • android
  • ios