ഒരൊറ്റ മെഡിക്കൽ സ്റ്റോറിൽ നിന്ന് കോടികൾ നേടിയ വളർച്ച: വാസൻ ഐകെയർ ഉടമ ഡോ.അരുണിന്റെ മരണത്തിനു പിന്നിൽ ദുരൂഹതയോ?

ഒരു തത്വദീക്ഷയുമില്ലാതെ, കടം വാങ്ങിയ പണം കൊണ്ട് സെന്ററുകളുടെ എണ്ണം കൂട്ടിക്കൂട്ടി കൊണ്ടുവന്നതും, ആ സെന്ററുകളിൽ പലതും നഷ്ടത്തിലേക്ക് കൂപ്പു കുത്തിയതുമാണ് വാസൻ ഐ കെയർ എന്ന സ്ഥാപനത്തിന്റെ നാശത്തിനുള്ള മൂലകാരണം.

From a single medical store to 200 eye care hospitals, mysterious death of dr. arun vasan eye care

വാസൻ ഐ കെയർ എന്നത് നേത്ര സംരക്ഷണ രംഗത്തെ അറിയപ്പെടുന്ന ഒരു ബ്രാൻഡാണ്. ഈ ലബ്ധപ്രതിഷ്ഠിതമായ ആരോഗ്യ സംരക്ഷണ വ്യാപാര ശൃംഖലയുടെ പ്രസിദ്ധിക്കു പിന്നിൽ പ്രവർത്തിച്ച വ്യക്തി, ഡോ. എ എം അരുൺ(51) കഴിഞ്ഞ ദിവസം, ചെന്നെയിൽ വളരെ സംശയാസ്പദമായ സാഹചര്യങ്ങളിൽ മരിച്ച നിലയിൽ കാണപ്പെട്ടു. മെഡിക്കൽ റിപ്പോർട്ട്  പറയുന്നത് കടുത്ത ഹൃദയാഘാതം നിമിത്തമാണ് ഡോ.അരുൺ മരണപ്പെട്ടിരിക്കുന്നത് എന്നാണെങ്കിലും, അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കൾ ഇതൊരു കൊലപാതകമാണ് എന്ന് ആക്ഷേപിച്ചുകൊണ്ട് ആശുപത്രിയിൽ ബഹളമുണ്ടാക്കിയിരിക്കയാണ്. അവരുടെ ആവശ്യപ്രകാരം അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ആരായിരുന്നു ഡോ. അരുൺ? വാസൻ ഐ കെയർ എന്ന പ്രസിദ്ധ നേത്രാരോഗ്യ സംരക്ഷണ ശൃംഖല അദ്ദേഹം കെട്ടിപ്പടുത്തത് എങ്ങനെയാണ്? പി ചിദംബരം, കാർത്തി ചിദംബരം എന്നിവരുമായി ബന്ധപ്പെടുത്തി, പറഞ്ഞു കേൾക്കുന്ന ഡോ. അരുൺ കൂടി ഉൾപ്പെട്ട കള്ളപ്പണക്കേസ് എന്താണ്? അരുണിന്റെ ഈ ദുരൂഹ മരണത്തിന് ആ കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ? ചോദ്യങ്ങൾ പലതാണ്.  

ഒരു ചെറിയ ഫാർമസിയിൽ തുടക്കം 
 
'വാസൻ' എന്ന പേര് ആരോഗ്യ സംരക്ഷണ രംഗത്ത് ആദ്യമായി കേൾക്കുന്നത് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച അതേ വർഷമാണ്. ശ്രീനിവാസൻ അയ്യർ എന്ന വ്യക്തിയാണ് 'വാസൻ മെഡിക്കൽ ഹാൾ' എന്ന പേരിൽ തമിഴ്‌നാട്ടിലെ ട്രിച്ചിയിൽ ഒരു ഫാർമസി സ്റ്റോർ തുടങ്ങുന്നത്. പിന്നീടത് അരുണാചലം പിള്ളൈ ഏറ്റെടുക്കുന്നു. അത് വലിയൊരു മെഡിക്കൽ ഷോപ്പ് ചെയിൻ ആയി വികസിക്കുന്നു. അരുണാചലം പിള്ളൈയുടെ മകൻ എആർ മുരുകയ്യ ഈ ഫാർമസി ചെയിൻ നന്നായിത്തന്നെ നോക്കി നടത്തുന്നു, കൂടുതൽ വലുതാക്കുന്നു.

From a single medical store to 200 eye care hospitals, mysterious death of dr. arun vasan eye care

 

മൂന്നാം തലമുറയിൽ അത് മുരുഗയ്യയുടെ മകൻ ഡോ. എ എൻ അരുണിന്റെ ഉടമസ്ഥതയിൽ എത്തുന്നു. അദ്ദേഹം ഇതിനെ ഒരു പടികൂടി വലുതാക്കുന്നു. 2002 -ൽ ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റൽ എന്ന സ്ഥാപനവുമായി അരുണിന്റെ കമ്പനി ഒരു ധാരണയിൽ എത്തുന്നു. 1994 -ൽ ചെന്നൈയിൽ തുടങ്ങിയ ആ സ്ഥാപനവും വികസനത്തിന്റെ പാതയിൽ ആയിരുന്നു. ഈ രണ്ടു കമ്പനികൾക്കിടയിലെ സംയുക്ത പദ്ധതിയാണ് ട്രിച്ചിയിൽ ആരംഭിച്ച രാജ്യത്തെ ആദ്യത്തെ വാസൻ ഐ കെയർ ഹോസ്പിറ്റൽ. നേത്ര ചികിത്സാ പരിചരണങ്ങളിൽ വലിയൊരു ബിസിനസ് സാധ്യത ഒളിഞ്ഞു കിടപ്പുണ്ട് എന്ന് തിരിച്ചറിഞ്ഞ ഡോ. അരുൺ അതിൽ കൂടുതൽ കൂടുതൽ നിക്ഷേപങ്ങൾ നടത്തുന്നു. അങ്ങനെ വാസൻ ഐ കെയറിന് രാജ്യമെമ്പാടുമായി കൂടുതൽ ഫ്രാഞ്ചൈസികൾ വരുന്നു. അടുത്ത ആറു വർഷം കൊണ്ട് ഡോ. അരുൺ തുടങ്ങിയത് ഏഴു പുതിയ 'വാസൻ ഐ കെയർ' ആശുപത്രികളാണ്. 

2007 മാർച്ചിൽ ഡോ. അഗർവാൾ ഐ കെയറിന്റെ ഹോം ഗ്രൗണ്ട് ആയ ചെന്നൈയിലും തങ്ങളുടെ കണ്ണാശുപത്രി തുടങ്ങുന്നു. ഡോ. പ്രേംസ് ഐ ക്ലിനിക് എന്ന സ്ഥാപനത്തെ ഏറ്റെടുത്തുകൊണ്ടായിരുന്നു ആ രംഗപ്രവേശം. ഡോ. പ്രേംരാജിനെ ഡയറക്ടർ ബോർഡിൽ അംഗത്വം നൽകി ഡോ. അരുൺ മെന്റർ ആയി കൂടെ നിലനിർത്തി. 2008 മാർച്ച് ആയപ്പോഴേക്കും കേരളത്തിലും തമിഴ്‌നാടിലുമായി വ്യാപിച്ചു കിടന്ന 14 സെന്ററുകളിൽ നിന്നായി വാസൻ ഐ കെയർ ശൃംഖലയുടെ വരുമാനം 45 കോടി കവിഞ്ഞിരുന്നു.  

 

From a single medical store to 200 eye care hospitals, mysterious death of dr. arun vasan eye care

 

അങ്ങനെയിരിക്കെയാണ് സെക്വൊയിയ കാപ്പിറ്റൽ എന്ന വെഞ്ചർ കാപ്പിറ്റൽ സ്ഥാപനം വാസനിൽ നിക്ഷേപിക്കാൻ തയ്യാറായി മുന്നോട്ടു വരുന്നത്. അവർ നോക്കുമ്പോൾ ഒരു നിക്ഷേപത്തിന് എന്തുകൊണ്ടും അനുയോജ്യമായിരുന്നു വാസൻ ഐ കെയറിന്റെ ബിസിനസ് മോഡൽ. കണ്ണോപ്പറേഷനിലും, കണ്ണട വിൽപ്പനയിലും ഉള്ള ഉയർന്ന മാർജിൻ, പ്രേം രാജിനെപ്പോലുള്ള നല്ല ഡോക്ടർമാരുടെ സാന്നിധ്യം, വിജയിച്ച ഒരു ശൃംഖലയുടെ നിലവിലെ കസ്റ്റമേഴ്സ് എന്നിങ്ങനെ റിസ്ക് വളരെ കുറഞ്ഞ ഒരു സാഹചര്യമായിരുന്നു ഒറ്റനോട്ടത്തിൽ അന്ന് വാസനിൽ ഉണ്ടായിരുന്നത്. വേണ്ടത്ര തിമിര ശസ്ത്രക്രിയകൾ നടന്നാൽ തന്നെ നല്ലൊരു ലാഭം തിരിച്ചു പിടിക്കാം. അങ്ങനെ, സെക്വൊയിയ കാപ്പിറ്റൽ 2008 സെപ്റ്റംബറിൽ തങ്ങളുടെ നിക്ഷേപങ്ങൾക്ക് മുന്നോടിയായിട്ടുള്ള 'ഡ്യൂ ഡിലിജെൻസ്' പരിശോധനകൾ തുടങ്ങി. ഗ്രാന്റ് തോൺറ്റൻ എന്ന ഓഡിറ്റിങ് സ്ഥാപനം വാസൻ ഐ കെയറിന്റെ അക്കൗണ്ട് ബുക്കുകൾ പരിശോധിച്ചു തുടങ്ങി. അമർ ചന്ദ് മംഗൾദാസ് നിയമത്തിന്റെ നൂലാമാലകൾ പരിശോധിച്ചുറപ്പിച്ചു. ഏൺസ്റ്റ് ആൻഡ് യങ്ങ് അവർക്കുവേണ്ടി 'കൊമേർഷ്യൽ ഡിലിജെൻസ്' പരിശോധിച്ചു നൽകി. മാർക്കറ്റിൽ വാസൻ ഐ കെയറിനെപ്പറ്റിയുള്ള അഭിപ്രായം അറിയാൻ അവർ ഒരു കൺസ്യൂമർ സർവേ വരെ നടത്തി. 

അതിനു ശേഷം, കമ്പനിയുടെ വലിയ ഷെയർ ഹോൾഡർമാരിൽ ഒരു KYC പരിശോധന കൂടി അവർ നടത്തി. അപ്പോഴാണ് അഡ്വാന്റേജ്‌ സ്ട്രാറ്റജിക് കൺസൽട്ടൻറ് ലിമിറ്റഡ് എന്ന പേര് പൊന്തിവന്നത്. ആ സ്ഥാപനം ചിന്നബാല നാഗേശ്വര റെഡ്ഢി എന്നയാളുടേതായിരുന്നു. രവി വിശ്വനാഥൻ, പദ്മ വിശ്വനാഥൻ എന്നിങ്ങനെ രണ്ടു ഡയറക്ടർമാർ കൂടിയുണ്ടായിരുന്നു അതിന്. ഇവർക്ക് ആകെ ഉണ്ടായിരുന്നത് വാസന്റെ അഞ്ചു ശതമാനം ഓഹരികളായിരുന്നു. ഇതുവരെയും പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല. 

സെക്വൊയിയ കാപ്പിറ്റൽ എന്ന ഒന്നാംകിട വെഞ്ചർ കാപ്പിറ്റൽസിൽ നിന്ന് അമ്പത് കോടിയുടെ പുതു നിക്ഷേപം വരുന്നതിന്റെ ആവേശത്തിലായിരുന്നു ഡോ. അരുണും. ഏർക്കാട് നൂറേക്കറിൽ ഒരുഗ്രൻ കണ്ണാശുപത്രി തന്നെ പണിയാനായിരുന്നു അവരുടെ ലക്‌ഷ്യം. അങ്ങനെ സെക്വൊയിയ കാപ്പിറ്റൽസിന്റെ നിക്ഷേപങ്ങളുടെ ബലത്തിൽ 2009 -ൽ മാത്രം വാസം ഐ കെയർ പുതുതായി 28 സെന്ററുകൾ തുറന്നു. തമിഴ് നാട്, കേരളം എന്നിവിടങ്ങൾക്ക് പുറമെ ആന്ധ്ര, കർണാടക എന്നീ സംസ്ഥാനങ്ങളിലും പുതിയ സെന്ററുകൾ വന്നു. ഫെബ്രുവരി 2010 -ൽ വെസ്റ്റ് ബ്രിഡ്ജ് ക്യാപ്പിറ്റൽ ഇന്ത്യ അഡ്വൈസർസ് എന്ന സ്ഥാപനം 50 കോടിയുടെ പുതു നിക്ഷേപം കൂടി വാസൻ ഐ കെയറിൽ നടത്തുന്നു. 

From a single medical store to 200 eye care hospitals, mysterious death of dr. arun vasan eye care

2010 മാർച്ചിൽ വാസൻ ഐ കെയറിന്റെ വരുമാനം 158 കോടി കവിഞ്ഞു. തലേ കൊല്ലം വെറും 95 കോടി മാത്രം ഉണ്ടായിരുന്നിടത്താണ് ഇതെന്നോർക്കണം. ഏതാനും മാസങ്ങൾക്കുള്ളിൽ സെക്വൊയിയ കാപ്പിറ്റൽസ്, അഡ്വാന്റേജ്‌ സ്ട്രാറ്റജിക് കൺസൾട്ടന്റ്‌സിൽ നിന്ന് അവരുടെ ഓഹരികൾ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചു. അവർക്ക് വിൽക്കാൻ ഉദ്ദേശ്യമില്ലെന്ന് അവർ പറഞ്ഞു. സെക്വൊയിയ വിട്ടില്ല. പലകുറി ചർച്ചകൾ നടന്നു. ഒടുവിൽ കയ്യിലുള്ള ഒന്നര ലക്ഷം ഓഹരിയിൽ അഞ്ചിലൊന്ന്, അതായത് മുപ്പതിനായിരം ഓഹരികൾ അവർ ഓഹരിയൊന്നിന് 7500 രൂപ വെച്ച് സെക്വൊയിയക്ക് വിട്ടു. നൂറു രൂപക്ക് വാങ്ങിയതാണ് ഈ ഓഹരികൾ അഡ്വാന്റേജ്‌. അതായത് 7400 ശതമാനം ലാഭം. 

അങ്ങനെ ഒരുവിധം നല്ല നിലയ്ക്ക് പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു വാസൻ. മറ്റു സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായി, അത്യാവശ്യത്തിന് പണം മാർക്കറ്റിങ്ങിനും ചെലവിട്ടിരുന്നു വാസൻ. മാർച്ച് 2011 -ൽ വാസൻ ഐ കെയറിന്റെ വരുമാനം വീണ്ടും ഇരട്ടിച്ചു, 310 കോടിയിൽ എത്തി. കൂടുതൽ സെന്ററുകൾ തുറക്കാൻ ഡോ. അരുണും തത്പരനായിരുന്നു. രാജ്യത്തെമ്പാടുമായി നൂറു സെന്ററുകൾ ആയിരുന്നു അദ്ദേഹത്തിന്റെ ലക്‌ഷ്യം. ദക്ഷിണേന്ത്യയിൽ മാത്രം ഒതുങ്ങി നിൽക്കുന്നത് അബദ്ധമാണ് എന്ന് അദ്ദേഹം കരുതി. അങ്ങനെ 2011 -ൽ ഡോ. അരുൺ, കൽക്കത്തയിലെ സെന്ററുകളിലൂടെ, കിഴക്കൻ ഇന്ത്യയിലേക്ക് രംഗപ്രവേശം ചെയ്യുന്നു. സാൾട്ട് ലേക്ക് സിറ്റിയിലും ഹൗറയിലും ഓരോന്ന് വീതം സെന്ററുകൾ. എന്നാൽ, അവിടെ പ്രതീക്ഷിച്ച തോതിൽ നേത്രരോഗികൾ വന്നെത്തിയില്ല.

അതേസമയം, സിംഗിൾ സ്പെഷ്യാലിറ്റി നേത്ര പരിചരണത്തിൽ വിജയിച്ചതോടെ വെഞ്ചർ കാപ്പിറ്റലിസ്റ്റുകൾ അതേ മോഡൽ ദന്ത പരിചരണ രംഗത്തും പരീക്ഷിക്കാൻ ആഗ്രഹിച്ചു. ഡോ. അരുണും ഡോ. പ്രേം രാജും കൂടി ആ ദിശയിൽ തുടങ്ങിയതാണ് വാസൻ ഡെന്റൽ കെയർ. ഒന്നല്ല, പതിനൊന്ന് സെന്ററുകൾ. മൂലധനത്തിന്റെ കുറവ് അപ്പോഴേക്കും വാസൻ ഗ്രൂപ്പിനെ അലട്ടിത്തുടങ്ങി. കടം കൊടുക്കാൻ ബാങ്കുകൾ തയ്യാറായിരുന്നു. സ്വന്തം സ്ഥാപനങ്ങൾ ഈടുവെച്ചായിരുന്നു ചുരുങ്ങിയ കാലയളവിലേക്ക് ഈ കടങ്ങൾ ഡോ. അരുൺ എടുത്തത്. 2011 ഡിസംബറിൽ വാസൻ ഐ കെയറിന്റെ നൂറാം സെന്റർ ഉദ്‌ഘാടനം ചെയ്തത് പ്രധാനമന്ത്രി മൻമോഹൻ സിംഗ് ആയിരുന്നു. 

 

From a single medical store to 200 eye care hospitals, mysterious death of dr. arun vasan eye care


 

2012 മാർച്ചിൽ വാസൻ ഐ കെയറിന്റെ വരുമാനം 451 കോടി രൂപയായിരുന്നു. മൂന്നു വർഷം കൊണ്ട് ലാഭം നാലിരട്ടി ആയി. അങ്ങനെയിരിക്കെയാണ് പുതിയ ഒരു നിക്ഷേപം വാസൻ ഐ കെയറിനെ തേടി എത്തുന്നത്. ഇത്തവണ നിക്ഷേപിക്കാൻ വന്നത് ജിഐസി എന്ന വെഞ്ചർ കാപ്പിറ്റൽ സ്ഥാപനം ആയിരുന്നു. നിക്ഷേപം 500 കോടി. അത് അക്കാലത്ത് ആരോഗ്യ സംരക്ഷണ രംഗത്ത് നടക്കാൻ പോകുന്ന ഏറ്റവും വലിയ നിക്ഷേപങ്ങളിൽ ഒന്നായിരുന്നു. 

ഡോ.അരുണിന് ന്യൂമറോളജിയിൽ കമ്പമുണ്ടായിരുന്നു. പുതിയ നിക്ഷേപങ്ങളുടെ ബലത്തിൽ അരുൺ തന്റെ ന്യൂമറോളജിക്കൽ സ്വപ്നം സാക്ഷാത്കരിക്കാനിറങ്ങി. 2011 നവംബർ 11 ന് 11 പുതിയ സെന്ററുകൾ തുറക്കണം. അത് അക്കൊല്ലം നടന്നില്ലെങ്കിലും അടുത്ത കൊല്ലം അതേ ദിവസം നടപ്പിലാക്കി. 

അങ്ങനെയിരിക്കെ ഷഷ്ഠിപൂർത്തി കഴിഞ്ഞ ഡോ. പ്രേംരാജ് വിരമിക്കാൻ തീരുമാനിച്ചു. നിരന്തരമുള്ള യാത്രകൾ താങ്ങാൻ ഡോക്ടറുടെ ശരീരത്തിന് താങ്ങാൻ പറ്റാത്ത അവസ്ഥയിലേക്കെത്തിയതാണ് കാരണം. 2013 ജനുവരിയിൽ ഡോ. പ്രേംരാജ് കോയമ്പത്തൂരിലേക്ക് താമസം മാറ്റി. 

അപ്പോഴേക്കും 40 പുതിയ സെന്ററുകൾ കൂടി വാസൻ ഐ കെയറിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടിരുന്നു. ഡൽഹി, പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ പാൻ ഇന്ത്യ സെന്ററുകൾക്ക് പുറമെ, ദുബായ്, അബു ദാബി, ശ്രീലങ്ക എന്നിവിടങ്ങളിൽ ഓവർസീസ് സെന്ററുകളും വാസൻ ഐ കെയർ തുടങ്ങി. 2013 മാർച്ചിൽ വാസൻ ഐ കെയർ സെന്ററുകളുടെ എണ്ണം 170 ആയി. അപ്പോഴേക്കും കടം എന്നത് പെരുകിപ്പെരുകി 800 കോടി ആയിട്ടുണ്ടായിരുന്നു. 

ഒരു തത്വദീക്ഷയുമില്ലാതെ, കടം വാങ്ങിയ പണം കൊണ്ട് സെന്ററുകളുടെ എണ്ണം കൂട്ടിക്കൂട്ടി കൊണ്ടുവന്നതും, ആ സെന്ററുകളിൽ പലതും നഷ്ടത്തിലേക്ക് കൂപ്പു കുത്തിയതുമാണ് വാസൻ ഐ കെയർ എന്ന സ്ഥാപനത്തിന്റെ നാശത്തിനുള്ള മൂലകാരണം.  അതിനിടെ 2014 മാർച്ചിലെ കണക്കുകളെത്തി. വരുമാനം 728 കോടി. 50 കോടിയുടെ പ്രവർത്തന നഷ്ടമുണ്ടായിരുന്നു അപ്പോഴേക്കും കമ്പനിക്ക്. കടമോ, വീണ്ടും പെരുകി 1200 കോടി കവിഞ്ഞു. അപ്പോഴേക്കും സെന്ററുകളുടെ എണ്ണം 200 ആയിക്കഴിഞ്ഞിരുന്നു. 

സംഗതികൾ വശക്കേടാകാൻ പോവുന്നു എന്ന് അപ്പോഴേക്കും സാമ്പത്തിക വിദഗ്ധർ പലരും അടക്കം പറഞ്ഞുതുടങ്ങി. അതിനിടെ കടം തീർക്കാൻ വേണ്ടി കോർപ്പറേഷൻ ബാങ്കുമായി ഒരു ചർച്ച നടത്തി ഡോ. അരുൺ. എന്നാൽ, ഈടായി പിടിച്ചു വെച്ചിരുന്ന അരുണിന്റെ പ്രോപ്പർട്ടി വിൽക്കാൻ അന്ന് കോർപ്പറേഷൻ ബാങ്ക് സമ്മതിച്ചില്ല. അതോടെ, അന്നും വിപണിയിൽ നല്ല മതിപ്പുണ്ടായിരുന്ന വാസൻ ഐ കെയറിലെ നല്ലൊരു ഭാഗം ഓഹരികൾ വിദേശ നിക്ഷേപകർക്ക് കൈമാറാൻ ഡോ. അരുൺ തീരുമാനിച്ചു. മലേഷ്യയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നുമുള്ള രണ്ടു സ്ഥാപനങ്ങൾ ഏകദേശം 7000 കോടിയുടെ നിക്ഷേപമാണ് വരാനിരുന്നത്. 

2015 -ൽ ഡോ. അരുണും ആദായ നികുതി വകുപ്പും തമ്മിലുള്ള TDS അനുബന്ധ പ്രശ്നങ്ങൾ തുടങ്ങുന്നു. പിന്നാലെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കപ്പെടുന്നു. ആശുപതിയിലേക്ക് വേണ്ട സാധനങ്ങൾ നൽകുന്ന വെണ്ടർമാർക്കുള്ള കടവും പെരുകിപ്പെരുകി പരിധി വിടുന്നു. പലരും ആ പേരിൽ വാസനെതിരെ കേസുകൾ ഫയൽ  ചെയ്യാൻ തുടങ്ങുന്നു. 

 

From a single medical store to 200 eye care hospitals, mysterious death of dr. arun vasan eye care

 

അതിനിടെയാണ് 2015 അവസാനം മുതൽ, ചില പത്രങ്ങളിൽ വാസൻ ഐ കെയർ എന്നത് ചിദംബരത്തിനും മകൻ കാർത്തിക്കും കള്ളപ്പണം വെളുപ്പിക്കാനുള്ള ഒരു മറ മാത്രമാണ് എന്ന രീതിയിലുള്ള ആക്ഷേപങ്ങൾ ലേഖനങ്ങളിലൂടെ വരുന്നത്. അതിനു പിന്നാലെ തമിഴ്‌നാട്ടിലെ ഹെഡ് ക്വാർട്ടേഴ്‌സ് ഓഫീസുകളിലും ഡോ. അരുണിന്റെ വീടുകളിലും ആദായനികുതി വകുപ്പിനെ റെയിഡുകൾ നടക്കുന്നു. പിന്നാലെ ഇഡിയും ഡോ. അരുണിന്റെ പിന്നാലെ കൂടുന്നു. 2017 -ൽ പല കോണിൽ നിന്നും ജപ്തി നടപടികളും വാസൻ ഐ കെയറിനെ തേടി എത്തുന്നു. ഡോ. അരുൺ അതിനെ എതിര്ത്തുകൊണ്ട് കോടതി കയറുന്നു. മദ്രാസ് ഹൈക്കോടതി ജപ്തി തടഞ്ഞു കൊണ്ട് ഉത്തരവ് നൽകുന്നു. ഇപ്പോഴും നാഷണൽ കമ്പനി ലോ ട്രിബുണലിന്റെ പരിഗണയിലാണ് ആ കൂട്ടത്തിലെ പല കേസുകളും.

അങ്ങനെ നിരന്തരമുള്ള മാനസിക സമ്മർദ്ദങ്ങളിലൂടെ ഡോ. അരുൺ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നതിനിടെയാണ് ഇപ്പോൾ മരണം അദ്ദേഹത്തെ തേടി എത്തിയിട്ടുള്ളത്. ഹൃദയാഘാതമാണ് മരണകാരണം എന്ന് ഡോക്ടർമാർ വിധിയെഴുതിക്കഴിഞ്ഞു എങ്കിലും, ബന്ധുക്കളുടെ പരാതിയിന്മേൽ തുടരന്വേഷണം പ്രതീക്ഷിക്കാം. ആ അന്വേഷണം, ഇനി എന്തൊക്കെ സത്യങ്ങളിലേക്കാണ് വിരൽ ചൂണ്ടുക എന്നത് അത് പൂർത്തിയാകുന്ന മുറയ്ക്കേ അറിയാനാകൂ. കാത്തിരുന്ന് കാണുക തന്നെ. 


 

Latest Videos
Follow Us:
Download App:
  • android
  • ios