അരാംകോയും ടോട്ടലും റിലയൻസും താൽപര്യം കാണിച്ചില്ല: ബിപിസിഎൽ വിൽപ്പനയുമായി കേന്ദ്ര സർക്കാർ മുന്നോട്ട്
സർക്കാരിന്റെ ഓഹരി വിഹിതത്തിന് 47,430 കോടി രൂപയുടെ മൂല്യമുണ്ട്.
ഭാരത് പെട്രോളിയം കോർപ്പറേഷനെ വാങ്ങാനായി മൂന്ന് -നാല് കമ്പനികൾ തയ്യാറായതായി സൂചന. ഇന്നലെയായിരുന്നു പൊതുമേഖല എണ്ണ കമ്പനിക്കായി താൽപര്യപത്രം സമർപ്പിക്കാനുളള അവസാന തീയതി. സൗദി അറോബ്യൻ അരാംകോ, ടോട്ടൽ ഓഫ് ഫ്രാൻഡ്, യുകെയുടെ ബിപി പിഎൽസി എന്നിവരിൽ നിന്ന് അപേക്ഷ ഉണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും അവസാന ദിവസം അതുണ്ടായില്ല. ഇന്ത്യൻ എണ്ണക്കമ്പനിയായ റിലയൻസും താൽപര്യ പത്രം സമർപ്പിച്ചില്ല.
മൂന്ന് - നാല് കമ്പനികൾ താൽപര്യ പത്രം സമർപ്പിച്ചതായാണ് ദേശീയ മാധ്യങ്ങളും സർക്കാർ വൃത്തങ്ങളും നൽകുന്ന സൂചന. എന്നാൽ, എത്ര കമ്പനികൾ രംഗത്ത് എത്തിയെന്നോ, എത്ര പേർ താൽപര്യപത്രം നൽകിയെന്നോ, ബിഡിന്റെ ഉളളടക്കമോ വെളിപ്പെടുത്താൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല.
പൊതുമേഖല എണ്ണക്കമ്പനിയിലെ സർക്കാരിന്റെ 52.98 ശതമാനം ഓഹരിയും വിറ്റഴിക്കാനാണ് തീരുമാനം. ഇത് കൂടാതെ കമ്പനി നടത്തിപ്പിനുളള ടെൻഡർ നടപടികൾ വിജയിക്കുന്നവർക്ക് പൊതു ഓഹരി വിഹിതമായ 26 ശതമാനം കൂടി വാങ്ങേണ്ടി വരും. താൽപര്യം പത്രങ്ങൾ സമർപ്പിക്കപ്പെട്ടതോടെ ധനകാര്യ മന്ത്രാലയം അടുത്ത ഘട്ട നടപടികളിലേക്ക് കടന്നു. പ്രാരംഭ ബിഡുകളുടെ പരിശോധനകളാണ് ആദ്യം നടക്കുക. ഇതിന് രണ്ടു മുതൽ മൂന്ന് ആഴ്ചകൾ വരെ വേണ്ടിവന്നേക്കും. അതിന് ശേഷം അനുയോജ്യമായ നിക്ഷേപകരെ സാമ്പത്തിക പദ്ധതി രേഖ നൽകാൻ ക്ഷണിക്കും.
ഇതിന് ശേഷമാകും ലേല നടപടികളിലേക്ക് കാര്യങ്ങൾ നീങ്ങുക. താൽപര്യപത്രം സമർപ്പിച്ചവരിൽ പ്രൈവറ്റ് ഇക്വിറ്റി, പെൻഷൻ ഫണ്ട് ഇനത്തിലുളള സ്ഥാപനങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇതിൽ വിദേശ സ്ഥാപനങ്ങളും ഇന്ത്യൻ കമ്പനികളും ഉൾപ്പെടുന്നു.
ആകെ രാജ്യത്ത് നടക്കുന്ന എണ്ണ ശുദ്ധീകരണത്തിന്റെ 15.33 ശതമാനം കൈയാളുന്നത് ഭാരത് പെട്രോളിയമാണ്. ആകെ പെട്രോളിയം വിപണനത്തിന്റെ 22 ശതമാനമാണ് കമ്പനിയുടെ വിപണി വിഹിതം. ഭാരത് പെട്രോളിയത്തെ വാങ്ങുന്ന നിക്ഷേപകന് കൊച്ചി, മുംബൈ, മധ്യപ്രദേശിലെ ബിന തുടങ്ങിയ ഇടങ്ങളിലെ റിഫൈനറികളും കൈമാറും. എന്നാൽ, കമ്പനിയുടെ കീഴിലുളള നുമാലിഗഡ് എണ്ണ ശുദ്ധീകരണ ശാല വിൽപ്പനയുടെ പരിധിയിൽ ഉൾപ്പെടില്ല. ഇത് മറ്റൊരു പൊതുമേഖല കമ്പനിക്ക് കൈമാറും.
ഇപ്പോഴത്തെ ഓഹരി വില അനുസരിച്ച് സർക്കാരിന്റെ ഓഹരി വിഹിതത്തിന് 47,430 കോടി രൂപയുടെ മൂല്യമുണ്ട്.