റാങ്കിങിന്‍റെ മാനദണ്ഡമെന്ത്? ബിസിനസ് സൗഹാർദ്ദ പട്ടികയില്‍ കേന്ദ്രത്തോട് വ്യക്തത തേടി കേരളം
സംസ്ഥാനത്ത് വ്യവസായിക രംഗത്ത് കൂടുതൽ പ്രോത്സാഹനം നൽകാനായി പ്രവർത്തിക്കുന്ന നോഡൽ ഏജൻസിയാണ് കെഎസ്ഐഡിസി.
തിരുവനന്തപുരം: രാജ്യത്തെ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ബിസിനസ് സൗഹാർദ്ദ നടപടികളുടെ അടിസ്ഥാനത്തിൽ റാങ്ക് ചെയ്തതിന് പിന്നാലെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വേണമെന്ന് കേരളം ആവശ്യപ്പെട്ടു. മാനദണ്ഡങ്ങളുടെ കാര്യത്തിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്നും അതിനാൽ മാനദണ്ഡങ്ങൾ വിശദീകരിക്കണമെന്നും കേരള സ്റ്റേറ്റ് ഇന്റസ്ട്രിയൽ ഡവലപ്മെന്റ് കോർപ്പറേഷൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
പ്രൊമോഷൻ ഓഫ് ഇന്റസ്ട്രി ആന്റ് ഇന്റേണൽ ട്രേഡ് മന്ത്രാലയത്തിന്റെ (DPIIT) ഔദ്യോഗിക വെബ്സൈറ്റിൽ സെപ്തംബർ അഞ്ചിനാണ് ഈ പട്ടിക പ്രസിദ്ധീകരിച്ചത്. എന്നാൽ, ഈ പട്ടികയ്ക്ക് ഒപ്പം, ഇത് തയ്യാറാക്കാൻ സ്വീകരിച്ച മാനദണ്ഡങ്ങൾ എന്താണെന്ന് വിശദീകരിച്ചിരുന്നില്ല. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും സമർപ്പിച്ച പ്രതികരണങ്ങളും ഉണ്ടായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ എസ് ഹരികിഷോർ കത്തയച്ചത്.
സംസ്ഥാനത്ത് വ്യവസായിക രംഗത്ത് കൂടുതൽ പ്രോത്സാഹനം നൽകാനായി പ്രവർത്തിക്കുന്ന നോഡൽ ഏജൻസിയാണ് കെഎസ്ഐഡിസി. ഇതിനാലാണ് കെഎസ്ഐഡിസി വഴി കേരളം കേന്ദ്രത്തോട് വ്യക്തത തേടിയിരിക്കുന്നത്.