ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഇന്ത്യൻ, ജിസിസി വിഭാഗങ്ങളുടെ വിഭജനം പൂർത്തിയായി

ഇന്ത്യൻ, ജിസിസി വിഭാഗങ്ങൾ ഇനി വ്യത്യസ്ത പ്രാദേശിക കമ്പനികളായി പ്രവർത്തിക്കും.

Aster DM healthcare separates India and GCC function

ഇന്ത്യയിലെയും ഗൾഫ് മേഖലയിലെയും ഏറ്റവും വിശാലമായ ഹോസ്പിറ്റൽ ശൃംഖലയായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ വിഭജനം പൂർത്തിയായി. ഇന്ത്യയിലെയും ജിസിസിയിലെയും സംവിധാനങ്ങൾ ഇനി വെവ്വേറെ കമ്പനികളായി പ്രവർത്തിക്കും. സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഫജ്ർ ക്യാപിറ്റലിന്റെ നേതൃത്വത്തിലുള്ള നിക്ഷേപകരുടെ കൂട്ടായ്മ, ജിസിസി വിഭാഗത്തിന്റെ 65% ഓഹരികൾ സ്വന്തമാക്കി. 35% ഓഹരികൾ മൂപ്പൻ കുടുംബം നിലനിർത്തി. ജിസിസി മേഖലയിലെ ആശുപത്രികളുടെ നേതൃത്വവും പ്രവർത്തനമേൽനോട്ടവും മൂപ്പൻ കുടുംബം തുടരും. ഇന്ത്യൻ വിഭാഗത്തിന്റെ ഓഹരികളിൽ 41.88% വും നിലനിർത്തി മൂപ്പൻ കുടുംബം ഉടമസ്ഥാവകാശം തുടരും. മുൻനിശ്ചയിച്ച പ്രകാരം ഇടപാടുകൾ ഔദ്യോഗികമായി പൂർത്തിയാക്കിയതോടെ ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ ഉപകമ്പനിയായ അഫിനിറ്റി ഹോൾഡിങ്‌സ് ലിമിറ്റഡിന് 907.6 മില്യൺ യുഎസ് ഡോളർ ലഭിച്ചു.

2023 നവംബറിലാണ് ഇരുമേഖലകളിലെയും ബിസിനസുകൾ വിഭജിക്കാനുള്ള തീരുമാനം ബോർഡ് അംഗങ്ങൾ അംഗീകരിച്ചത്. നയതന്ത്രപരമായ നേട്ടത്തിന് പുറമെ, ധനവിനിയോഗം എളുപ്പമാക്കുന്നതിനും വിഭജനം ഗുണമുണ്ടാക്കുമെന്നാണ് കണക്കുകൂട്ടൽ. ഇന്ത്യയും ജിസിസിയും തികച്ചും വ്യത്യസ്തമായ രണ്ട് മാർക്കറ്റുകളാണ്. ഓരോ മേഖലയിലെയും മാർക്കറ്റിനും അവിടുത്തെ രോഗികൾക്കും ഏറ്റവും അനുയോജ്യമായ സേവനങ്ങൾ ഉറപ്പാക്കുന്നതിനാണ് ഇപ്പോഴത്തെ ഈ നീക്കം. ഇക്കൊല്ലം ജനുവരിയിൽ കമ്പനിയുടെ ഓഹരിയുടമകളും വിഭജിക്കാനുള്ള തീരുമാനത്തോട് യോജിക്കുകയായിരുന്നു. വിഭജനവുമായി ബന്ധപ്പെട്ട എല്ലാ റെഗുലേറ്ററി മാനദണ്ഡങ്ങളും കരാർ നിബന്ധനകളും വിടുതൽ ഉപാധികളും തൃപ്തികരമായി പൂർത്തിയാക്കി.

2027 ഓടുകൂടി കമ്പനിയുടെ സ്വന്തം വരുമാനം തിരികെ നിക്ഷേപിച്ച് 1700 രോഗികളെക്കൂടി കിടത്തിചികില്സിക്കാൻ കഴിയുന്ന തരത്തിൽ ആശുപത്രികൾ വികസിപ്പിക്കും. ശേഷം മറ്റ് ആശുപത്രികളെക്കൂടി ഏറ്റെടുത്ത് ശൃംഖല വിപുലീകരിക്കും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്ന് ആശുപത്രികളിൽ ഒന്നാകാനാണ് നീക്കം. സ്വന്തം നിലയിലുള്ള വികസനപദ്ധതികൾക്ക് പുറമെ, മറ്റ് കമ്പനികളെ ഏറ്റെടുക്കുന്നതിനുള്ള സാധ്യതകളും കണ്ടെത്തും. തിരുവനന്തപുരത്ത് നിർമാണം പുരോഗമിക്കുന്ന ആസ്റ്റർ ക്യാപിറ്റൽ, കാസർഗോഡുള്ള ആസ്റ്റർ മിംസ് എന്നിവ ഈ പദ്ധതിയുടെ ഭാഗമാണ്. നിലവിലുള്ള മറ്റ് ആസ്റ്റർ ആശുപത്രികളിൽ കിടക്കകളുടെ എണ്ണം കൂട്ടും. മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ സാന്നിധ്യമറിയിക്കാനുള്ള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു. ഈ പദ്ധതികൾക്കെല്ലാമായി ഏതാണ്ട് 1000 കോടി രൂപയാണ് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഇന്ത്യ നീക്കിവെച്ചിരിക്കുന്നത്.

വിഭജനവുമായി ബന്ധപ്പെട്ട പണമിടപാടുകളിൽ നിന്ന് കിട്ടുന്ന ലാഭത്തിന്റെ 70-80% ശതമാനം ഓഹരിയുടമകൾക്ക് ലാഭവിഹിതമായി നൽകുമെന്ന് നേരത്തെ തന്നെ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ഓരോ ഷെയറിനും 110 മുതൽ 120 രൂപ വരെ ഉടമകൾക്ക് നൽകും. നിയമാനുസൃതമായ അനുമതി കിട്ടിക്കഴിഞ്ഞാലുടൻ ഈ നടപടികളിലേക്ക് കടക്കും.

കമ്പനിയുടെ സ്ഥാപകചെയർമാൻ എന്ന സ്ഥാനത്ത് ഡോ. ആസാദ് മൂപ്പൻ തുടരും. ശ്രീമതി അലീഷ മൂപ്പൻ കമ്പനിയുടെ ബോർഡിൽ ഡയറക്ടർ സ്ഥാനത്തുമുണ്ടാകും. കൂടാതെ ആസ്റ്റർ ജിസിസിയുടെ മാനേജിങ് ഡയറക്ടർ, ഗ്രൂപ്പ് സിഇഒ എന്നീ ചുമതലകളും അലീഷ മൂപ്പൻ നിർവഹിക്കും. ഇന്ത്യൻ വിഭാഗത്തിന്റെ സിഇഒ പദവി ഡോ. നിതീഷ് ഷെട്ടി നയിക്കും. രാജ്യത്തിനകത്തെ കമ്പനിയുടെ വളർച്ചാപദ്ധതികൾക്ക് അദ്ദേഹം നേരിട്ട് മേൽനോട്ടം വഹിക്കും.

ദീർഘകാലാടിസ്ഥാനത്തിൽ ഓഹരിയുടമകൾക്ക് ലാഭമുണ്ടാകുന്നതിനും രണ്ട് മേഖലകളിലും വളർച്ച കൈവരിക്കുന്നതിനുമാണ് ഇപ്പോൾ ഇത്രയും ദൃഢവും തന്ത്രപ്രധാനവുമായ ഈ തീരുമാനത്തിലെത്തിയിരിക്കുന്നതെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപക-ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. നിലവിലെ ഇന്ത്യയിലെ ആരോഗ്യരംഗം വളരെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. വിഭജനം പൂർത്തിയാക്കിയ ശേഷം ഇന്ത്യയിലെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്താനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിലെ എല്ലാ ആസ്റ്റർ ആശുപത്രികളിലുമായി 6600 പേരെ കിടത്തി ചികില്സിക്കാനുള്ള സംവിധാനമൊരുക്കും. കൂടാതെ അനുബന്ധസംവിധാനങ്ങളായ ലാബുകൾ, ഫാർമസികൾ എന്നിവയുടെ പ്രവർത്തനം മെച്ചപ്പെടുത്തുമെന്നും ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ആശുപത്രി ശൃംഖലയായി മാറുമെന്നും ആസാദ് മൂപ്പൻ പറഞ്ഞു.

ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ ചരിത്രത്തിലെ ഒരു നിർണായക നാഴികക്കല്ലാണ് വിഭജനമെന്നാണ് ആസ്റ്റർ ജിസിസി ബിസിനസിന്റെ ഗ്രൂപ്പ് സിഇഒയും എംഡിയുമായ അലീഷ മൂപ്പൻ വിശേഷിപ്പിച്ചത്. അടുത്തഘട്ട വളർച്ചയിലേക്കുള്ള ചുവടുവെയ്പ്പാണിത്. ഈ രണ്ട് മേഖലകളിലെയും സമീപനങ്ങൾ വേറിട്ടതാണെന്നും വൻ വളർച്ചാസാധ്യതകളാണ് അവ മുന്നോട്ട് വെയ്ക്കുന്നതെന്നും അലീഷ മൂപ്പൻ പറഞ്ഞു. വിവിധ ആരോഗ്യസേവനങ്ങൾ നൽകിക്കൊണ്ട് രണ്ട് പ്രദേശങ്ങളിലും ആസ്റ്റർ കൂടുതൽ ശക്തി പ്രാപിക്കും. മാത്രമല്ല ഈ രണ്ട് വിഭാഗങ്ങളും പരസ്പരം സഹകരിച്ച് ലോകത്തെ തന്നെ പ്രധാന ആരോഗ്യസേവന ബ്രാൻഡായി ആസ്റ്ററിനെ മാറ്റുമെന്നും അലീഷ മൂപ്പൻ പറഞ്ഞു.

അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ 140 കോടി ജനങ്ങളുള്ള ഇന്ത്യയിൽ ആരോഗ്യസേവനരംഗം വൻ കുതിച്ചുചാട്ടത്തിന് സാക്ഷിയാകുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഇന്ത്യൻ വിഭാഗം സിഇഒ ഡോ. നിതീഷ് ഷെട്ടി പറഞ്ഞു. ഔദ്യോഗികമായി വിഭജനം പൂർത്തിയായതോടെ അടുത്ത മൂന്ന് വർഷത്തേക്കുള്ള കമ്പനിയുടെ വികസനപദ്ധതികൾക്ക് തുടക്കമായിക്കഴിഞ്ഞു. ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കുന്നതിനൊപ്പം ഇന്ത്യയിലെ മറ്റിടങ്ങളിലും വിപണിസാദ്ധ്യതകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി.

വിഭജനത്തിന്റെ നടപടിക്രമങ്ങളിൽ കമ്പനിയുടെ കൃത്യമായ മൂല്യം നിർണയിച്ച് സ്വതന്ത്ര ഉപദേശകദൗത്യം നിർവഹിച്ചത് ഇ.വൈയും പിഡബ്ള്യുസിയുമാണ്. ഐസിഐസിഐ സെക്യൂരിറ്റീസും നിർണായക മാർഗദർശിയായി. മൊയെലിസ് ആൻഡ് കമ്പനി, ക്രെഡിറ്റ് സൂയിസ് എന്നീ സ്ഥാപനങ്ങൾ വില്പനസംബന്ധമായ കാര്യങ്ങളിൽ ഉപദേശകസ്ഥാനത്തുണ്ടായിരുന്നു. ബേക്കർ ആൻഡ് മക്കൻസി എൽഎൽപി നിയമോപദേശം നൽകി. അഭിഭാഷകൻ സിറിൽ അമർചന്ദ് മംഗൾദാസ് ആസ്റ്ററിന് വേണ്ടി വിഭജനം പൂർത്തിയാക്കുന്നതിന് ആവശ്യമായ നിയമപരമായ കാര്യങ്ങൾ ഏറ്റെടുത്തു നിർവഹിച്ചു. മറ്റ് ഡയറക്ടർമാർക്ക് എ.ഇസഡ്.ബി ആൻഡ് പാർട്ണെഴ്സ് ഉപദേഷ്ടാക്കളായി. ഫജ്ർ ക്യാപിറ്റലിന്റെ ഉപദേശകസ്ഥാനത്ത് എച്ച്.എസ്.ബി.സി ബാങ്ക് മിഡിൽ ഈസ്റ്റ് ലിമിറ്റഡ്, അലൻ ആൻഡ് ഓവറി എൽഎൽപി, പി.ഡബ്ള്യു.സി എന്നിവരായിരുന്നു
 

Latest Videos
Follow Us:
Download App:
  • android
  • ios