ആമസോണിന് ഇടക്കാല ആശ്വാസം; ഫ്യൂച്ചർ-റിലയൻസ് ഇടപാടിന് കാത്തിരിപ്പ്
സിംഗിൾ ജഡ്ജ് ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ദില്ലി: ഫ്യൂച്ചർ റീട്ടെയ്‌ലും റിലയൻസ് റീട്ടെയ്‌ലും തമ്മിലുള്ള 24,713 കോടിയുടെ ഇടപാടിനെതിരെ ഇടക്കാല വിധി. ആമസോൺ കമ്പനിയുടെ പരാതിയിലാണ് സിങ്കപ്പൂർ ആർബിട്രേഷൻ പാനലിന്റെ ഇടക്കാല ഉത്തരവ്. കിഷോർ ബിയാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായിരുന്ന ഫ്യൂച്ചർ റീട്ടെയ്‌ലും തങ്ങളുമായി നോൺ-കോംപീറ്റ് ഉടമ്പടി നിലവിലുണ്ടെന്നും അതിനാൽ തന്നെ റിലയൻസിന് ഫ്യൂച്ചർ റീട്ടെയ്ൽ വാങ്ങാൻ സാധിക്കില്ലെന്നുമാണ് ഇ-കൊമേഴ്സ് രംഗത്തെ ഭീമൻ വാദിച്ചത്.
സിംഗിൾ ജഡ്ജ് ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഫ്യൂച്ചർ ഗ്രൂപ്പിന് നിലവിലെ സ്ഥിതിയിൽ നിന്നും മുന്നോട്ട് പോകുന്നതിന് ആർബിട്രേഷൻ പാനൽ ഉത്തരവ് പ്രകാരം സാധിക്കില്ല. ആർബിട്രേഷൻ പാനലിന്റെ വിശദമായ ഉത്തരവിന് ശേഷമേ ഇനി ഇത് സാധിക്കൂ.
ആർബിട്രേഷൻ പാനലിന്റെ ഉത്തരവ് അമേരിക്കൻ കമ്പനിയായ ആമസോണിന് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്. ഓൺലൈൻ വ്യാപാര രംഗത്ത് വൻ കുതിപ്പോടെ ചുവടുറപ്പിക്കാൻ ശ്രമിച്ച റിലയൻസിന്റെ മോഹങ്ങൾക്ക് ചെറുതെങ്കിലും ശക്തമായ തിരിച്ചടി കൂടിയാണ് ഈ വിധി.
ആഗസ്റ്റ് 29നാണ് റിലയൻസ് ഗ്രൂപ്പ് ഫ്യൂച്ചർ ഗ്രൂപ്പിനെ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചത്. 24713 കോടിയുടേതായിരുന്നു കരാർ. രാജ്യത്തെ 420 നഗരങ്ങളിലായി ബിഗ് ബസാർ, എഫ്ബിബി, ഈസിഡേ, സെൻട്രൽ, ഫുഡ്‌ഹാൾ ഫോർമാറ്റ് എന്നിവയുടെ 1800 ഓളം ഫ്യൂച്ചർ ഗ്രൂപ്പ് സ്റ്റോറുകൾ ഇതോടെ റിലയൻസിന്റേതാകുമായിരുന്നു.