'കണ്ടുപരിചയിച്ച പ്രേത സിനിമയല്ല ഇത്...' ; ഇഷയുടെ വിശേഷങ്ങളുമായി കിഷോർ സത്യ
മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷം മികച്ച രണ്ടാം വരവ് നടത്തിയിരിക്കുകയാണ് കിഷോർ സത്യ. ഇഷ എന്ന ഹൊറർ സിനിമയിലൂടെ. പതിവ് പ്രേതസിനിമ ശൈലികളിൽ നിന്ന് മാറി വെള്ളിത്തിരയിലെത്തിയ ഇഷ മികച്ച അഭിപ്രായം നേടി മുന്നേറുമ്പോൾ കിഷോർ സത്യ ഹാപ്പിയാണ്...
വർഷങ്ങളായി കിഷോർ സത്യ എന്ന നടൻ മലയാളികൾക്ക് മുന്നിലുണ്ട്. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലെത്തിയ ഇദ്ദേഹം അവതാരകനായും സിനിമ-സീരിയൽ അഭിനേതാവായും പ്രേക്ഷകർക്ക് സുപരിചിതനാണ്. കഥാപാത്രങ്ങളുടെ വ്യത്യസ്തതയിൽ വിശ്വസിക്കുന്നത് കൊണ്ടാകാം വളരെ കുറച്ച് സിനിമകൾ മാത്രമേ ഇദ്ദേഹത്തിന്റേതായിട്ടുള്ളൂ. ഒരു പക്ഷേ ബിഗ് സ്ക്രീനിൽ ലഭിച്ചതിനേക്കാൾ സ്വീകാര്യത മിനിസ്ക്രീനിലാണ് കിഷോർ സത്യയ്ക്ക് ലഭിച്ചതെന്ന് പറയാം. പക്ഷേ അതിലുമുണ്ടായിരുന്നു വ്യത്യസ്തത. പതിനഞ്ച് വർഷം കൊണ്ട് വെറും അഞ്ച് സീരിയലുകളിൽ മാത്രമേ കിഷോർ സത്യ എന്ന നടനുള്ളൂ. നല്ല കഥാപാത്രങ്ങൾക്കാണ് ഈ നടൻ മുൻതൂക്കം നൽകുന്നത് എന്ന് തന്നെയാണ് ഇത് തെളിയിക്കുന്നത്.
എന്തായാലും മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷം മികച്ച രണ്ടാം വരവ് നടത്തിയിരിക്കുകയാണ് കിഷോർ സത്യ. ഇഷ എന്ന ഹൊറർ സിനിമയിലൂടെ. പതിവ് പ്രേതസിനിമ ശൈലികളിൽ നിന്ന് മാറി വെള്ളിത്തിരയിലെത്തിയ ഇഷ മികച്ച അഭിപ്രായം നേടി മുന്നേറുമ്പോൾ കിഷോർ സത്യ ഹാപ്പിയാണ്...
ഇഷയുടെ വിശേഷങ്ങൾ
ആദ്യം തന്നെ പറയാം മലയാളി കണ്ട് പരിചയിച്ച പ്രേതസിനിമകളിലെ ഒന്നും ഇഷയിലില്ല. ഒരു വീട്ടിൽ ആരെങ്കിലും ഒരാൾ മരിക്കുന്നു. അവരുടെ ആത്മാവ് പ്രേതമായി വരുന്നു. അവരെ ഒഴിപ്പിക്കാൻ മന്ത്രവാദി വരുന്നു, അങ്ങനെയാണ് നമ്മളെല്ലാവരും കണ്ടിട്ടുള്ളത്. അത്തരത്തിൽ മന്ത്രവാദിയോ കളമോ ബാധയൊഴിപ്പിക്കലിന്റെ അന്തരീക്ഷമോ ഒന്നും ഈ സിനിമയിലില്ല. വളരെ സാമൂഹ്യ പ്രസക്തമായ ഒരു വിഷയത്തെ, ഹൊറർ ജോണറിൽ, ശാസ്ത്രീയമായി കൈകാര്യം ചെയ്തിരിക്കുകയാണ് ഈ സിനിമയിൽ. പെൺകുട്ടികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചാണ് ഈ സിനിമ. അത്തരം ധാരാളം സംഭവങ്ങൾ ഈ അടുത്ത സമയത്ത് ഉണ്ടായിട്ടുണ്ട്. നമ്മുടെ സമൂഹത്തിലെ പല വിധ ഘടകങ്ങൾ കൊണ്ട് അത്തരം പെൺകുട്ടികൾക്ക് നീതി ലഭിക്കാത്ത അവസ്ഥയാണുള്ളത്. ഹൊറർ മൂവി എന്നതിനൊപ്പം തന്നെ ഈ സിനിമ ചർച്ച ചെയ്യുന്നത് അത്തരമൊരു വിഷയമാണ്. ഇഷ എന്ന പെൺകുട്ടി നേരിടുന്ന അതിക്രമങ്ങളും പിന്നീടുണ്ടാകുന്ന സംഭവങ്ങളുമാണ് ഈ സിനിമയുടെ ഉള്ളടക്കം.
ഇഷയിലേക്ക് എത്തുന്നത്
ജോസ് തോമസ് ആണ് ഇഷയുടെ സംവിധായകൻ. അദ്ദേഹം സംവിധാനം ചെയ്ത യൂത്ത് ഫെസ്റ്റിവല്‍ എന്ന സിനിമയിലൂടെയാണ് ഞാൻ ആദ്യമായി സിനിമയിലെത്തുന്നത്. യൂത്ത് ഫെസ്റ്റിവലിൽ വില്ലൻ വേഷമായിരുന്നു. അദ്ദേഹത്തിന്റെ സിനിമയിൽ സഹസംവിധായകനായും ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. മറ്റൊരു പ്രൊജക്റ്റുമായി ബന്ധപ്പെട്ട് ഞാനൊരു ബ്രേക്ക് എടുത്തിരിക്കുന്ന സമയത്ത് അദ്ദേഹം ഇത്തരമൊരു സിനിമ ചെയ്യാന്‍ തീരുമാനിക്കുകയും അതിലേക്ക് എന്നെ ക്ഷണിക്കുകയും ചെയ്തു. ഫാമിലി-കോമഡി ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി അദ്ദേഹം ചെയ്യുന്ന ഒരു ഹൊറർ മൂവി എന്ന പ്രത്യകതയും ഇഷയ്ക്കുണ്ട്. എന്റെ കരിയറിലെ വ്യത്യസ്തമായ ഒരു വേഷമാണിത്. ഈ സിനിമയിൽ കോമഡി എന്നൊന്നില്ല, ഹൊറർ മാത്രമേയുള്ളൂ.
മൂന്നു വർഷത്തെ ഇടവേള
നല്ല കഥാപാത്രങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഞാൻ. 2017 ലാണ് ജീത്തു ജോസഫിന്റെ ലക്ഷ്യം ചെയ്യുന്നത്. സിനിമ ചെയ്യുമ്പോൾ പ്രാധാന്യമുള്ള കഥാപാത്രമായിരിക്കണം എന്റേതെന്ന് എനിക്ക് നിർബന്ധമുണ്ട്. അത് സീരിയലിലാണെങ്കിലും സിനിമയിലാണെങ്കിലും. അങ്ങനെ ചിന്തിക്കുന്നത് കൊണ്ടാകാം പതിനഞ്ച് വർഷത്തിനിയിൽ ഞാൻ ആകെ ചെയ്തിരിക്കുന്നത് അഞ്ച് സീരിയലുകളാണ്. പക്ഷേ എനിക്ക് കിട്ടിയത് വലിയ പ്രൊജക്റ്റുകളായത് കൊണ്ടും കഥാപാത്രത്തിന്റെ മികവ് കൊണ്ടും മാത്രമാണ് സീരിയൽ പ്രേക്ഷകർ എന്നെ സ്നേഹിക്കുന്നത്. സിനിമയിലും സീരിയലിലും മാത്രമല്ല, റിയാലിറ്റി ഷോകളിലും മറ്റ് വേദികളിലും അവതാരകനായി ഞാൻ എത്തിയിട്ടുണ്ട്. അതുകൊണ്ടൊക്കെ കൂടിയാണ് ഞാൻ പ്രേക്ഷകർക്ക് ഇത്രയധികം സ്വീകാര്യനായി മാറിയത്. അല്ലാതെ ഞാനൊരു റെഗുലർ സീരിയൽ ആക്റ്ററല്ല.
ഇംതിയാസ് മുനവർ
ഒരു പാരാനോർമൽ ഇൻവെസ്റ്റിഗേറ്ററാണ് ഇഷയിലെ എന്റെ കഥാപാത്രം. ഇംതിയാസ് മുനവർ എന്നാണ് പേര്. സാധാരണ പള്ളീലച്ചനോ മന്ത്രവാദിയോ ഒക്കെയാണ് പ്രേതസിനിമയിൽ ബാധയൊഴിപ്പിക്കാൻ വരുന്നതായി കണ്ടിട്ടുള്ളത്. എന്നാൽ വളരെ ശാസ്ത്രീയമായി എക്സോർസിസം ചെയ്യുന്ന ഒരാളാണ് ഇഷയിലെ ഇംതിയാസ് മുനവർ.
ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നവരുടെ മനോധൈര്യമാണ് പ്രധാനം. മരണവും മരണാന്തര ജീവിതവുമൊക്കെ നമ്മളിൽ പലരും ചർച്ച ചെയ്യാറുണ്ട്. മരണ ശേഷം നമ്മുടെ ആത്മാവ്, എനർജി എങ്ങോട്ട് പോകുന്നു എന്നാർക്കും അറിയില്ല.
ഇഷയിലെ ഇംതിയാസ് മുനവർ അതിമാനുഷികനോ അസാധാരണ വ്യക്തിയോ ഒന്നുമല്ല. ഒരു സാധാരണ മനുഷ്യൻ. എന്നാൽ വളരെ യാഥാർത്ഥ്യ ബോധത്തോടെ, ശാസ്ത്രീയമായിട്ടാണ് ബാധയൊഴിപ്പക്കൽ ചെയ്യുന്നത്. എനിക്ക് ഈ വിഷയത്തെക്കുറിച്ച് കൂടുതൽ അറിവൊന്നുമുണ്ടായിരുന്നില്ല. കേരള യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ജോർജ്ജ് മാത്യു സാർ എന്നെ സഹായിച്ചിട്ടുണ്ട്. പാരാനോർമൽ ഇൻവെസ്റ്റിഗേറ്റർ എന്ന വിഷയത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നത് അദ്ദേഹമാണ്. പിന്നെ സംവിധായകൻ ജോസ് തോമസും കഥാപാത്രത്തെക്കുറിച്ച് വിശദീകരിച്ചിരുന്നു.
ഇഷ നൽകുന്ന പ്രതീക്ഷ
ഇഷയെ പ്രേക്ഷകർ നല്ല രീതിയിൽ സ്വീകരിക്കുന്നു എന്ന് തന്നെയാണ് വിശ്വാസം. വരുംവർഷങ്ങളിൽ നല്ല ചിത്രങ്ങൾ ലഭിക്കും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. മൂന്ന് നാല് കഥകൾ കേട്ടിട്ടുണ്ട്. പ്രതീക്ഷയോട് കൂടിത്തന്നെയാണ് 2020 നെ നോക്കിക്കാണുന്നത്. നല്ല കഥാപാത്രമായി പ്രേക്ഷകരിലേക്ക് എത്തണം എന്ന് തന്നെ ആഗ്രഹിക്കുന്നു.