സ്കൂളുകള്‍ക്ക് ഇങ്ങനെ അവധി കൊടുക്കരുത്, ഇതിനൊരു പരിഹാരം കണ്ടേ പറ്റൂ; പ്രതിഷേധവുമായി രക്ഷിതാക്കള്‍
പലര്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് പരാതി. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നേരത്തെ മുന്നറിയിപ്പുകള്‍ നല്‍കുകയും ക്ലാസുകള്‍ പെട്ടെന്ന് ഓണ്‍ലൈനിലേക്ക് മാറ്റിക്കൊണ്ടുള്ള അറിയിപ്പ് നല്‍കുന്ന രീതി ഒഴിവാക്കണമെന്നും ആവശ്യം.
ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് സ്കൂളുകള്‍ക്ക് അവധി കൊടുക്കുന്നതിനെതിരെ രക്ഷിതാക്കള്‍. മലിനീകരണ പ്രശ്നത്തിന്റെ പേരില്‍ ബദല്‍ മാര്‍ഗങ്ങളൊന്നും ഒരുക്കാതെ പെട്ടെന്ന് സ്കൂളുകള്‍ അടയ്ക്കുകയും ഓണ്‍ലൈനില്‍ ക്ലാസുകള്‍ നടക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതിനെതിരെയാണ് രക്ഷിതാക്കളുടെ പ്രതിഷേധം. ഓണ്‍ലൈന്‍ പഠനം ഫലപ്രദമല്ലെന്നും പ്രശ്നത്തന് സ്ഥിരമായ പരിഹാരമാണ് സര്‍ക്കാര്‍ കാണേണ്ടതെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നു.
ഡല്‍ഹിയില്‍ നവംബര്‍ പത്താം തീയ്യതി വരെയാണ് പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ ഒഴികെയുള്ള മറ്റെല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവധി നല്‍കിയിരിക്കുന്നത്. ഉയരുന്ന അന്തരീക്ഷ മലിനീകരണ തോത് കണക്കിലെടുത്ത് തിങ്കളാഴ്ച വിദ്യാഭ്യാസ മന്ത്രി ഗോപാല്‍ രാജ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുകയായിരുന്നു. അതേസമയം പലര്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് പരാതി ഉയര്‍ന്നു. അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം കുറഞ്ഞുവരുമ്പോള്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മുന്നറിയിപ്പുകള്‍ നല്‍കുകയും ക്ലാസുകള്‍ പെട്ടെന്ന് ഓണ്‍ലൈനിലേക്ക് മാറ്റിക്കൊണ്ടുള്ള അറിയിപ്പ് നല്‍കുന്ന രീതി ഒഴിവാക്കണമെന്നും ഒരുവിഭാഗം രക്ഷിതാക്കള്‍ അഭിപ്രായപ്പെടുമ്പോള്‍ ഓണ്‍ലൈന്‍ പഠനം ഒട്ടും തന്നെ ഫലപ്രദമല്ലെന്ന് നിരവധിപ്പേര്‍ അഭിപ്രായപ്പെടുന്നു.
ഡല്‍ഹിയിലെ മലിനീകരണ പ്രശ്നം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും അതിനെ നേരിടാന്‍ വര്‍ഷങ്ങളായി പരാജയപ്പെടുന്ന ഭരണ സംവിധാനം ഇപ്പോള്‍ കുട്ടികളെയും രക്ഷിതാക്കളെയും ഇരകളാക്കുകയാണെന്നും ആരോപണം ഉയരുന്നുണ്ട്. പല കുട്ടികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകളില്‍ പഠനം നടത്തുന്നതിന് മതിയായ ഇലക്ട്രോണ് ഉപകരണങ്ങളില്ലെന്ന് രക്ഷിതാക്കളുടെ പരാതിയുണ്ട്. അതേസമയം നേരിട്ടുള്ള ക്ലാസുകളെ അപേക്ഷിച്ച് ഡല്‍ഹിയില്‍ ഇപ്പോള്‍ നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒട്ടും തന്നെ ഫലപ്രദമല്ലെന്നാണ് മിക്ക രക്ഷിതാക്കളുടെയും പരാതി.
ദിവസവും ഒന്നോ രണ്ടോ ക്ലാസുകളാണ് നടക്കുന്നതെന്നാണ് പ്രധാന ആരോപണം. കുട്ടികള്‍ക്ക് ക്ലാസുകള്‍ ഉണ്ടെന്ന് അറിയിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഫോണുകള്‍ വീട്ടില്‍ വെച്ചിട്ട് ജോലിക്ക് പോകുന്ന മാതാപിതാക്കള്‍ വൈകുന്നേരം തിരിച്ചെത്തി അന്വേഷിക്കുമ്പോള്‍ ആകെ ഒന്നോ രണ്ടോ ക്ലാസുകള്‍ മാത്രമാണ് നടന്നതെന്നായിരിക്കും കുട്ടികളില്‍ നിന്ന് മനസാക്കുന്നത്. കുട്ടികളെ വീട്ടിലിരുത്തിക്കൊണ്ട് മലിനീകരണ പ്രശ്നം പരിഹരിക്കാന്‍ സാധിക്കില്ലെന്നും അതിന് സര്‍ക്കാര്‍ ഉറച്ച നടപടികള്‍ സ്വീകരിക്കുകയും സ്കൂള്‍ അടച്ചിടുന്നത് ഒഴിവാക്കുകയും വേണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം.
അതേസമയം ചൊവ്വാഴ്ച ഡല്‍ഹിയിലെ മലിനീകരണ തോതില്‍ അല്‍പം കുറവ് വന്നിട്ടുണ്ട്. അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം 'ഗുരുതരം (Severe)' എന്ന സ്ഥിതിയില്‍ നിന്ന് വളരെ മോശം (Very poor) എന്ന തോതിലേക്ക് മാറി. അഞ്ച് ദിവസമായി ഡല്‍ഹിയിലെ വായു ഗുണനിലവാരം Severe സ്ഥിതിയിലായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം രാജ്യ തലസ്ഥാനത്തെ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 421 ആയിരുന്നെങ്കില്‍ ചൊവ്വാഴ്ച വൈകുന്നേരം ഇത് 394 ആയി മെച്ചപ്പെട്ടു.
അതേസമയം കുട്ടികളുടെ ആരോഗ്യ സ്ഥിതി കണക്കിലെടുത്താണ് സ്കൂളുകള്‍ അടച്ചിടുന്നതെന്നും എല്ലാ വര്‍ഷവും ഇത് പതിവായ സാഹചര്യത്തില്‍ കുട്ടികളുടെ വാര്‍ഷിക അദ്ധ്യയന കലണ്ടറില്‍ തന്നെ ഒരു 'മലിനീകരണ അവധി' കൂടി പ്രഖ്യാപിക്കണമെന്നായിരുന്നു ഡല്‍ഹി പേരന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് അപരാജിത ഗൗതം വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചത്. മലിനീകരണ തോത് ഉയരുമ്പോള്‍ നിരവധി കുട്ടികള്‍ രോഗികളാവുകയും ശ്വാസ തടസം പോലുള്ള പ്രശ്നങ്ങള്‍ നേരിടുകയും ചെയ്യുന്നതായും അവര്‍ അഭിപ്രായപ്പെട്ടു.