നെഹ്റു യുവ കേന്ദ്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു; 25,000 രൂപയും പ്രശസ്തിപത്രവും
വിവിധ മേഖലകളില്‍ 2020 ഏപ്രില്‍ ഒന്ന് മുതല്‍ 2021 മാര്‍ച്ച് 31 വരെ ക്ലബ് സംഘടിപ്പിച്ച പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ജില്ലാ കളക്ടര്‍ ചെയര്‍മാനായ സമിതി അവാര്‍ഡ് നല്‍കുക.
തിരുവനന്തപുരം: യുവജനക്ഷേമ-കായിക മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യൂത്ത് ക്ലബുകള്‍ക്കുള്ള (youth clubs) നെഹ്റു യുവ കേന്ദ്ര അവാര്‍ഡിന് (nehru yuvakendra award) അപേക്ഷ ക്ഷണിച്ചു. വിവിധ മേഖലകളില്‍ 2020 ഏപ്രില്‍ ഒന്ന് മുതല്‍ 2021 മാര്‍ച്ച് 31 വരെ ക്ലബ് സംഘടിപ്പിച്ച പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ജില്ലാ കളക്ടര്‍ ചെയര്‍മാനായ സമിതി അവാര്‍ഡ് നല്‍കുക. 25,000 രൂപയും പ്രശസ്തിപത്രവുമാണ് ജില്ലാതല അവാര്‍ഡ്. സംസ്ഥാന തലത്തില്‍ 75000 രൂപയും ദേശീയ തലത്തില്‍ മൂന്ന് ലക്ഷം, ഒരു ലക്ഷം, 50000 എന്ന ക്രമത്തില്‍ മൂന്ന് അവാര്‍ഡുകളുമാണുള്ളത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ അവാര്‍ഡ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.
പ്രത്യേക മാതൃകയിലുള്ള അപേക്ഷയില്‍ ഫോട്ടോ, വീഡിയോ, പത്ര കട്ടിംഗുകള്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്ത കഴിഞ്ഞ വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ സഹിതം ഡിസംബര്‍ എഴിന് മുമ്പായി അപേക്ഷിക്കണമെന്ന് ജില്ലാ യൂത്ത് ഓഫീസര്‍ അറിയിച്ചു. വിലാസം-ജില്ലാ യൂത്ത് ഓഫീസര്‍, നെഹ്റു യുവ കേന്ദ്ര, താരാപഥം ലെയിന്‍, കുന്നുകുഴി, വഞ്ചിയൂര്‍ പി ഒ, തിരുവനന്തപുരം - 695035. ഫോണ്‍: 0471-2301206, 9526855487.
തൊഴിലധിഷ്ഠിത കോഴ്സുകളില്‍ സീറ്റൊഴിവ്
കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് & ട്രെയ്നിംഗിന്റെ തിരുവനന്തപുരം ഡിവിഷനില്‍ ആരംഭിക്കുന്ന ഗവണ്‍മെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്കിംഗ്, ഡിപ്ലോമ ഇന്‍ മള്‍ട്ടിമീഡിയ, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് എന്നീ കോഴ്സുകളിലാണ് ഒഴിവ്. പട്ടികജാതി, പട്ടികവര്‍ഗ്ഗ, മറ്റ് അര്‍ഹ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ഫീസ് സൗജന്യമാണ്. സ്‌റ്റൈപ്പന്റും ലഭിക്കും. ഒ.ബിസി, എസ്.ഇ ബി.സി, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും.
താല്‍പ്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നേരിട്ട് ഹാജരാകണമെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0471 2474720, 0471 2467728. വെബ്സൈറ്റ്: www.captkerala.com.