10 രൂപ ലാഭിക്കാൻ ദിവസം 3 കിലോമീറ്റർ നടന്നു; ട്യൂഷനെടുത്ത് പഠിക്കാൻ പണം കണ്ടെത്തി; ആരതി നീറ്റ് നേടിയതിങ്ങനെ...
20 വർഷമായി ആരതിയുടെ അച്ഛൻ ട്രക്ക് മെക്കാനിക്കായി ജോലി ചെയ്യുന്നു. മാസം കിട്ടുന്ന 20,000 രൂപ കൊണ്ടാണ് ഒരു വലിയ കുടുംബത്തെ അദ്ദേഹം പോറ്റുന്നത്.
ദില്ലി: രാജ്യത്തെ ഏറ്റവും പ്രയാസമേറിയ പ്രവേശന പരീക്ഷകളിലൊന്നാണ് നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് എക്സാം (നീറ്റ്). ഡോക്ടറാകുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് ഓരോ വർഷവും ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് നീറ്റ് പരീക്ഷയെഴുതുന്നത്. നീറ്റ് പരീക്ഷ ഫലം പുറത്തുവരുന്ന സമയത്ത്, പ്രതിസന്ധികളോടും പ്രയാസങ്ങളോടും പൊരുതി ലക്ഷ്യത്തിലെത്തുന്ന നിരവധി വിദ്യാർത്ഥികളെക്കുറിച്ചുള്ള വാർത്തകളും പുറത്തുവരാറുണ്ട്. അതിലൊരാളായ ആരതി ധാ എന്ന പെൺകുട്ടിയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.
ഈ വർഷമാണ് ആരതി നീറ്റ് പരീക്ഷയെഴുതുന്നതും 21ാമത്തെ വയസ്സിൽ മികച്ച സ്കോർ നേടി പാസ്സാകുന്നതും. ഈ നേട്ടത്തിലേക്കുള്ള ആരതിയുടെ യാത്ര അത്രയെളുപ്പമായിരുന്നില്ല. ഒരു ട്രക്ക് മെക്കാനിക്കിന്റെ മകളാണ് ആരതി. വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന കുടുംബത്തിലെ അംഗം കൂടിയാണ് ഈ പെൺകുട്ടി. 20 വർഷമായി ആരതിയുടെ അച്ഛൻ ട്രക്ക് മെക്കാനിക്കായി ജോലി ചെയ്യുന്നത്. മാസം കിട്ടുന്ന 20,000 രൂപ കൊണ്ടാണ് ഒരു വലിയ കുടുംബത്തെ അദ്ദേഹം പോറ്റുന്നത്. ഈ തുകയിൽ നിന്ന് മിച്ചം പിടിച്ചാണ് ആരതിയുടെ മാതാപിതാക്കൾ അവളെ നീറ്റ് പരീക്ഷ പരിശീലനത്തിന് ചേർത്തത്.
വീട്ടിൽ നിന്ന് 17 കിലോമീറ്റർ അകലെയായിരുന്നു ആരതിയുടെ കോച്ചിംഗ് സെന്റർ. അത്രയും ദൂരം യാത്ര ചെയ്യാനുള്ള പണമില്ലാത്തതിനാൽ പകുതി ദൂരം ബസിൽ യാത്ര ചെയ്യും. 10 രൂപ ലാഭിക്കാനായി ദിവസവും 3 കിലോമീറ്റർ നടക്കുകയും ചെയ്യും. നീറ്റ് പരിശീലനത്തിന് വേണ്ടിയും കുടുംബത്തെ സഹായിക്കുന്നതിനായും ആരതി ട്യൂഷൻ ക്ലാസുകളുമെടുത്തു.
ചില ദിവസങ്ങളിൽ ആരതിയുടെ അച്ഛൻ അവളെ കോച്ചിംഗ് സെന്ററിൽ കൊണ്ടുവിടാറുണ്ട്. എന്നാൽ ജോലിക്ക് പോകേണ്ടതിനാൽ അദ്ദേഹത്തിന് എന്നുമത് സാധിക്കാറില്ല. കോച്ചിംഗ് സെന്ററിലേക്കുള്ള നടത്തവും പതിവായുള്ള ട്യൂഷൻ പഠിപ്പിക്കലും കാരണം പലപ്പോഴും ആരതി ക്ഷീണിതയാകും. എന്നാൽ പഠനത്തെ ഷീണം ബാധിക്കാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചു. എന്നാൽ ഈ മടുപ്പിനെ മറികടക്കാൻ അവളൊരു വിദ്യ കണ്ടുപിടിച്ചു. ഫാൻ ഓഫ് ചെയ്തിട്ടാണ് പഠിക്കാനിരിക്കുക. പെട്ടെന്ന് ഉറക്കം വരാതിരിക്കാനും പഠനത്തിലെ ഏകാഗ്രത നഷ്ടപ്പെടാതിരിക്കാനും വേണ്ടിയായിരുന്നു ഇത്.
വളരെയേറെ പ്രതിസന്ധികൾ സഹിച്ചിട്ടാണെങ്കിലും ആരതി ഒടുവിൽ അവളുടെ ലക്ഷ്യത്തിലെത്തുക തന്നെ ചെയ്തു. 2023 ലെ നീറ്റ് പരീക്ഷയിൽ 192 റാങ്കും ഒബിസി വിഭാഗത്തിൽ 33ാം റാങ്കും നേടിയാണ് ആരതി വിജയിച്ചത്. അങ്ങനെ ആ കുടുംബത്തിലെ ആദ്യ ഡോക്ടറാകാന്‍ ഒരുങ്ങുകയാണ് ആരതി ധാ. ലക്ഷ്യം നേടണമെന്ന ദൃഢനിശ്ചയമുണ്ടെങ്കിൽ ഏത് പ്രതിസന്ധികളെയും തരണം ചെയ്യാൻ സാധിക്കുമെന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ പെൺകുട്ടി.
11ാം വയസ്സിൽ വിവാഹം, 20ാമത്തെ വയസ്സിൽ പിതാവ്, 21ാമത്തെ വയസ്സിൽ നീറ്റ് പരീക്ഷയിൽ ഉന്നതവിജയം