സിവില്‍ സര്‍വ്വീസ് സ്വപ്നത്തിന് അന്ധത തടസമായില്ല; 25കാരിക്ക് അഭിനന്ദനവുമായി കൈഫ്
യുപിഎസ്സി പരീക്ഷയില്‍ 286ാം റാങ്ക് നേടിയ മധുര സ്വദേശി പൂര്‍ണ സുന്ദരിക്കാണ് കൈഫിന്‍റെ അഭിനന്ദനം. ഒരിക്കലും നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുന്നത് അവസാനിപ്പിക്കരുതെന്ന കുറിപ്പോടെയാണ് പൂര്‍ണയെ അഭിനന്ദിച്ചുകൊണ്ടുള്ള കൈഫിന്‍റെ കുറിപ്പ്.
ചെന്നൈ: സിവില്‍ സര്‍വ്വീസ് സ്വപ്നം പൂവണിയാന്‍ ശരീരത്തിന്‍റെ പരിമിതികള്‍ വെല്ലുവിളിയാവില്ലെന്ന് തെളിയിച്ച ഇരുപത്തിയഞ്ചുകാരിക്ക് അഭിനന്ദനവുമായി മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. യുപിഎസ്സി പരീക്ഷയില്‍ 286ാം റാങ്ക് നേടിയ മധുര സ്വദേശി പൂര്‍ണ സുന്ദരിക്കാണ് കൈഫിന്‍റെ അഭിനന്ദനം. അന്ധത പൂര്‍ണയുടെ സിവില്‍ സര്‍വ്വീസ് നേട്ടത്തിന് വിലങ്ങുതടിയായില്ല.
വായിച്ച് പഠിക്കുക എന്നത് അസാധ്യമായിരുന്ന പൂര്‍ണയ്ക്ക് കുടുംബവും സുഹൃത്തുക്കളും പഠിക്കാനുള്ളത് ഓഡിയോ ഫോര്‍മാറ്റിലാക്കി നല്‍കുകയായിരുന്നു. ഒരിക്കലും നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുന്നത് അവസാനിപ്പിക്കരുതെന്ന കുറിപ്പോടെയാണ് പൂര്‍ണയെ അഭിനന്ദിച്ചുകൊണ്ടുള്ള കൈഫിന്‍റെ കുറിപ്പ്. സ്റ്റഡി മെറ്റീരിയലുകള്‍ രാവും പകലുമില്ലാതെ ഓഡിയോ ഫോര്‍മാറ്റിലാക്കിയത് മാതാപിതാക്കളും സുഹൃത്തുക്കളുമാണെന്ന് പൂര്‍ണ പറയുന്നു.
നാലാമത്തെ ശ്രമത്തിലാണ് പൂര്‍ണ 286ാം റാങ്ക് നേടുന്നത്. തന്‍റെ വിജയം മാതാപിതാക്കള്‍ക്കാണ് സമര്‍പ്പിക്കുന്നതെന്നും അവര്‍ എന്നെ പിന്തുണയ്ക്കുന്നതില്‍ പിന്നോട്ട് പോയിരുന്നില്ലെന്ന് പൂര്‍ണ റിസല്‍ട്ട് വന്നതിന് പിന്നാലെ പ്രതികരിച്ചിരുന്നു. അഞ്ച് വര്‍ഷമാണ് സിവില്‍ സര്‍വ്വീസ് എന്ന ലക്ഷ്യത്തിനായി പൂര്‍ണ ചിലവാക്കിയത്. പതിനൊന്നാം ക്ലാസുമുതലുള്ള മോഹമാണ് ഇരുപത്തഞ്ചാം വയസില്‍ പൂവണിഞ്ഞതെന്ന് പൂര്‍ണ പറയുന്നത്. വിഭ്യാഭായ്സം, വനിതാ ശാക്തീകരണം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്നാണ് പൂര്‍ണ പറയുന്നത്.