E-Shram Registration| ഇ-ശ്രം രജിസ്‌ട്രേഷൻ: ഭിന്നശേഷിക്കാരായ അസംഘടിത തൊഴിലാളികൾക്കായി പ്രത്യേക ക്യാമ്പ്
18 വയസ് പൂർത്തിയായവരും, ഇ.പി.എഫ്/ഇ.എസ്.ഐ അംഗത്വം ഇല്ലാത്തവരും ആദായ നികുതി അടയ്ക്കാത്തവരുമായ ഭിന്നശേഷിക്കാരായ അസംഘടിത തൊഴിലാളികൾക്ക് പങ്കെടുക്കാം.
തിരുവനന്തപുരം: രാജ്യത്ത് 18 വയസിനും 59 വയസിനും ഇടയിലുള്ള അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കായുള്ള ഇ-ശ്രം പോർട്ടലിൽ (E shram Portal) രജിസ്റ്റർ ചെയ്യുന്നതിനായി തിരുവനന്തപുരം ജില്ലയിലെ ഭിന്നശേഷിക്കാരായ അസംഘടിത തൊഴിലാളികൾക്കായി (Unorganized laboures) പ്രത്യേക ക്യാമ്പ് (Special Camp) സംഘടിപ്പിക്കും. പി.എം.ജി വികാസ്ഭവൻ ഡിപ്പോയ്ക്ക് എതിർവശത്തുള്ള തൊഴിൽ ഭവനിൽ 15 ന് രാവിലെ 10 ന് ആരംഭിക്കുന്ന ക്യാമ്പ് വി.കെ പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
18 വയസ് പൂർത്തിയായവരും, ഇ.പി.എഫ്/ഇ.എസ്.ഐ അംഗത്വം ഇല്ലാത്തവരും ആദായ നികുതി അടയ്ക്കാത്തവരുമായ ഭിന്നശേഷിക്കാരായ അസംഘടിത തൊഴിലാളികൾക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷൻ സൗജന്യമാണ്. രജിസ്റ്റർ ചെയ്യുന്നവർക്കായി സൗജന്യമായി കാർഡ് വിതരണവും ഉണ്ടായിരിക്കും. ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന തൊഴിലാളികൾക്ക് പി.എം.എസ്.ബി.വൈ പ്രകാരമുള്ള ഇൻഷുറൻസ് പരിരക്ഷ ഒരു വർഷത്തേക്ക് സൗജന്യമായിരിക്കും. കേന്ദ്ര സർക്കാരിന്റെ അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇ-ശ്രം രജിസ്‌ട്രേഷൻ ഉള്ളവർക്കേ ലഭിക്കൂ.
തൊഴിൽവകുപ്പ് സംഘടിപ്പിക്കുന്ന പ്രത്യേക ക്യാമ്പുകളിൽ രജിസ്റ്റർ ചെയ്യുന്നതിന് പുറമേ അസംഘടിത മേഖലയിൽപ്പെട്ട നിർമ്മാണ തൊഴിലാളികൾ, ഗാർഹിക തൊഴിലാളികൾ, കർഷക തൊഴിലാളികൾ, സ്വയംതൊഴിലിൽ ഏർപ്പെട്ടിട്ടുള്ളവർ, ആശാവർക്കർമാർ, അംഗൻവാടി വർക്കർമാർ, അസംഘടിത മേഖലയിലുള്ള തോട്ടം തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയ മേഖലയിലുള്ള എല്ലാവർക്കും www.eshram.gov.in ൽ നേരിട്ടും രജിസ്റ്റർ ചെയ്യാം. ഇതിന് ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ, ദേശസാൽകൃത ബാങ്ക് പാസ്ബുക്ക് എന്നിവ ഉപയോഗിക്കാം. ഇതിനു പുറമേ അക്ഷയ സെന്ററുകൾ, കോമൺ സർവീസ് സെന്ററുകൾ എന്നിവ വഴിയും സൗജന്യമായി രജിസ്‌ട്രേഷൻ നടത്താം. ഇതിന് വേണ്ടിവരുന്ന തുക സർക്കാർ വഹിക്കും.