Union Budget : കേന്ദ്രബജറ്റ് ചെറുകിട വ്യാപാര മേഖലയ്ക്ക് ആശ്വാസകരമല്ല: രാജു അപ്‌സര
കൊവിഡ് മഹാമാരി മൂലം ദുരിതം അനുഭവിക്കുന്ന വ്യാപാര മേഖലക്ക് ബാങ്ക് പലിശ ഇനത്തില്‍ യാതൊരു ഇളവുകളും പ്രഖാപിക്കാത്തത് പ്രതിഷേധാര്‍ഹമാണ്.
തിരുവനന്തപുരം: കേന്ദ്ര ബജറ്റ് (Union Budget) ചെറുകിട വ്യാപാര മേഖലക്ക് ഗുണകരമല്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഭാരതീയ ഉദ്യോഗ് വ്യാപാര്‍ മണ്ഡല്‍ ദേശീയ വൈസ് പ്രസിഡന്റുമായ രാജു അപ്‌സര (Raju Apsara). ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ (Nirmala Sitaraman) അവതരിപ്പിച്ച ബജറ്റില്‍ എം.എസ്.എം.ഇ മേഖലക്ക് 2 ലക്ഷം കോടി രൂപ നീക്കി വെച്ചത പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍, കൊവിഡ് മഹാമാരി മൂലം ദുരിതം അനുഭവിക്കുന്ന വ്യാപാര മേഖലക്ക് ബാങ്ക് പലിശ ഇനത്തില്‍ യാതൊരു ഇളവുകളും പ്രഖാപിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് കാരണം 2 ലക്ഷത്തിലധികം വ്യാപാരികള്‍ വ്യാപാരം നിര്‍ത്തി. ആയിരക്കണക്കിനു വ്യാപാരികള്‍ ആത്മഹത്യചെയ്തു. ദുരിതം അനുഭവിക്കുന്ന വ്യാപാരികളുടെ കുടുംബത്തെ സഹായിക്കുന്ന തരത്തിലുള്ള യാതൊരു നിര്‍ദേശവും ബജറ്റില്‍ ഉള്‍പ്പെടുത്താത്തത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
തെറ്റായ റിട്ടേണ്‍ സമര്‍പ്പിച്ച ആദായ നികുതിദായകര്‍ക്ക് റിടേണ്‍ തിരുത്തി സമര്‍പ്പിക്കുവാന്‍ 2 വര്‍ഷത്തെ സാവകാശം നല്‍കിയപ്പോള്‍, ജി.എസ്.ടി സാങ്കേതിക കരാര്‍ കാരണം ലക്ഷക്കണക്കിനു വ്യാപാരികള്‍ പലിശയിനത്തിലും പെനാല്‍റ്റിയിനത്തിലും, കോടികള്‍ അടയ്‌ക്കേണ്ട സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.