Budget 2022 : കാര്‍ഷിക മേഖലയില്‍ വന്‍ പ്രഖ്യാപനങ്ങളില്ല; നദീസംയോജന പദ്ധതി, താങ്ങുവിലയ്ക്ക് 2.37 ലക്ഷം കോടി രൂപ

കിസാൻ സമ്മാൻ നിധിയിലെ തുക ഉയർത്തുമെന്ന സൂചനകളുമുണ്ടായിരുന്നു. എന്നാൽ മേഖലയുടെ ഉത്തേജനത്തിന് വമ്പൻ പദ്ധതികൾ ഇല്ല. 

Budget 2022 : There are no big announcements for the agricultural sector in the Union Budget

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോഴും കേന്ദ്ര ബജറ്റിൽ (Budget 2022) കാർഷിക മേഖലയ്ക്ക് വമ്പൻ പ്രഖ്യാപനങ്ങൾ ഇല്ല. ഉത്തർപ്രദേശ് ഉൾപ്പടെ സംസ്ഥാനങ്ങൾ പോളിംഗ് ബൂത്തിലേക്ക് എത്തുന്ന സാഹചര്യത്തിൽ കാർഷിക മേഖലയ്ക്ക് വലിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ പ്രതീക്ഷിച്ചിരുന്നു. കിസാൻ സമ്മാൻ നിധിയിലെ തുക ഉയർത്തുമെന്ന സൂചനകളുമുണ്ടായിരുന്നു. എന്നാൽ മേഖലയുടെ ഉത്തേജനത്തിന് വമ്പൻ പദ്ധതികൾ ഇല്ല. പ്രധാനമായി നെല്ല്, ഗോതമ്പ് ഉൾപ്പടെ വിളകളുടെ താങ്ങുവിലയ്ക്ക് 2.37 ലക്ഷം കോടി രൂപ മാറ്റിവച്ചു. കഴിഞ്ഞ ബജറ്റിൽ ഇത് 2.48 ലക്ഷം കോടി രൂപയായിരുന്നു. 

എണ്ണക്കുരുക്കളുടെ ഇറക്കുമതി കുറയ്ക്കും. പകരം തദ്ദേശീയമായി ഉൽപ്പാദനം കൂട്ടും. ചോളം ഉൾപ്പടെ ചെറുധാന്യങ്ങളുടെ കൃഷിക്കും മൂല്യവർധനക്കും പ്രാധാന്യം നൽകും. കൃഷി ശാസ്ത്രീയമാക്കാൻ ഡ്രോണുകളുടെ സഹായം കർഷകർക്ക് നൽകും. കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ അടക്കമുള്ള കാര്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഉൽപ്പാദന ചെലവ് കുറക്കുന്നതിനും കാർഷിക കടങ്ങൾ എഴുതി തള്ളുന്നതിനും പ്രഖ്യാപനങ്ങൾ ഇല്ലെന്ന വിമർശനം കർഷക സംഘടനകൾ ഉയർത്തി.

അതേസമയം 44605 കോടി രൂപയുടെ നദീ സംയോജന പദ്ധതി കര്‍ഷകര്‍ക്ക് പ്രതീക്ഷയേകുന്നതാണ്. ഒന്‍പത് ലക്ഷം കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകുമെന്നാണ് കണക്ക്. 62 ലക്ഷം പേര്‍ക്ക് കുടിവെള്ളവും 103 മെഗാവാട്ടിന്റെ ജലവൈദ്യുതിയും ഇതിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമാക്കുന്നു. കൂടാതെ ഗ്രാമീണമേഖലയിൽ അടക്കം ഭവന നിർമ്മാണത്തിന് പ്രധാനമന്ത്രി ആവാസ് യോജനപ്രകാരം 80 ലക്ഷം വീടുകൾ പൂർത്തിയാക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ  പ്രഖ്യാപിച്ചു. ഇതിനായി 48000 കോടി രൂപ നൽകും. 

ഗ്രാമീണമേഖലയിൽ ഡിജിറ്റൽ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുന്ന പദ്ധതികളും മൂന്ന് വർഷത്തിനുള്ളിൽ എല്ലാ ഗ്രാമങ്ങളെയും ഫൈബർ ഒപ്റ്റിക്കൽ ശൃംഖലയുമായി ബന്ധപ്പിക്കുന്നതിനുള്ള കർമ്മപദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഗ്രാമീണമേഖലയുടെ വികസനത്തിനായി നടപ്പ് സാമ്പത്തിക വർഷം നൽകിയ തുകയേക്കാൾ 17,614 കോടി രൂപയുടെ കുറവാണ് പുതിയ ബജറ്റിലുള്ളത്.

Latest Videos
Follow Us:
Download App:
  • android
  • ios