Budget 2022 Digital Rupee : വരുന്നൂ ആർബിഐ ഡിജിറ്റൽ കറൻസി; നിർണ്ണായക പ്രഖ്യാപനവുമായി നിർമ്മല സീതാരാമൻ
ബ്ലോക്ക് ചെയിൻ അധിഷ്ഠിത സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും പുതിയ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയെന്നാണ് ബജറ്റ് പ്രഖ്യാപനം. സാമ്പത്തിക മേഖലയ്ക്ക് ഡിജിറ്റൽ കറൻസി പുത്തൻ ഉണർവ്വ് നൽകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രതീക്ഷ പ്രകടിപ്പിച്ചു.
ദില്ലി: രാജ്യത്തിന്‍റെ സ്വന്തം ഡിജിറ്റൽ കറൻസി (Digital Currency) ഈ വർഷം തന്നെ യാഥാർത്ഥ്യമാക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. റിസർവ്വ് ബാങ്കിന്റെ സമ്പൂർണ്ണ നിയന്ത്രണത്തിൽ നിൽക്കുന്ന ഡിജിറ്റൽ കറൻസി ഈ സാമ്പത്തിക വർഷം തന്നെ പുറത്തിറക്കുമെന്നാണ് പ്രഖ്യാപനം. ഇന്ത്യ ഒരു സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി പുറത്തിറക്കുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. പൂർണ്ണമായും ഭരണകൂടത്തിന്റെ നിയന്ത്രണത്തിൽ നിൽക്കുന്നതായിരിക്കും പുതിയ ഡിജിറ്റൽ കറൻസി.
ബ്ലോക്ക് ചെയിൻ അധിഷ്ഠിത സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും പുതിയ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയെന്നാണ് ബജറ്റ് പ്രഖ്യാപനം. സാമ്പത്തിക മേഖലയ്ക്ക് ഡിജിറ്റൽ കറൻസി പുത്തൻ ഉണർവ്വ് നൽകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രതീക്ഷ പ്രകടിപ്പിച്ചു.
2022-2023 സാമ്പത്തിക വർഷത്തിൽ തന്നെ 'ഡിജിറ്റൽ റൂപ്പീ' യാഥാർത്ഥ്യമാക്കുമെന്നാണ് നിർമ്മല സീതാരാമൻ്റെ പ്രഖ്യാപനം. വെർച്ച്വുൽ ആസ്തികളുടെ കൈമാറ്റത്തിലൂടെ കിട്ടുന്ന ലാഭത്തിന് 30 ശതമാനം നികുതിയും ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് രാജ്യത്തെ ഏറ്റവും ഉയർന്ന നികുതി നിരക്കാണ്.
ബിറ്റ് കോയിനും എഥീറിയവും അടക്കമുള്ള ക്രിപ്റ്റോ കറൻസികൾ ഭരണകൂടങ്ങളുടേയും ദേശീയ ബാങ്കിംഗ് സംവിധാനത്തിന്‍റെയും ചട്ടക്കൂടുകൾക്ക് പുറത്താണ്, ഇവയ്ക്ക് നിയന്ത്രണമേർപ്പെടുത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടെങ്കിലും ബജറ്റ് പ്രസംഗത്തിൽ ഈ വിഷയം നിർമ്മല സീതാരാമൻ പരാമർശിച്ചില്ല. കേന്ദ്രീകൃത ഡിജിറ്റൽ കറൻസി പൂർണ്ണമായും ഭരണകൂട നിയന്ത്രണത്തിലായിരിക്കും. ക്രിപ്റ്റോയുടെ കാര്യത്തിൽ കേന്ദ്ര നിലപാട് എന്തായിരിക്കുമെന്ന പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
25 വർഷത്തെ വളർച്ചയ്ക്ക് അടിത്തറപാകുന്ന ബജറ്റെന്നാണ് ഒന്നര മണിക്കൂർ പ്രസംഗത്തെ ധനമന്ത്രി വിശേഷിപ്പിച്ചത്. ആദായ നികുതി സ്ലാബുകളിൽ മാറ്റമോ പുതിയ ഇളവുകളോ ഈ ബജറ്റിൽ പ്രഖ്യാപിച്ചില്ല. ആദായ നികുതി റിട്ടേൺ പരിഷ്കരിക്കുമെന്ന പ്രഖ്യാപനം ധനമന്ത്രി നടത്തി. തെറ്റുകൾ തിരുത്തി റിട്ടേൺ സമർപ്പിക്കാൻ രണ്ട് വർഷം വരെ സമയം ഉണ്ടാകും. 5ജി സേവനങ്ങൾ അടുത്ത സാമ്പത്തിക വർഷം തന്നെ ലഭ്യമാകുമെന്ന പ്രഖ്യാപനവും നിർമ്മല സീതാരാമൻ നടത്തി.