നിരത്ത് കീഴടക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്; 650 സിസി കരുത്തില്‍ പുതിയ രണ്ട് മോഡലുകള്‍ ഉടനെത്തും
റോയൽ എൻഫീൽഡ് മെറ്റിയോര്‍ 650, ഷോട്ട്ഗണ്‍ 650 എന്നിവ ഇറ്റലിയിലെ മിലാനിൽ നടക്കുന്ന പ്രീമിയർ മോട്ടോർസൈക്കിൾ എക്‌സ്‌പോയിൽ അനാവരണം ചെയ്യപ്പെടുമെന്ന ഊഹാപോഹങ്ങൾ ശക്തമാണ്.
മുംബൈ: ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ റോയൽ എൻഫീൽഡ് മൂന്ന് പുതിയ 650 സിസി മോട്ടോർസൈക്കിളുകളുടെ പണിപ്പുരയിലാണ്. ഈ മോഡലുകളുടെ പരീക്ഷണയോട്ട ദൃശ്യങ്ങള്‍ നിരവധി തവണ ക്യാമറയിൽ പതിഞ്ഞിരുന്നു. കമ്പനിയുടെ പുതിയ 650 സിസി ബൈക്ക് ശ്രേണിയിൽ റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ 650, റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650, റോയൽ എൻഫീൽഡ് സ്‌ക്രാംബ്ലർ 650 എന്നിവ ഉൾപ്പെടും. റോയൽ എൻഫീൽഡ് മെറ്റിയോര്‍ 650, ഷോട്ട്ഗണ്‍ 650 എന്നിവ ഇറ്റലിയിലെ മിലാനിൽ നടക്കുന്ന പ്രീമിയർ മോട്ടോർസൈക്കിൾ എക്‌സ്‌പോയിൽ അനാവരണം ചെയ്യപ്പെടുമെന്ന ഊഹാപോഹങ്ങൾ ശക്തമാണ്. മോട്ടോർസൈക്കിൾ ഇവന്‍റ് 2022 നവംബർ 8 മുതൽ 13 വരെ നടക്കും.
പുതിയ റോയൽ എൻഫീൽഡ് 650 സിസി ബൈക്കുകളുടെ ഇന്ത്യയിലെ ലോഞ്ച് ടൈംലൈൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇരു മോഡലുകളും അടുത്ത വർഷം വിൽപ്പനയ്‌ക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബർ 18 മുതൽ 20 വരെ ഗോവയിൽ നടക്കുന്ന റൈഡർ മാനിയ 2022-ൽ റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ 650, ഷോട്ട്ഗൺ 650 എന്നിവ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു .
റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവയിലെ അതേ 648 സിസി, പാരലൽ ട്വിൻ സിലിണ്ടർ എഞ്ചിൻ തന്നെയാണ് പുതിയ റോയൽ എൻഫീൽഡ് 650 മോട്ടോർസൈക്കിളുകളിലും ഉപയോഗിക്കുന്നത്. 47പിഎസും 52എൻഎം ടോർക്കും ഈ എഞ്ചിനപകള്‍ സൃഷ്‍ടിക്കും. ഇരു മോഡലുകൾക്കും സ്ലിപ്പറും അസിസ്റ്റ് ക്ലച്ചുമുള്ള ആറ് സ്പീഡ് ഗിയർബോക്‌സ് ഉണ്ടായിരിക്കും. മുൻവശത്ത് യുഎസ്‍ഡി ഫോർക്കുകളും പിന്നിൽ ഇരട്ട ഷോക്ക് അബ്സോർബറുകളും സസ്പെൻഷൻ ഡ്യൂട്ടി നിർവഹിക്കും. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കിൽ നിന്ന് ബ്രേക്കിംഗ് പവർ ലഭിക്കും. ഡ്യുവൽ-ചാനൽ എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) സ്റ്റാൻഡേർഡായി വരും.
Read More : അമ്പരപ്പിക്കും വിൽപ്പനയുമായി എൻഫീൽഡിന്‍റെ 'വേട്ടക്കാരൻ'
റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ 650-ൽ റെട്രോ ശൈലിയിലുള്ള റൗണ്ട് ഹെഡ്‌ലാമ്പ്, ടെയ്‌ലാമ്പ്, ടേൺ ഇൻഡിക്കേറ്ററുകൾ, വലിയ വിൻഡ്‌ഷീൽഡ്, ക്രോം ക്രാഷ് ഗാർഡുകൾ, റോഡ്-ബയേസ്ഡ് ടയറുകളുള്ള അലോയ് വീലുകൾ, ഫോർവേഡ് ഫുട്‌പെഗുകൾ, ഫാറ്റർ റിയർ ഫെൻഡർ, ലോ സ്ലംഗ്, ഇരട്ട പൈപ്പ് എക്സോസ്റ്റ്എന്നിവ ഉൾപ്പെടുന്നു. റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650 ന് വൃത്താകൃതിയിലുള്ള ഹാലൊജൻ ഹെഡ്‌ലാമ്പും ടേൺ ഇൻഡിക്കേറ്ററുകളും, ബ്ലാക്ക് ഫിനിഷോടുകൂടിയ പീസ്-ഷൂട്ടർ എക്‌സ്‌ഹോസ്റ്റുകളും സ്പ്ലിറ്റ് സീറ്റുകളും ഉണ്ടായിരിക്കും. രണ്ട് ബൈക്കുകളിലും ട്രിപ്പർ ടേൺ-ബൈ-ടേൺ നാവിഗേഷനും സെമി-ഡിജിറ്റൽ, ട്വിൻ-പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉണ്ടാകും.