ഫുൾ ചാർജ്ജിൽ 175 കിമീ, 45 മിനിറ്റിൽ 80 ശതമാനം ചാർജ്, വില ഇത്രമാത്രം! വിസ്മയിപ്പിക്കും ഇ- ബൈക്ക്
ഈ ബൈക്കിന്‍റെ പ്രാരംഭ എക്സ്-ഷോറൂം വില 89,999 രൂപയാണ്. അതിൻ്റെ റേഞ്ച് 175 കിലോമീറ്ററാണെന്നും ഇത് 45 മിനിറ്റിനുള്ളിൽ 80 ശതമാനം വരെ ചാർജ് ചെയ്യുമെന്നും കമ്പനി അവകാശപ്പെടുന്നു.
ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഒബെൻ ഇലക്ട്രിക് അതിൻ്റെ ജനപ്രിയ റോർ സീരീസിൽ പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിൾ റോർ ഇസെഡ് (Oben Rorr EZ) പുറത്തിറക്കി. ദൈനംദിന യാത്രകൾ എളുപ്പവും സൗകര്യപ്രദവുമാക്കുന്നതിനാണ് ഈ ബൈക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി പറയുന്നു. റോർ ഈസിയുടെ പ്രാരംഭ എക്സ്-ഷോറൂം വില 89,999 രൂപയാണ്. അതിൻ്റെ റേഞ്ച് 175 കിലോമീറ്ററാണെന്നും ഈ ഇവി വെറും 45 മിനിറ്റിനുള്ളിൽ 80 ശതംമാനം വരെ ചാർജ് ചെയ്യുമെന്നും കമ്പനി അവകാശപ്പെടുന്നു.
2.6 kWh, 3.4 kWh, 4.4 kWh എന്നീ മൂന്ന് ബാറ്ററി വേരിയൻ്റുകളിൽ റോർ ഇസെഡ് ലഭ്യമാണ്. ഈ ബൈക്ക് ഫുൾ ചാർജ്ജിൽ 175 കി.മീ സഞ്ചരിക്കുന്നു. കൂടാതെ, ഇതിൽ ഫാസ്റ്റ് ചാർജിംഗ് സജ്ജീകരിച്ചിരിക്കുന്നു. ഇത് വെറും 45 മിനിറ്റിനുള്ളിൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ സഹായിക്കുന്നു. ഇക്കോ, സിറ്റി, ഹാവോക്ക് എന്നീ മൂന്ന് വ്യത്യസ്ത ഡ്രൈവ് മോഡുകളിൽ ഈ ഇവി തിരഞ്ഞെടുക്കാം. ആപ്പ് വഴി അൺലോക്ക് ചെയ്യൽ, ജിയോ-ഫെൻസിംഗ്, തെഫ്റ്റ് പ്രൊട്ടക്ഷൻ, ഡയഗ്നോസ്റ്റിക് അലേർട്ട് സിസ്റ്റം തുടങ്ങിയ സവിശേഷതകൾ ഈ ബൈക്കിൽ ലഭ്യമാണ്. ഇലക്‌ട്രോ ആംബർ, സർജ് സിയാൻ, ലുമിന ഗ്രീൻ, ഫോട്ടോൺ വൈറ്റ് എന്നിങ്ങന നാല് ആകർഷകമായ വർണ്ണ ഓപ്ഷനുകളിൽ റോർ EZ 4 ലഭ്യമാകും. എല്ലാ മോഡലുകൾക്കും മികച്ച രൂപവും മികച്ച പ്രകടനവും സംയോജിപ്പിച്ചിരിക്കുന്നു. അത് അവയെ സവിശേഷമാക്കുന്നു.
ഒബൻ്റെ നിയോ ക്ലാസിക് ഡിസൈനിലും അതിൻ്റെ സിഗ്നേച്ചർ ARX ചട്ടക്കൂടിലുമാണ് റോർ ഇസെഡ് നിർമ്മിച്ചിരിക്കുന്നത്. ഇക്കാരണത്താൽ, ട്രാഫിക്കിൽ ഇത് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുമെന്നും കമ്പനി പറയുന്നു. ഇതിന് കളർ-സെഗ്മെൻ്റഡ് എൽഇഡി ഡിസ്‌പ്ലേ ഉണ്ട്, ഇത് ദൃശ്യപരത മെച്ചപ്പെടുത്തുകയും റൈഡർക്ക് ഡയഗ്നോസ്റ്റിക് വിവരങ്ങൾ നൽകുകയും ചെയ്യുന്നു. അതിൻ്റെ അത്യാധുനിക പേറ്റൻ്റുള്ള ഉയർന്ന പ്രകടനമുള്ള എൽഎഫ്‍പി ബാറ്ററി സാങ്കേതികവിദ്യയാണ് ഇതിന്‍റെ ഹൈലൈറ്റ്. ഇത് 50 ശതമാനം കൂടുതൽ താപനില പ്രതിരോധവും രണ്ടുമടങ്ങ് ആയുസും നൽകുന്നു. റോർ ഈസിയുടെ എല്ലാ വകഭേദങ്ങളുടെയും ഉയർന്ന വേഗത മണിക്കൂറിൽ 95 കിലോമീറ്ററാണ്. എല്ലാ ബൈക്കുകളും വെറും 3.3 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 40 കി.മീ/മണിക്കൂർ വേഗത കൈവരിക്കും. 52Nm-ൻ്റെ ക്ലാസ്-ലീഡിംഗ് ടോർക്ക് ഉണ്ട് ഈ ബൈക്കിന്. സിറ്റി ട്രാഫിക്കിൽ ഓടിക്കാൻ പറ്റിയ ബൈക്കാണിത്.
ഈ ഇവി ഓരോ റൈഡറുടെയും ആവശ്യങ്ങൾ നിറവേറ്റുന്നുവെന്നും സുഖകരവും സുഗമവുമായ യാത്ര വാഗ്ദാനം ചെയ്യുന്നുവെന്നും ആത്യന്തികമായ ഓട്ടോമാറ്റിക് റൈഡിംഗ് അനുഭവം പ്രദാനം ചെയ്യുന്ന പുതിയ തലമുറ മോട്ടോർസൈക്കിളിൻ്റെ മുഖമുദ്രയാണ് റോർ ഈസി എന്നും കമ്പനി പറയുന്നു. അഞ്ച് വർഷം വരെ അല്ലെങ്കിൽ 75,000 കിലോമീറ്റർ വരെയുള്ള സമഗ്ര വാറൻ്റി പാക്കേജും ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം. പ്രതിമാസം വെറും 2,200 രൂപയുടെ ഇഎംഐ ഓപ്‌ഷനിലൂടെ, റോർ ഈസി ഉപഭോക്താക്കൾക്ക് ഇലക്ട്രിക് മോട്ടോർസൈക്കിളുകളുടെ ലോകത്തേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ അവസരം നൽകുന്നു. ഈ ബൈക്ക് 2,999 രൂപയ്ക്ക് ബുക്ക് ചെയ്യാം.