കാത്തിരിപ്പിന് വിട, കെടിഎം 390 അഡ്വഞ്ചര്‍ ബുക്കിംഗ് തുടങ്ങി; ചിലവേറുമെങ്കിലും വിസ്മയിപ്പിക്കും

ദീർഘദൂര യാത്രകൾക്കും ഓഫ് റോഡിംഗിനും അനുയോജ്യമായ ബൈക്കാണ് 390 അഡ്വഞ്ചർ

KTM 390 adventure booking begins

ഏറെനാള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യന്‍ നിര്‍മിത കെടിഎം 390 അഡ്വഞ്ചറിനെ ഓസ്‍ട്രിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎം അവതരിപ്പിക്കുന്നത്. ഗോവയിൽ നടന്ന ഇന്ത്യ ബൈക്ക് വീക്കില്‍ അരങ്ങേറ്റം കുറിച്ച ഈ സാഹസിക ബൈക്കിന്റെ ബുക്കിങ് കമ്പനി തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. 20,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ബുക്കിങ് സ്വീകരിക്കുന്നത്. 2020 ജനുവരിയില്‍ ഇന്ത്യയില്‍ നിരത്തിലെത്തുന്ന ഈ ബൈക്കിന് ഏകദേശം 3 ലക്ഷം രൂപയ്ക്ക് മുകളില്‍ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദീർഘദൂര യാത്രകൾക്കും ഓഫ് റോഡിംഗിനും അനുയോജ്യമായ ബൈക്കാണ് 390 അഡ്വഞ്ചർ. ലോംഗ് ട്രാവൽ സസ്‌പെൻഷൻ, ഉയർന്ന ഗ്രൗണ്ട്‌ ക്ലിയറൻസ്, എഞ്ചിൻ ബാഷ് പ്ലേറ്റ്, നക്കിൾ ഗാർഡുകൾ, അപ്‌‌വെപ്റ്റ് എക്‌സ്‌ഹോസ്റ്റ്, നോബി ടയറുകൾ എന്നിവ ബൈക്കിന്റെ ഫീച്ചറുകളാണ്. ഏറെനാള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യന്‍ നിര്‍മിത കെടിഎം 390 അഡ്വഞ്ചര്‍ അവതരിക്കുന്നത്. 390 ഡ്യൂക്കിന്റെ ഓഫ് റോഡര്‍ പതിപ്പാണ് പുതിയ 390 അഡ്വഞ്ചര്‍.

കെടിഎം 790 അഡ്വഞ്ചറിന്റെ ഡിസൈന്‍ ശൈലിയും പുതിയ 390 അഡ്വഞ്ചറിനെ വേറിട്ടതാക്കുന്നു. ബിഎസ്6 നിലവാരത്തിലുള്ള 373.2 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് അഡ്വഞ്ചറിന്‍റെ ഹൃദയം. 9000 rpm-ൽ 44 എച്ച്പി കരുത്തും 7000 rpm-ൽ 37 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്ടിക്കും. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. സ്ലിപ്പര്‍ ക്ലച്ച് സംവിധാനവും വാഹനത്തിലുണ്ട്.

സ്‌പോര്‍ട്ടി എല്‍ഇഡി ഹെഡ്‌ലൈറ്റ്, ഫ്യുവല്‍ ടാങ്ക് എക്സ്റ്റന്‍ഷന്‍, വില്‍ഡ് സ്‌ക്രീന്‍, നോക്കിള്‍ ഗാര്‍ഡ്, ബാഷ് പ്ലേറ്റ്, വലിയ ഗ്രാബ് റെയില്‍, വീതിയേറിയ സീറ്റ്, സ്‌പോര്‍ട്ടി എക്‌സ്‌ഹോസ്റ്റ്, ഉയര്‍ന്ന ഹാന്‍ഡില്‍ ബാര്‍, വലിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ 390 അഡ്വഞ്ചറിനെ ആകര്‍ഷകമാക്കും.  

സ്റ്റീല്‍ ട്രെല്ലീസ് ഫ്രെയിമിലാണ് അഡ്വഞ്ചര്‍ പതിപ്പും. 858 എംഎം ആണ് വാഹനത്തിന്റെ സീറ്റ് ഹൈറ്റ്. മികച്ച റൈഡിങ് പൊസിഷനും 390 അഡ്വഞ്ചറില്‍ കെടിഎം വാഗ്ദാനം ചെയ്യുന്നുണ്ട്. റഗുലര്‍ 390 ഡ്യൂക്കിനെക്കാള്‍ ഒമ്പത് കിലോഗ്രാമോളം  (158 കിലോഗ്രാം) ഭാരം അഡ്വഞ്ചര്‍ പതിപ്പിന് കൂടും. 14.5 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. അഡ്വഞ്ചര്‍ യാത്രകള്‍ക്കായി ഡ്യുവല്‍ പര്‍പ്പസ് ടയറും വാഹനത്തിലുണ്ട്. മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമാണ് വീല്‍.

മുന്നില്‍ 43 എംഎം ഡുഎസ്ഡി ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍. അതുപോലെ മുന്നില്‍ 320 എംഎം ഡിസ്‌കും പിന്നില്‍ 230 എംഎം ഡിസ്‌ക് ബ്രേക്കുമാണ് സുരക്ഷ. സ്വിച്ചബിള്‍ എബിഎസ് സംവിധാനവും വാഹനത്തിലുണ്ട്. ബിഎംഡബ്ല്യു ജി 310 ജിഎസ്, കവസാക്കി വെര്‍സിസ് എക്‌സ് 300, ബെനെലി ടിആര്‍കെ 502 തുടങ്ങിയവരാണ് 390 അഡ്വഞ്ചറിന്റെ ഇന്ത്യയിലെ പ്രധാന എതിരാളികള്‍.

വിപണിയിലെത്തുമ്പോള്‍ കെടിഎം ഇന്ത്യയുടെ നിരയിലെ ഏറ്റവും ചെലവേറിയ സിംഗിൾ സിലിണ്ടർ മോട്ടോർസൈക്കിളായിരിക്കും 390 അഡ്വഞ്ചർ. മൂന്ന് ലക്ഷം രൂപയോളമായിരിക്കും ബൈക്കിന്റെ എക്സ്ഷോറൂം വില. പൂനെയിലെ ബജാജിന്റെ നിർമ്മാണ കേന്ദ്രത്തിലാണ് ഈ ബൈക്ക് നിർമ്മിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios