ഷുഗർ ലെവൽ 670, ഒപ്പം ഹൃദയാഘാതവും! കാർ സ്വയം ആശുപത്രിയിലേക്കോടി, ഉടമയുടെ ജീവൻ രക്ഷിച്ചത് ഇങ്ങനെ!
ഇപ്പോഴിതാ ടെസ്‌ലയുടെ സെൽഫ്-ഡ്രൈവിംഗ് ടെക്‌നോളജി ഒരു വ്യക്തിയുടെ ജീവൻ രക്ഷിച്ച മറ്റൊരു സംഭവം കൂടി പുറത്തുവന്നിരിക്കുന്നു.
അമേരിക്കൻ ഇലക്‌ട്രിക് കാർ നിർമാതാക്കളായ ടെസ്‌ലയുടെ കാറുകളുടെ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ ടെസ്‌ലയുടെ സെൽഫ്-ഡ്രൈവിംഗ് ടെക്‌നോളജി ഒരു വ്യക്തിയുടെ ജീവൻ രക്ഷിച്ച മറ്റൊരു സംഭവം കൂടി പുറത്തുവന്നിരിക്കുന്നു.
യുഎസിലെ നോർത്ത് കരോലിന ആസ്ഥാനമായുള്ള മാക്സ് പോൾ ഫ്രാങ്ക്ലിൻ എന്ന ഉപയോക്താവ് സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ 'എക്‌സ്'-ൽ തൻ്റെ ദുരനുഭവം വിവരിച്ചത്. മാക്‌സ്‌പോൾ തൻ്റെ പോസ്റ്റിൽ എഴുതി, "ഏപ്രിൽ 1 ന്, ടെസ്‌ല യുഎസിലുടനീളമുള്ള കാറുകളിൽ ഫുൾ സെൽഫ്-ഡ്രൈവിംഗ് ഫംഗ്‌ഷൻ അൺലോക്ക് ചെയ്തു. അന്ന് പുലർച്ചെ 2 മണിക്ക് എനിക്ക് നിർജ്ജലീകരണം അനുഭവപ്പെട്ടു. ഇൻസുലിൻ പമ്പ് ചെയ്യുന്നതിലെ ചില തകരാറുകൾ കാരണം ഷുഗർ ലെവൽ 670 ൽ എത്തി. സമയമൊട്ടും കളയാതെ, ഞാൻ എൻ്റെ ടെസ്‌ല മോഡൽ Y-ലേക്ക് കയറി. എൻ്റെ വീട്ടിൽ ഏകദേശം 20 കിമി അകലെയുള്ള ഏമർജൻസി ഹോസ്‍പിറ്റലിലേക്ക് വാഹനം സ്വയം ഓടിത്തുടങ്ങി. ഇതുമാത്രമല്ല, ആശുപത്രിയിൽ എത്തിയ കാർ സ്വയം പാർക്കും ചെയ്യുകയും ചെയ്‍തു. അതുകൊണ്ടാണ് എനിക്ക് ഉടനടി ചികിത്സ ലഭിച്ചത്.."
"ഹൃദയാഘാതമുണ്ടായിട്ടും, ഞാൻ രക്ഷപ്പെട്ടു. പോർഷെ, മെഴ്‌സിഡസ്, ബിഎംഡബ്ല്യു, അക്യൂറ, കാഡിലാക്ക് തുടങ്ങി നിരവധി ആഡംബര വാഹനങ്ങളുടെ ഉടമ എന്ന നിലയിൽ, എനിക്ക് ടെസ്‌ലയുടെ വിശ്വാസ്യത അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കാൻ കഴിയും. ഓട്ടോമോട്ടീവ് നവീകരണത്തിൻ്റെ പരകോടിയാണ് ഈ മോഡൽ. നിർണായക നിമിഷങ്ങളിൽ ഈ കാറിൻ്റെ ജീവൻ രക്ഷിക്കാനുള്ള കഴിവ് അതിനെ മികച്ചതാക്കുന്നു. പരമ്പരാഗത വാഹനങ്ങളിൽ നിന്ന് ടെസ്‌ലയുടെ സെൽഫ് ഡ്രൈവിംഗ് ശേഷിയിലേക്ക് മാറുക എന്നത് ഒരു സാധാരണ ഫോണിൽ നിന്ന് സ്മാർട്ട്‌ഫോണിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതുപോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്" മാക്‌സ്‌പോൾ തൻ്റെ പോസ്റ്റിൽ തുടർന്നു,
മാക്‌സ്പോളിൻ്റെ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട്, ടെസ്‍ല മേധാവി എലോൺ മസ്‌ക് തൻ്റെ പോസ്റ്റിൽ ഇങ്ങനെ എഴുതി "ആ സമയത്ത് നിങ്ങളെ സഹായിക്കാൻ ടെസ്‌ലയുടെ പൂർണ്ണ സ്വയം-ഡ്രൈവിംഗ് സാങ്കേതികവിദ്യ ഉണ്ടായിരുന്നതിൽ എനിക്ക് സന്തോഷമുണ്ട്."