സ്വിഫ്റ്റല്ല, വാഗൺ ആർ അല്ലേയല്ല; വമ്പൻ വിൽപ്പനയുമായി ഒന്നാമൻ, മാരുതിയെപ്പോലും അമ്പരപ്പിച്ച് ബലേനോ!
2024 നവംബറിൽ 16,293 യൂണിറ്റ് വിൽപ്പനയോടെ മാരുതി സുസുക്കി ബലേനോ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കഴിഞ്ഞ മാസം ഏറ്റവുമധികം വിറ്റഴിഞ്ഞ ഹാച്ച്ബാക്കും ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ കാറുമായിരുന്നു ഇത്.
ഇന്ത്യൻ വാഹന വിപണിയിൽ ഹാച്ച്ബാക്ക് സെഗ്‌മെൻ്റ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. 2024 നവംബറിൽ ഹാച്ച്ബാക്ക് സെഗ്‌മെൻ്റ് മികച്ച വിൽപ്പന കൈവരിച്ചു എന്നാണ് റിപ്പോർട്ടുകൾ. വർദ്ധിച്ചുവരുന്ന എസ്‍യുവി ഭ്രമത്തിനിടയിലും ഹാച്ച് ബാക്ക് സെഗ്മെന്‍റ് വലിയ ഇടർച്ചയില്ലാതെ പിടിച്ചുനിൽക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഇതാ 2024 നവംബർ മാസത്തിലെ ഹാച്ച്ബാക്ക് വിൽപ്പന കണക്കുകൾ അറിയാം.
2024 നവംബ മാസത്തിലെ ആകെ ഹാച്ച്ബാക്ക് വിൽപ്പന 81,551 യൂണിറ്റായിരുന്നു. 2023 നവംബറിൽ വിറ്റ 85,112 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് 4.18 ശതമാനം വാർഷിക ഇടിവാണ്. 2024 ഒക്ടോബറിൽ വിറ്റ 89,369 യൂണിറ്റുകളിൽ നിന്ന് പ്രതിമാസ വിൽപ്പനയും 8.75% കുറഞ്ഞു. മാരുതി സുസുക്കി ഹാച്ച്ബാക്ക് വിഭാഗത്തിൽ മുൻനിര സ്ഥാനം നിലനിർത്തി. കമ്പനിയുടെ ആദ്യ നാല് സ്ഥാനങ്ങളിൽ നാല് മോഡലുകളും ആദ്യ പത്തിൽ ആറ് ഹാച്ച്ബാക്കുകളും ഉണ്ടായിരുന്നു.
2024 നവംബറിൽ 16,293 യൂണിറ്റ് വിൽപ്പനയോടെ മാരുതി സുസുക്കി ബലേനോ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കഴിഞ്ഞ മാസം ഏറ്റവുമധികം വിറ്റഴിഞ്ഞ ഹാച്ച്ബാക്കും ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ കാറുമായിരുന്നു ഇത്. 2023 നവംബറിൽ വിറ്റ 12,961 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് 25.71 ശതമാനം വർദ്ധനയാണ്. നിലവിൽ 19.98% വിപണി വിഹിതമാണ് ബലേനോയ്ക്കുള്ളത്. 2024 ഒക്ടോബറിൽ വിറ്റ 16,082 യൂണിറ്റുകളെ അപേക്ഷിച്ച് ഇത് 1.3% പ്രതിമാസ വളർച്ച കൈവരിച്ചു.
മാരുതി ബലേനോയ്ക്ക് പിന്നാലെ വിൽപനയിൽ 14,737 യൂണിറ്റുകളുമായി മാരുതി സ്വിഫ്റ്റ് ആണുള്ളത്. 3.75% ആണ് സ്വിഫ്റ്റിന്‍റെ വാർഷിക വിൽപ്പന ഇടിവ്. 2023 നവംബറിലും 2024 ഒക്ടോബറിലുമായി യഥാക്രമം 15,311 യൂണിറ്റുകളും 17,539 യൂണിറ്റുകളും വിറ്റു. സ്വിഫ്റ്റിന് 18.07% വിപണി വിഹിതമുണ്ട്. ഈ ഹാച്ച്ബാക്ക് ലിസ്റ്റിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ മോഡലാണ് മാരുതി സുസുക്കി വാഗൺആർ. 2023 നവംബറിൽ വിറ്റ 16,567 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ 13,982 യൂണിറ്റുകളുടെ വിൽപ്പന 15.60% കുറഞ്ഞു. മാസാടിസ്ഥാനത്തിൽ വാഗൺആർ വിൽപ്പനയിൽ 0.43 ശതമാനം വർധനയുണ്ടായി. നിലവിൽ 17.15% വിപണി വിഹിതമുണ്ട്. മാരുതി ആൾട്ടോയ്ക്ക് പ്രതിവർഷം 7.54 ശതമാനവും പ്രതിമാസം 12.65 ശതമാനവും വിൽപ്പന ഇടിഞ്ഞു. കഴിഞ്ഞ മാസം അതിൻ്റെ വിൽപ്പന 7,467 യൂണിറ്റായി കുറഞ്ഞു.
ഹ്യുണ്ടായ് ഐ10 നിയോസിന് കഴിഞ്ഞ മാസം ഡിമാൻഡ് വർദ്ധിച്ചു. വിൽപ്പന 2023 നവംബറിൽ വിറ്റ 4,708 യൂണിറ്റുകളിൽ നിന്ന് 20.37% വർധിച്ച് 5,667 യൂണിറ്റുകളായി ഉയർന്നു. എങ്കിലും, 2024 ഒക്ടോബറിൽ വിറ്റ 6,235 യൂണിറ്റുകളെ അപേക്ഷിച്ച് അതിൻ്റെ പ്രതിമാസ വിൽപ്പന 9.11% കുറഞ്ഞു. തൊട്ടുപിന്നാലെ ടാറ്റ ടിയാഗോ/ഇവി കഴിഞ്ഞ മാസം 5,319 യൂണിറ്റുകൾ വിറ്റഴിച്ചുയ പ്രതിവർഷം 3.43% ഇടിവ്, എന്നാൽ പ്രതിമാസം 13.61% വർദ്ധനവും ടിയാഗോയ്ക്ക് ലഭിച്ചു.
2024 നവംബറിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ഹാച്ച്ബാക്കുകളുടെ പട്ടികയിൽ ഹ്യൂണ്ടായ് ഐ20 (3,925 യൂണിറ്റുകൾ), ടൊയോട്ട ഗ്ലാൻസ (3,806 യൂണിറ്റുകൾ), മാരുതി സെലേറിയോ (2,379 യൂണിറ്റുകൾ) എന്നിവയും ഉൾപ്പെടുന്നു. ഐ20, ഗ്ലാൻസ എന്നിവയുടെ വിൽപ്പന കുറഞ്ഞു. 2023 നവംബറിൽ വിറ്റ 2,215 യൂണിറ്റുകളെ അപേക്ഷിച്ച് 7.40% വളർച്ചയോടെ സെലേറിയോ കൂടുതൽ ശ്രദ്ധ ആകർഷിച്ചു. കഴിഞ്ഞ മാസം 2,283 യൂണിറ്റ് വിൽപ്പനയോടെ മാരുതി എസ്-പ്രസോയ്ക്കും ആവശ്യക്കാരുണ്ടായിരുന്നു.
2024 നവംബറിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്കുകളുടെ പട്ടികയിൽ ഏറ്റവും താഴെയുള്ളത് മാരുതി ഇഗ്നിസ് ആണ്. എന്നാൽ അതിൻ്റെ പ്രതിവർഷ വിൽപ്പന കണക്കുകൾ 32.71% വർധിച്ച് 2,203 യൂണിറ്റുകളായി. 2023 നവംബറിൽ 1,660 യൂണിറ്റുകൾ വിറ്റു. 2024 ഒക്ടോബറിലെ വിൽപ്പന 2,663 യൂണിറ്റിലെത്തി. കഴിഞ്ഞ മാസം 2,083 യൂണിറ്റുകളുടെ വിൽപ്പനയുമായി ടാറ്റ ആൾട്രോസ് ഹാച്ച്ബാക്ക് വിഭാഗത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. വർഷാവർഷം 57.96% ഇടിവും പ്രതിമാസം 21.16% ഇടിവും.
എംജി കോമറ്റ് ഇവി (600 യൂണിറ്റുകൾ), റെനോ ക്വിഡ് (546 യൂണിറ്റുകൾ), സിട്രോൺ സി3 (200 യൂണിറ്റുകൾ) തുടങ്ങിയവ ഡിമാൻഡിൽ കുത്തനെ ഇടിവ് നേരിട്ടപ്പോൾ, സിട്രോൺ ഇസി 3 ഇവിക്ക് 2024 നവംബറിൽ ഡിമാൻഡ് മൂന്നിരട്ടിയായി 61 യൂണിറ്റായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ മാസം വിറ്റ 18 യൂണിറ്റുകളിൽ നിന്ന് 238.89% വർധന.
ബലേനോയുടെ സവിശേഷതകൾ
1.2 ലിറ്റർ, നാല് സിലിണ്ടർ K12N പെട്രോൾ എഞ്ചിനാണ് ബലേനോയ്ക്കുള്ളത്. ഇത് 83 ബിഎച്ച്പി കരുത്ത് ഉൽപ്പാദിപ്പിക്കും. അതേ സമയം, മറ്റൊരു ഓപ്ഷൻ 1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനാണ്, ഇത് 90 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കും. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകൾ ഇതിൽ ലഭ്യമാണ്. ബലേനോ സിഎൻജിക്ക് 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് പെട്രോൾ എഞ്ചിനാണുള്ളത്. ഇത് 78 പിഎസ് കരുത്തും 99 എൻഎം പരമാവധി ടോർക്കും സൃഷ്ടിക്കുന്നു.
ബലേനോയുടെ നീളം 3990 എംഎം, വീതി 1745 എംഎം, ഉയരം 1500 എംഎം, വീൽബേസ് 2520 എംഎം. പുതിയ ബലേനോയുടെ എസി വെൻ്റുകൾ പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. ഇതിന് ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം ഉണ്ട്. ഈ പ്രീമിയം ഹാച്ച്ബാക്കിന് 360 ഡിഗ്രി ക്യാമറയുണ്ടാകും. 9 ഇഞ്ച് സ്‍മാർട്ട് പ്ലേ പ്രോ പ്ലസ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റമായിരിക്കും ഇതിനുള്ളത്. ഈ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ തുടങ്ങിയവയെ പിന്തുണയ്ക്കുന്നു. കാറിൽ കൂടുതൽ ലഗേജ് സൂക്ഷിക്കാൻ 318 ലിറ്ററിന്റെ വലിയ ബൂട്ട് സ്പേസ് നൽകിയിട്ടുണ്ട്.
ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, 360-ഡിഗ്രി ക്യാമറ, ഇബിഡി ഉള്ള എബിഎസ്, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറേജ്, റിവേഴ്‌സിംഗ് ക്യാമറ, റിയർ പാർക്കിംഗ് സെൻസർ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളുമായാണ് മാരുതി ബലേനോ ഇപ്പോൾ എത്തുന്നത്. സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ എന്നീ നാല് വകഭേദങ്ങളിലാണ് ബെലെനോ വിൽക്കുന്നത്.