ബ്രേക്കിടുമ്പോൾ സ്റ്റിയറിംഗ് ഇളകുന്നു! ജിംനിയിലെ പിഴവിന് കാരണം ഡിസ്‍ക് തേയ്‍മാനം, സമ്മതിച്ച് മാരുതി
മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ ബ്രേക്ക് ചെയ്യുമ്പോൾ ജിംനിയുടെ സ്റ്റിയറിംഗ് വീൽ കുലുങ്ങുകയും ഇളകുകയും ചെയ്യുന്നതായി നിരവധി റിപ്പോർട്ടുകൾ
ജിംനി ഓഫ്‌റോഡ് എസ്‌യുവിയുടെ ബ്രേക്ക് സിസ്റ്റത്തിൽ ഒരു തകരാർ കണ്ടെത്തിയ സഭവത്തിൽ നടപടിയുമായി മാരുതി സുസുക്കി. നെക്‌സ സർവീസ് ഔട്ട്‌ലെറ്റുകളിൽ കമ്പനി അതിൻ്റെ പ്രധാന ബ്രേക്ക് ഘടകങ്ങൾ മാറ്റിസ്ഥാപിക്കാൻ തുടങ്ങി. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ ബ്രേക്ക് ചെയ്യുമ്പോൾ ജിംനിയുടെ സ്റ്റിയറിംഗ് വീൽ കുലുങ്ങുകയും ഇളകുകയും ചെയ്യുന്നതായി നിരവധി റിപ്പോർട്ടുകൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഉയർന്നതിനെ തുടർന്നാണ് ഈ നടപടി. ജിംനി സ്റ്റിയറിംഗ് വൈബ്രേഷൻ പ്രശ്‌നത്തിനായി മാരുതി സർവീസ് ബുള്ളറ്റിൻ പുറത്തിറക്കിയതായിട്ടാണ് റിപ്പോർട്ടുകൾ.
മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ ബ്രേക്ക് ചവിട്ടുമ്പോൾ ജിംനിയുടെ സ്റ്റിയറിംഗ് വൈബ്രേറ്റുചെയ്യുന്നതായും ഇളകുന്നതായും നേരത്തെ നിരവധി റിപ്പോർട്ടുകൾ വന്നിരുന്നു. വേഗത മണിക്കൂറിൽ 60 കിലോമീറ്ററിൽ കുറവാണെങ്കിൽ ഈ പ്രശ്നം ഉണ്ടാകില്ല. ഓഡോമീറ്ററിൽ 5,000 കിലോമീറ്ററിൽ താഴെ ഓടുന്ന മാരുതി സുസുക്കി ജിംനിയിലാണ് ജിംനിയിലെ ഈ പ്രശ്നം പ്രധാനമായും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മിക്കവാറും എല്ലാ ജിംനികളിലും ഈ പ്രശ്‍നം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഒരു തെറ്റായ കിംഗ് പിൻ സെറ്റിൻ്റെ ഡിസ്‍ക് തേയ്‍മാനം മൂലമാണ് സ്റ്റിയറിംഗ് വീലിലെ വൈബ്രേഷൻ ഉണ്ടാകുന്നതെന്നും മാരുതി അതിൻ്റെ 'സർവീസ് ബുള്ളറ്റിനിൽ' പ്രശ്നം സമ്മതിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. കമ്പനി ഉടമകളുമായി ബന്ധപ്പെടുകയും ജിംനിയുടെ കിംഗ് പിൻ സെറ്റ് മാറ്റിസ്ഥാപിക്കുകയും ചെയ്യും. തകരാറുള്ള ഭാഗങ്ങൾ മാറ്റിസ്ഥാപിക്കുന്നതിനായി മാരുതിയുടെ ടീം ജിംനിയെ പരിശോധിക്കും എന്നാണ് ഡീലർമാർ പറയുന്നത്. ഇതിനുശേഷം, വീഡിയോ പ്രൂഫ് സഹിതം നടപടികൾ സ്വീകരിക്കും. പിന്നീട് കമ്പനിയുടെ സർവീസ് ടീം പ്രശ്നം മനസിലാക്കി കിംഗ് പിൻ സെറ്റ് മാറ്റിസ്ഥാപിക്കും. ഇതിനുശേഷം, ഡിസ്‍ക് തേയ്മാനം പരിശോധിക്കും. ആവശ്യമെങ്കിൽ വാറൻ്റി പ്രകാരം കമ്പനി ഈ ഘടകം സൗജന്യമായി മാറ്റിസ്ഥാപിക്കും. കിംഗ് പിൻ അസംബ്ലിക്കും ഡിസ്‌ക് ബ്രേക്കുകൾക്കുമായി കണക്കാക്കിയിരിക്കുന്ന ഭാഗവും ലേബർ ചെലവും യഥാക്രമം 2,020 രൂപയും 4,400 രൂപയുമാണ്. എങ്കിലും ഈ ഘടകങ്ങൾ വാറൻ്റി പ്രകാരം സൗജന്യമായി മാറ്റിസ്ഥാപിക്കും എന്നാണ് റിപ്പോർട്ടുകൾ.
ജിംനി എന്നാൽ
ലൈറ്റ് ജീപ്പ് 10 (LJ10) എന്ന് വിളിക്കപ്പെടുന്ന കാറുകളുടെ പിൻഗാമിയാണ് സുസുക്കി ജിംനി. 1970 ഏപ്രിലില്‍ ജപ്പാനീസ് നിരത്തുകളില്‍ ജിംനി ആദ്യം പ്രത്യക്ഷപ്പെട്ടത്. 50 വര്‍ഷത്തെ പാരമ്പര്യമുള്ള ഈ എസ്‍യുവിക്ക് 1981 ല്‍ രണ്ടാം തലമുറയും 1998 ല്‍ മൂന്നാം തലമുറയും വന്നു. 2018ല്‍ അടിമുടി മാറ്റങ്ങളോടെ നാലാം തലമുറ. ജാപ്പാനിലെ ജിംനിയുടെ രണ്ടാം തലമുറയെ അഴിച്ചുപണിതാണ് 1985ല്‍ ജിപ്‌സി എന്ന പേരിട്ട് മാരുതി ഇന്ത്യയിലെത്തിച്ചത്.
അതേസമയം 2023 ജൂണിലാണ് മാരുതി സുസുക്കി ജിംനിയെ ഇന്ത്യയിൽ പുറത്തിറക്കിയത്. ഇന്ത്യൻ വിപണിയിൽ കടുത്ത മത്സരമാണ് മാരുതി സുസുക്കി ജിംനി നേരിടുന്നത്. 1.5 ലിറ്റർ ഫോർ സിലിണ്ടർ K15B മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് ജിംനിക്ക് കരുത്തേകുന്നത്. ഇത് പരമാവധി 105 എച്ച്പി പവർ ഔട്ട്പുട്ടും 134 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇത് 5-സ്പീഡ് മാനുവൽ ട്രാൻസ്‍മിൽൻ അല്ലെങ്കിൽ 4-സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. വൈദ്യുതപരമായി ക്രമീകരിക്കാവുന്ന ഓആർവിഎമ്മുകൾ, വാഷറുള്ള ഫ്രണ്ട് ആൻഡ് റിയർ വൈപ്പറുകൾ, ഡേ ആൻഡ് നൈറ്റ് ഐആർവിഎം, ഡ്രൈവർ സൈഡ് പവർ വിൻഡോ ഓട്ടോ അപ്/ഡൗൺ പിഞ്ച് ഗാർഡ്, റിക്ലൈനിംഗ് ഫ്രണ്ട് സീറ്റുകൾ, മൗണ്ടഡ് കൺട്രോൾ ഉള്ള മൾട്ടിഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ടിഎഫ്‍ടി കളർ ഡിസ്‌പ്ലേ, പിൻസീറ്റ് ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റ്, മുന്നിലും പിന്നിലും വെൽഡ് ചെയ്‍ത ടോ ഹുക്കുകൾ തുടങ്ങിയവ നൽകിയിരിക്കുന്നു.
സ്റ്റാൻഡേർഡ് ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, സൈഡ് ആൻഡ് കർട്ടൻ എയർബാഗുകൾ, ബ്രേക്ക് ലിമിറ്റഡ് സ്ലിപ്പ് ഡിഫറൻഷ്യൽ, ഇബിഡി ഉള്ള ആൻ്റി-ലോക്ക് ബ്രേക്കുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽ ഡിസൻ്റ് കൺട്രോൾ, റിവേഴ്സ് പാർക്കിംഗ് ക്യാമറ, സൈഡ്-ഇംപാക്ട് ഡോർ ബീമുകൾ, എഞ്ചിൻ എന്നിവയുണ്ട്. ഇമോബിലൈസർ, ത്രീ പോയിൻ്റ് എമർജൻസി ലോക്കിംഗ് റിട്രാക്ടർ സീറ്റ്ബെൽറ്റ് തുടങ്ങിയ ഫീച്ചറുകൾ നൽകിയിട്ടുണ്ട്.