പരീക്ഷണയോട്ടവുമായി പുതിയ മഹീന്ദ്ര സ്കോർപിയോ
വാഹനത്തിന്‍റെ പരീക്ഷണയോട്ടത്തിന്‍റെ ചിത്രങ്ങള്‍ വീണ്ടും പുറത്തുവന്നതായി ഫിനാന്‍ഷ്യല്‍ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലഡാക്കിൽ വച്ചാണ് വാഹനത്തെ പരീക്ഷയോട്ടത്തിനിടെ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ (Mahindra And Mahindra) ചരിത്രം തന്നെ മാറ്റിയെഴുതിയ വാഹനമാണ് സ്‍കോര്‍പിയോ (Scorpio). അത്രകാലവും വില്ലീസ് ജീപ്പുകളുടെ (villees jeep) വിവിധ തരത്തിലുള്ള അനുകരണങ്ങളെ നിരത്തിലെത്തിച്ചുകൊണ്ടിരുന്ന മഹീന്ദ്രയെ അക്ഷരാര്‍ത്ഥത്തില്‍ ഒരു ആഗോള ബ്രാൻഡാക്കി ഉയര്‍ത്തിയത് 2002ൽ പുറത്തിറങ്ങിയ ഈ എസ്‍യുവി ആയിരുന്നു. സ്കോർപിയോയ്ക്ക് (Scorpio) ഒരു പുതുതലമുറ മോഡലിനെ അണിയിച്ചൊരുക്കുന്ന തിരക്കിലാണ് മഹീന്ദ്ര എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഇപ്പോഴിതാ വാഹനത്തിന്‍റെ പരീക്ഷണയോട്ടത്തിന്‍റെ ചിത്രങ്ങള്‍ വീണ്ടും പുറത്തുവന്നതായി ഫിനാന്‍ഷ്യല്‍ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലഡാക്കിൽ വച്ചാണ് വാഹനത്തെ പരീക്ഷയോട്ടത്തിനിടെ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഥാറിന് സമാനമായ ഡിസൈനിലാണ് പുതിയ സ്‍കോര്‍പിയോ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡൈനാമിക് ടേൺ ഇൻഡിക്കേറ്ററുകളുള്ള എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ഇലക്ട്രിക് സൺറൂഫ്, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, പ്രീമിയം സൗണ്ട് സിസ്റ്റം, എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവ 2021 മഹീന്ദ്ര സ്കോർപിയോയിൽ ഉൾപ്പെടുന്നു. മാത്രമല്ല, 360 ഡിഗ്രി പാർക്കിംഗ് ക്യാമറ, ADAS, ഒന്നിലധികം എയർബാഗുകൾ, ESP, EBD ഉള്ള ABS തുടങ്ങി സുരക്ഷാ സംവിധാനങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ വാഹനത്തിൽ ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
XUV700ലെ 2.0L എം സ്റ്റാലന്‍ ടർബോ-പെട്രോൾ എഞ്ചിനും 2.2L എംഹോക്ക് ഓയിൽ ബർണറും ആയിരിക്കും വാഹനത്തിന്‍റെ ഹൃദയം എന്നാണ് റിപ്പോര്‍ട്ടുകള്‍. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുടെ ഓപ്ഷനുകൾക്കൊപ്പം ന്യൂ-ജെൻ സ്കോർപിയോയുടെ തിരഞ്ഞെടുത്ത ട്രിമ്മുകളിലും ശക്തമായ 4X4 ഡ്രൈവ്ട്രെയിനും ഉണ്ടായിരിക്കും. 12 ലക്ഷം രൂപ മുതലാണ് വാഹനത്തിന് പ്രതീക്ഷിക്കുന്നഎക്സ്-ഷോറൂം വില എന്നാണ് റിപ്പോര്‍ട്ടുകള്‍.
2002 ജൂണ്‍ മാസത്തില്‍ ആണ് ആദ്യ സ്‍കോര്‍പിയോ പുറത്തിറങ്ങിയത്. ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുമായി രൂപസാദൃശ്യമുള്ള വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ വളരെപ്പെട്ടെന്നാണ് തരംഗമായത്. 2014ല്‍ ആണ് ഈ ജനപ്രിയ എസ്‍യുവിയുടെ മൂന്നാം തലമുറ വിപണിയിലെത്തുന്നത്. തുടര്‍ന്ന് 2017ല്‍ കൂടുതല്‍ കരുത്തുള്ള എഞ്ചിനും ഗ്രില്ലിലടക്കം മാറ്റങ്ങള്‍ വരുത്തി വാഹനം വീണ്ടുമെത്തി. എസ് 3, എസ് 5, എസ് 7, എസ് 11 എന്നിങ്ങനെ നാലു വകഭേദങ്ങളില്‍ എത്തിയ പുതിയ സ്‍കോർപിയോയെയും ജനം നെഞ്ചേറ്റി. 2018 നവംബറിലാണ് സ്‌കോര്‍പിയോ S9 മോഡലിനെ മഹീന്ദ്ര അവതരിപ്പിച്ചത്.