തിരിച്ചടി കിട്ടിയതിന് പിന്നാലെ അതിവേഗ നീക്കവുമായി ട്രംപ്; പാം ബോണ്ടിയെ അറ്റോർണി ജനറലായി നാമനിർദ്ദേശം ചെയ്തു
ട്രംപ് നിയമിച്ച അറ്റോർണി ജനറൽ മാറ്റ് ഗെയ്റ്റ്സ് പിന്മാറിയതിനെത്തുടർന്നാണ് അതിവേഗ നീക്കം
ന്യൂയോര്‍ക്ക്: മുൻ ഫ്ലോറിഡ അറ്റോർണി ജനറൽ പാം ബോണ്ടിയെ യുഎസിന്‍റെ അറ്റോർണി ജനറലായി നാമനിർദ്ദേശം ചെയ്ത് അമേരിക്കയുടെ നിയുക്ത പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്. ട്രംപ് നിയമിച്ച അറ്റോർണി ജനറൽ മാറ്റ് ഗെയ്റ്റ്സ് പിന്മാറിയതിനെത്തുടർന്നാണ് അതിവേഗ നീക്കം. 2011 മുതൽ 2019 വരെ രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ സംസ്ഥാനത്തിന്‍റെ ഉന്നത നിയമ നിർവ്വഹണ ഓഫീസറായി സേവനമനുഷ്ഠിച്ചയാളാണ് ബോണ്ടി. ട്രംപിന്‍റെ ആദ്യ ഭരണകാലത്ത് അവർ ഒപിയോയിഡ് ആൻഡ് ഡ്രഗ് അബ്യൂസ് കമ്മീഷനിലും പ്രവര്‍ത്തിച്ചു.
അതേസമയം, ലൈംഗിക ആരോപണം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ കുറ്റങ്ങൾ നേരിട്ടിരുന്ന ഗെയ്‌റ്റ്‌സിനെതിരെ പുതിയ വെളിപ്പെടുത്തലുകൾ വന്നതിനെ തുടർന്നായിരുന്നു പിന്മാറ്റം. ഗെയ്റ്റ്സിന്‍റെ നിയമനത്തിൽ സെനറ്റിലെ റിപ്പബ്ലിക്കൻ സെനറ്റർമാരും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. നിയമനത്തിന് സെനറ്റ് അനുമതി നൽകേണ്ടിയിരുന്നു. അതിനിടെയാണ് അപ്രതീക്ഷിത പിന്മാറ്റം.
17 വയസ്സുള്ള ഒരു പെൺകുട്ടിക്കെതിരെ ലൈംഗിക പീഡനം, മയക്കുമരുന്ന് ഉപയോഗം, പ്രചാരണ ഫണ്ട് ദുരുപയോഗം ചെയ്യൽ തുടങ്ങിയ ഗുരുതരമായ ആരോപണമാണ് ഗെയ്റ്റ്സ് നേരിടുന്നത്. ഗെയ്റ്റ്‌സിനെതിരെയുള്ള ആരോപണങ്ങൾ കോൺഗ്രസ് പാനൽ അന്വേഷിച്ചിരുന്നു. തുടർന്ന് റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ നിന്നുതന്നെ കനത്ത എതിർപ്പുയർന്നു. സെനറ്റർമാരുമായി കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു പിന്മാറ്റം. എക്സിലൂടെയാണ് ഗെയ്റ്റ്സ് പിന്മാറ്റം അറിയിച്ചത്.
2016ലാണ് ഗെയ്റ്റ്‌സ് ആദ്യമായി യുഎസ് ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഈ മാസം വീണ്ടും തെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു. എന്നാൽ ട്രംപ് അദ്ദേഹത്തെ അറ്റോർണി ജനറലായി നാമനിർദേശം ചെയ്തതിന് പിന്നാലെ അദ്ദേഹം കോൺഗ്രസ് അംഗത്വം രാജിവച്ചു. ഗെയ്റ്റിന് മികച്ച ഭാവിയുണ്ടെന്നും അദ്ദേഹം ചെയ്യാൻ പോകുന്ന എല്ലാ മഹത്തായ കാര്യങ്ങളും കാണാൻ ഞാൻ കാത്തിരിക്കുകയാണെന്നും ട്രംപ് മറുപടി നൽകി.