ഇന്ത്യൻ നിരത്തുകളില്‍ 25 ദശലക്ഷം കാറുകൾ, ചരിത്ര നേട്ടവുമായി മാരുതി സുസുക്കി
ഈ വിൽപ്പന നാഴിക്കല്ല് പിന്നിടുന്ന ഇന്ത്യയിലെ ആദ്യത്തെ കാർ നിർമ്മാതാക്കളായി ഇതോടെ മാരുതി സുസുക്കി മാറി
രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (എംഎസ്ഐഎൽ) രാജ്യത്ത് ഇതുവരെ 25 ദശലക്ഷം (2.5 കോടി) യൂണിറ്റ് വാഹനങ്ങള്‍ വിറ്റഴിച്ചതായി റിപ്പോര്‍ട്ട്. 1983 തുടങ്ങിയ പടയോട്ടമാണ് ഈ സുപ്രധാന നാഴികക്കല്ല് കൈവരിക്കുന്നതിലേക്ക് എത്തിയത്. ഈ വിൽപ്പന നാഴിക്കല്ല് പിന്നിടുന്ന ഇന്ത്യയിലെ ആദ്യത്തെ കാർ നിർമ്മാതാക്കളായി ഇതോടെ മാരുതി സുസുക്കി മാറി. ഹൈബ്രിഡ്, സിഎൻജി മോഡലുകളുടെ മൊത്തം വിൽപ്പന ഏകദേശം 2.1 ദശലക്ഷം യൂണിറ്റായിരുന്നു.
കാർ നിർമ്മാതാവ് അതിന്റെ ആദ്യ കാറായ മാരുതി 800നെ 1983 ഡിസംബറിൽ ആണ് അവതരിപ്പിക്കുന്നത്. നിലവിൽ, കമ്പനിയുടെ ഇന്ത്യൻ ഉൽപ്പന്ന ശ്രേണിയിൽ ഹാച്ച്ബാക്കുകൾ, എസ്‌യുവികൾ, ഹൈബ്രിഡ്, സിഎൻജി കാറുകൾ എന്നിവയുൾപ്പെടെ 17 മോഡലുകളുണ്ട്. 1982-ൽ മാരുതി സുസുക്കിയുടെ മുൻഗാമിയായ മാരുതി ഉദ്യോഗുമായി ജപ്പാനിലെ സുസുക്കി മോട്ടോർ കോർപ്പറേഷൻ സംയുക്ത സംരംഭ കരാർ ഒപ്പിട്ട് 40 വർഷങ്ങൾക്ക് ശേഷമാണ് 25 ദശലക്ഷം വിൽപ്പന നാഴികക്കല്ല് പിന്നിടുന്നത്.
1983-ൽ പ്രവർത്തനം ആരംഭിച്ച് ഇന്ത്യയെ വാഹന വിപ്ലവത്തിലേക്ക് നയിച്ച കാറായ മാരുതി 800 പുറത്തിറക്കിയ കമ്പനിക്ക് ഇന്ന് ഹരിയാനയിലെ ഗുരുഗ്രാമിലും മനേസറിലും രണ്ട് അത്യാധുനിക നിർമ്മാണ സൗകര്യങ്ങളുണ്ട്. രണ്ട് സ്ഥാപനങ്ങൾക്കും കൂടി പ്രതിവർഷം 1.5 ദശലക്ഷം യൂണിറ്റ് ഉൽപ്പാദന ശേഷിയുണ്ട്. 2006 ഫെബ്രുവരിയിൽ ഉത്പാദനം ആരംഭിച്ച് 23 വർഷത്തിനു ശേഷമാണ് അഞ്ച് ദശലക്ഷം വിൽപ്പന നാഴികക്കല്ല് കടക്കാൻ മാരുതി സുസുക്കിക്ക സാധിച്ചത്. അടുത്ത അഞ്ച് ദശലക്ഷം യൂണിറ്റുകൾ പുറത്തിറക്കാൻ വെറും ആറു വർഷം മാത്രാമണ് എടുത്തത്. ഏഴ് വർഷമെടുത്തുകൊണ്ട് 10 ദശലക്ഷത്തിൽ നിന്ന് 20 ദശലക്ഷം യൂണിറ്റുകളിലേക്ക് ഓടിയതോടെ എണ്ണം പിന്നീട് കൂടുതൽ ത്വരിതപ്പെടുത്തി. കഴിഞ്ഞ അഞ്ച് ദശലക്ഷം യൂണിറ്റുകൾ വെറും നാല് വർഷം കൊണ്ട് വിറ്റു. ഈ മാസം ആദ്യം 25 ദശലക്ഷം മാർക്ക് മറികടന്നു. നിലവിൽ, മാരുതി സുസുക്കി ഇന്ത്യയിൽ 17 മോഡലുകൾ വിൽക്കുന്നു, കൂടാതെ ഹൈബ്രിഡ്, സിഎൻജി മോഡലുകൾ കൂടുതൽ ജനപ്രിയമാക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. ഏകദേശം 2.1 ദശലക്ഷം യൂണിറ്റുകളുടെ ഹൈബ്രിഡ്, സിഎൻജി മോഡലുകളുടെ സഞ്ചിത വിൽപ്പന മാരുതി സുസുക്കി ഇതുവരെ നേടിയിട്ടുണ്ട്.
2022-ൽ, ഇന്തോ-ജാപ്പനീസ് കാർ നിർമ്മാതാവ് 15 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി, 1.5 ദശലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റു. മാരുതി സെലേറിയോ, സ്വിഫ്റ്റ്, വാഗൺആർ, ഇഗ്നിസ്, ബലേനോ എന്നിവ ഉൾപ്പെടുന്ന ചെറുകാർ വിഭാഗത്തിൽ നിന്നാണ് പ്രധാന വിൽപ്പന സംഭാവന. ഏകദേശം 55 ശതമാനത്തോളം വരുമിത്. എസ്‌യുവികളുടെയും എംപിവികളുടെയും 3,37,157 യൂണിറ്റുകളും എൻട്രി ലെവൽ ആൾട്ടോ, എസ്-പ്രസ്സോ എന്നിവയുടെ 2,27,824 യൂണിറ്റുകളും കമ്പനി റീട്ടെയിൽ ചെയ്തു. നിലവിൽ, വിതരണ ശൃംഖലയുടെ പരിമിതികൾ കാരണം മാരുതി സുസുക്കിക്ക് ഏകദേശം 4.05 ഓർഡറുകൾ തീർപ്പാക്കാനില്ല.
മാരുതി സുസുക്കി ഉടൻ തന്നെ രണ്ട് പുതിയ ഉൽപ്പന്നങ്ങളുമായി അതിന്റെ എസ്‌യുവി മോഡൽ ലൈനപ്പ് വികസിപ്പിക്കും. ഫ്രോങ്ക്സ് കോംപാക്റ്റ് ക്രോസ്ഓവർ , ജിംനി 5-ഡോർ ഓഫ്-റോഡ് എസ്‌യുവി എന്നിവയാണവ. ഫ്രോങ്ക്സ് സിഗ്മ, ഡെൽറ്റ, ഡെൽറ്റ പ്ലസ്, സീറ്റ, ആൽഫ എന്നീ ട്രിമ്മുകളിലും - 1.0L ബൂസ്റ്റർജെറ്റ് പെട്രോൾ, 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലും വരും . മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകൾ ഓഫറിൽ ലഭിക്കും.
105 bhp കരുത്തും 134Nm യും നൽകുന്ന 1.5L K15B പെട്രോൾ എഞ്ചിനിലാണ് മാരുതി ജിംനി 5-ഡോർ എസ്‌യുവി ലഭ്യമാകുന്നത്. ഓഫറിൽ രണ്ട് വേരിയന്റുകളുണ്ടാകും. സെറ്റ, ആല്‍ഫ എന്നിവ. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കളർ എംഐഡി ഡിസ്‌പ്ലേ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന വിംഗ് മിററുകൾ, 4-സ്പീക്കർ ഓഡിയോ സിസ്റ്റം, റിയർ ഡീഫോഗർ, റിവേഴ്‌സിംഗ് ക്യാമറ, പവർ വിൻഡോകൾ, ബ്രേക്ക് ലിമിറ്റഡ് സ്ലിപ്പ് എന്നിവ ഇതിന്റെ ചില പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു. ഡിഫറൻഷ്യൽ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, സീറ്റ് ബെൽറ്റ് പ്രെറ്റെൻഷനറുകൾ, 6 എയർബാഗുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറേജുകൾ തുടങ്ങിയ ഫീച്ചറുകളും ലഭിക്കും.