Suzuki Jimny : ജിപ്‍സിയുടെ ചേട്ടനെ ഇന്ത്യയ്ക്ക് കിട്ടുമോ ഇല്ലയോ? മാരുതി പറയുന്നത് ഇങ്ങനെ!
ഇന്ത്യയിലെ വാഹന നിര ശക്തിപ്പെടുത്താന്‍ മാരുതി സുസുക്കിയുടെ നീക്കം. ഇതിന്‍റെ ഭാഗമായി രാജ്യം കാത്തിരിക്കുന്ന ജിംനി വിപണിയില്‍ എത്തുമോ? മാരുതി പറയുന്നത് ഇങ്ങനെ
ഇന്ത്യന്‍ വാഹന ലോകം (Indian Vehicle Market) ഏറെക്കാലമായി കൊതിയോടെ കാത്തിരിക്കുന്ന ഒരു വാഹന മോഡലാണ് സുസുക്കി ജിംനി (Maruti Suzuki Jimny). ഓഫ്-റോഡ് മികവിന് പേരുകേട്ട സുസുക്കി ജിംനി (Suzuki Jimny) കഴിഞ്ഞ 50 വർഷത്തിലേറെയായി ആഗോള വിപണിയിൽ ഉണ്ട്. കൊറോണ വൈറസ് വ്യാപനം ആരംഭിക്കുന്നതിന് മുമ്പ് രാജ്യത്ത് നടന്ന 2020 ദില്ലി ഓട്ടോ എക്‌സ്‌പോയിലും ഈ എസ്‌യുവി പ്രദർശിപ്പിച്ചിരുന്നു. പലതവണ ഇന്ത്യന്‍ നിരത്തിലേക്ക് വരുമെന്നും ഇല്ലെന്നുമൊക്കെ പറഞ്ഞ് വാര്‍ത്തകളില്‍ നിറഞ്ഞ ജിപ്‍സിയുടെ (Maruti Gypsy) ഈ സഹോദരന്‍റെ ഇന്ത്യന്‍ വിപണി പ്രവേശനം വീണ്ടും ചര്‍ച്ചയാകുകയാണ് ഇപ്പോള്‍.
തങ്ങളുടെ എസ്‌യുവി പോർട്ട്‌ഫോളിയോ ശക്തിപ്പെടുത്തുന്നതിനുള്ള മൊത്തത്തിലുള്ള പദ്ധതിയുടെ ഭാഗമായി ജിംനി ബ്രാൻഡ് രാജ്യത്ത് അവതരിപ്പിക്കാൻ കഴിയുമോ എന്നറിയാൻ മാരുതി സുസുക്കി നിലവിൽ ഉപഭോക്തൃ ഫീഡ്‌ബാക്ക് വിശകലനം ചെയ്യുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. മാരുതി സുസുക്കിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പിടിഐയോട് ഇക്കാര്യം വ്യക്തമാക്കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
"കൊതിപ്പിച്ച് കടന്നതെന്തേ ജാപ്പനീസുകാരാ വീണ്ടും..?!"കണ്ണുനിറഞ്ഞ് ഇന്ത്യന്‍ വണ്ടിപ്രേമികള്‍!
"ഞങ്ങൾ ഉപഭോക്താക്കളിൽ നിന്ന് വളരെ നല്ല ഫീഡ്‌ബാക്ക് ശേഖരിച്ചിട്ടുണ്ട്. ഞങ്ങൾ ഈ ഫീഡ്‌ബാക്ക് പഠിക്കുകയാണ്, ഉൽപ്പന്നം ഇവിടെ അവതരിപ്പിക്കാൻ കഴിയുമോ എന്ന് ഞങ്ങൾ തീർച്ചയായും പരിശോധിക്കും..," എംഎസ്‌ഐ സീനിയർ എക്‌സിക്യൂട്ടീവ് ഡയറക്ടർ - സെയിൽസ് ആൻഡ് മാർക്കറ്റിംഗ്, ശശാങ്ക് ശ്രീവാസ്തവ പിടിഐയോട് പറഞ്ഞു. രാജ്യത്ത് ലൈഫ്‌സ്‌റ്റൈൽ എസ്‌യുവി വിഭാഗം ചെറുതാണെങ്കിലും അത്തരത്തിലുള്ള വാഹനം ആഗ്രഹിക്കുന്ന ഒരു വിഭാഗം ഉപഭോക്താക്കളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "വോള്യങ്ങൾ കുറവാണ്, എന്നാൽ അത്തരം വാഹനങ്ങൾ ഒരു OEM-ന്റെ പ്രതിച്ഛായ ഉയർത്തുന്നു. അതേ സമയം, നിരവധി ഉപഭോക്തൃ അഭിലാഷങ്ങളെ പിന്തുണയ്ക്കാനും ഇത് സഹായിക്കുന്നു.." ശശാങ്ക് ശ്രീവാസ്‍തവ വ്യക്തമാക്കിയതായി പിടിഐയെ ഉദ്ദരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
വില കുറയും, ജിംനിയുടെ പുതിയ പതിപ്പുമായി സുസുക്കി
ഏതെങ്കിലും പുതിയ ഉൽപ്പന്നം വിപണിയിൽ അവതരിപ്പിക്കുന്നതിന് മുമ്പ്, ഘടക വിതരണത്തിലേക്കുള്ള വിലനിർണ്ണയം പോലുള്ള വിവിധ വശങ്ങൾ വിലയിരുത്തേണ്ടതുണ്ടെന്നും ശ്രീവാസ്‍തവ ചൂണ്ടിക്കാട്ടി. കൊറോണ വൈറസ് കാരണം കാലതാമസം ഉണ്ടായിട്ടുണ്ടെങ്കിലും, രാജ്യത്തെ മിഡ്-എസ്‌യുവി വിഭാഗത്തിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ മാരുതി ശ്രമിക്കുകയാണ്, അവിടെ എതിരാളികളെ അപേക്ഷിച്ച് സെഗ്‌മെന്റിലെ വിപണി വിഹിതം കുറവാണ്. എസ്‌യുവി വിഭാഗത്തിൽ മാരുതിയുടെ വിപണി വിഹിതം ഏകദേശം 13 മുതല്‍ 14 ശതമാനം വരെ ആണെന്നും ശ്രീവാസ്‍തവ പറഞ്ഞു. ആ സ്ഥലത്ത് മാരുതി എസ്-ക്രോസ് വേണ്ടത്ര വോളിയം നൽകുന്നില്ലെന്നും വളരുന്ന ഒരു വിഭാഗത്തിൽ മാരുതിക്ക് കുറഞ്ഞ വിപണി വിഹിതമേയുള്ളൂവെന്നും ഈ പ്രത്യേക സെഗ്‌മെന്റിൽ കമ്പനിയുടെ ഉൽപ്പന്ന പോർട്ട്‌ഫോളിയോ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം ജിനിയെക്കുറിച്ച് കൂടുതല്‍ പറയുകയാണെങ്കില്‍, ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളും മാരുതിയുടെ പങ്കാളിയുമായ സുസുക്കിയുടെ ആഗോളതലത്തിലെ ജനപ്രിയ മോഡലാണ് ജിംനി. അന്താരാഷ്‌ട്ര വിപണികളിൽ ഏറ്റവും ആവശ്യക്കാരുള്ള, മാരുതി ജിപ്‍സിയുടെ സഹോദരന്‍ കൂടിയായ ഈ കോംപാക്‌ട് മോഡലിനെ ഇന്ത്യന്‍ വാഹന ലോകം ഏറെക്കാലമായി കൊതിയോടെ കാത്തിരിക്കുന്നു. ദില്ലിയിൽ 2020ല്‍ നടന്ന ഓട്ടോ എക്സ്പോയിൽ ആണ് ജിപ്‍സിയുടെ പിൻഗാമിയായ ജിംനിയെ മാരുതി സുസുക്കി അവതരിപ്പിച്ചത്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന മൂന്നു ഡോര്‍ ജിംനിയുടെ കയറ്റുമതിയും കമ്പനി നടത്തുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ നിരത്തുകള്‍ക്ക് ജിംനി ഇപ്പോഴും അപ്രാപ്യമാണ്. ഇന്നുവരും നാളെവരും ജിംനി എന്നും പറഞ്ഞ് വലിയ പ്രതീക്ഷയിലാണ് ഇപ്പോഴും ഇന്ത്യന്‍ വാഹനപ്രേമികള്‍. ഇതേക്കുറിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ ഇതിനകം വന്നു കഴിഞ്ഞു.
ജിംനി 5 ഡോര്‍ പതിപ്പ് ഇന്ത്യൻ വിപണിയിലേക്കും
ജിംനിയെ ഇന്ത്യന്‍ വാഹന ലോകം ഏറെക്കാലമായി കാത്തിരിക്കുകയാണ്. ദില്ലിയിൽ 2020ല്‍ നടന്ന ഓട്ടോ എക്സ്പോയിൽ ആണ് ജിപ്‍സിയുടെ പിൻഗാമിയായ ജിംനിയെ മാരുതി സുസുക്കി അവതരിപ്പിച്ചത്. നാല് പേർക്ക് യാത്ര ചെയ്യാവുന്ന മൂന്ന് ഡോർ മോഡൽ ആയാണ് ജിംനി എത്തിയത്. എന്നാൽ ഈ ജിംനി ഇന്ത്യയിൽ ലോഞ്ച് ചെയ്യില്ലെന്ന് പിന്നീട് മാരുതി പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നു.
ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാതിരിക്കുന്നതിനു പിന്നില്‍ ജിംനിയുടെ ബോഡി സ്റ്റൈൽ ആണ് കാരണം എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിൽ ഇന്റീരിയർ സ്പേസ് ഒരു പ്രധാന ഘടകമാണ്, അതുകൊണ്ട് ഈ ബോഡി സ്റ്റൈൽ വിജയിക്കുമൊ എന്ന് കമ്പനിക്ക് സംശയം ഉണ്ടായിരുന്നു. എന്നാൽ ഇന്ത്യയ്ക്കായി ഇപ്പോൾ ജിംനിയുടെ 5 സീറ്റർ പതിപ്പിന്റെ പ്രവർത്തനങ്ങളിലാണ് മാരുതി സുസുക്കി എന്നും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നു. ദില്ലി ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച ജിംനി സിയറ പതിപ്പ് അടിസ്ഥാനമാക്കിയാണ് 5 സീറ്റർ ജിംനി ഒരുങ്ങുന്നതെന്നായിരുന്നു സൂചനകള്‍. അതേസമയം, 300 എം.എം. വീല്‍ബേസ് ഉയരുമെന്നും സൂചനയുണ്ടായിരുന്നു. വീല്‍ബേസ് ഉയരുന്നതോടെ ക്യാബിന്‍ കൂടുതല്‍ വിശാലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 3850 എം.എം. നീളവും 1645 എം.എം. വീതിയും 1730 എം.എം. ഉയരവും 2550 എം.എം. വീല്‍ബേസുമാണ് ജിംനിക്ക് ഉള്ളതെന്നാണ് മുമ്പ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ജിംനി ലൈറ്റ് എന്ന എൻട്രി ലെവൽ വേരിയന്‍റിനെ ഓസ്ട്രേലിയൻ വിപണിയില്‍ കമ്പനി അവതരിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
സുസുക്കി ജിംനിയുമായി ഇന്ത്യയുടെ ബന്ധം തുടങ്ങിയത് 1980 കളിലാണ്. ജാപ്പനീസ് വിപണിയിലുള്ള ജിംനിയുടെ രണ്ടാം തലമുറയുടെ പരിഷ്‌കരിച്ച രൂപമാണ് 1985ല്‍ ജിപ്‌സി എന്ന പേരില്‍ ഇന്ത്യയില്‍ എത്തിയത്. ലൈറ്റ് ജീപ്പ് മോഡല്‍ എന്ന പേരില്‍ 1970ല്‍ ആണ് ജപ്പാനീസ് നിരത്തുകളില്‍ ജിംനി പ്രത്യക്ഷപ്പെടുന്നത്. 1981 ല്‍ രണ്ടാം തലമുറയും 1998 ല്‍ മൂന്നാം തലമുറയും വന്നു. അന്നു മുതല്‍ കാര്യമായ മാറ്റങ്ങളില്ലാതെ വിപണിയില്‍ തുടരുകയാണ് ജിംനി. എന്നാല്‍ 2018ല്‍ നാലാം തലമുറ അടിമുടി മാറ്റങ്ങളുമായിട്ടാണ് പുറത്തിറങ്ങിയത്. നാലാം തലമുറ ജിപ്‍സിയെയാണ് കമ്പനി ജിംനിയായി അവതരിപ്പിച്ചത്.
വെറും 72 മണിക്കൂര്‍, ജിപ്‍സിയുടെ സഹോദരനെ ജനം വാങ്ങിത്തീര്‍ത്തു!