പുകയില വ്യാപാരിയുടെ കാർ ശേഖരം കണ്ട് ഇഡി ഞെട്ടി! 'ശ്വാസകോശം പിഴിഞ്ഞുണ്ടാക്കിയതോ'മറ്റെന്തെങ്കിലും തട്ടിപ്പോ?
കമ്പനി ഉടമയുടെ ആഡംബര ബംഗ്ലാവിൽ ലംബോർഗിനി ഉറൂസ്, റോൾസ് റോയ്‌സ് ഫാൻ്റം, മെഴ്‌സിഡസ് ബെൻസ് എസ് ക്ലാസ്, മെഴ്‌സിഡസ് ബെൻസ് ജിഎൽഎസ്, ഫെരാരി 812 ജിടിഎസ്, മക്‌ലാരൻ തുടങ്ങി നിരവധി ആഡംബര കാറുകൾ പാർക്ക് ചെയ്‌തിരുന്നു.
പുകയില വ്യാപാരിയുടെ ആഡംബര വീട്ടിൽ നടന്ന റെയിഡിൽ കോടികൾ വിലയുള്ള ലക്ഷ്വറി കാറുകൾ ആദായാനികുതി വകുപ്പ് പിടിച്ചെടുത്തു. കാൺപൂരിലെ ബൻഷിധർ ടൊബാക്കോ കമ്പനിയിൽ നടത്തിയ റെയ്ഡിലാണ് ലംബോർഗിനി, ഫെരാരി, റോൾസ് റോയ്സ് തുടങ്ങി നിരവധി ആഡംബര കാറുകൾ പിടിച്ചെടുത്തത്. കെ കെ മിശ്ര എന്നയാളാണ് ഈ കമ്പനിയുടെ ഉടമ .100 കോടിയിലധികം രൂപയുടെ നികുതിവെട്ടിപ്പ് കേസിൽ ഈ ആഴ്ച ആദ്യം ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡുകളിൽ ഏഴുകോടിയോളം രൂപ പിടിച്ചെടുത്തിരുന്നു.
കാൺപൂർ, ദില്ലി, ഝാൻസി തുടങ്ങി വിവിധ നഗരങ്ങളിൽ ബൻഷിധർ പുകയില കമ്പനിയും അതിൻ്റെ അനുബന്ധ സ്ഥാപനങ്ങളും റെയ്ഡ് ചെയ്തു. ഗുജറാത്ത്, ആന്ധ്രാപ്രദേശ്, ഡൽഹി എന്നിവയുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ കമ്പനിയുമായി ബന്ധപ്പെട്ടവരുടെ സ്ഥലങ്ങളിലും സമാനമായ പരിശോധന നടത്തി.
കമ്പനി ഉടമയുടെ ആഡംബര ബംഗ്ലാവിൽ ലംബോർഗിനി ഉറൂസ്, റോൾസ് റോയ്‌സ് ഫാൻ്റം, മെഴ്‌സിഡസ് ബെൻസ് എസ് ക്ലാസ്, മെഴ്‌സിഡസ് ബെൻസ് ജിഎൽഎസ്, ഫെരാരി 812 ജിടിഎസ്, മക്‌ലാരൻ തുടങ്ങി നിരവധി ആഡംബര കാറുകൾ പാർക്ക് ചെയ്‌തിരുന്നു. റെയ്ഡിനിടെ ഒരു ബിഎംഡബ്ല്യു എസ് 1000 ആർആർ സൂപ്പർ ബൈക്കും പരിസരത്തുനിന്ന് കണ്ടെടുത്തു. ഈ വാഹനങ്ങളുടെ ആകെ വില 70 കോടി രൂപയോളം വരും. ഈ വാഹനങ്ങൾ രഹസ്യ മാർഗങ്ങളിലൂടെ വാങ്ങിയതാണോ അതോ കമ്പനിയുടെ സാമ്പത്തിക രേഖകളിൽ നിന്ന് നീക്കം ചെയ്തതാണോയെന്ന് ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്.
ഇതിനുപുറമെ നാലരക്കോടിയുടെ പണവും രണ്ടരക്കോടിയുടെ ആഭരണങ്ങളും ആദായനികുതി സംഘം കണ്ടെടുത്തു. 100 കോടിയിലധികം രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായാണ് കണക്ക്. കടലാസിൽ 25-30 കോടി രൂപയുടെ വിറ്റുവരവാണ് സ്ഥാപനം കാണിക്കുന്നത്. അതേസമയം 100 കോടിയിലധികം രൂപയുടെ വിറ്റുവരവ് നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. വിദേശ ആഡംബര കാറുകളുടെ വാഹനവ്യൂഹം കണ്ടെത്തിയതോടെ അന്വേഷണത്തിൻ്റെ വ്യാപ്തി കൂടുതൽ വർധിച്ചിട്ടുണ്ട്.
ബൻഷിധർ ടുബാക്കോ പ്രൈവറ്റ് ലിമിറ്റഡ് രാജ്യത്തെ പുകയില വ്യവസായത്തിലെ വലിയ പേരുകളിലൊന്നാണ്. കൂടാതെ പ്രമുഖ പാൻ മസാല ഗ്രൂപ്പുകൾക്കുള്ള ഉൽപ്പന്നങ്ങളുടെ വിതരണക്കാരനുമാണ്. വിവിധ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, കമ്പനി 20 മുതൽ 25 കോടി രൂപ വരെ വരുമാനം റിപ്പോർട്ട് ചെയ്‍തിട്ടുണ്ട്. അതേസമയം യഥാർത്ഥ വിറ്റുവരവ് ഈ തുകയേക്കാൾ പലമടങ്ങ് കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകൾ.
ബൻഷിധർ ടുബാക്കോ പ്രൈവറ്റ് ലിമിറ്റഡ് കഴിഞ്ഞ 32 വർഷമായി നിർമ്മാണ ബിസിനസുകളിൽ സജീവമാണ്. ഉഷാ മിശ്ര, കൃഷ്ണ കുമാർ മിശ്ര, ശിവം കുമാർ മിശ്ര എന്നീ ബോർഡ് അംഗങ്ങളും ഡയറക്ടർമാരുമാണ് കമ്പനി നിലവിൽ പ്രവർത്തിക്കുന്നത്. ആര്യനഗറിൽ താമസിക്കുന്ന കമ്പനിയുടെ പ്രൊപ്രൈറ്റർ തൻ്റെ ബിസിനസ് പ്രവർത്തനങ്ങൾ കാൺപൂരിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റി ഇപ്പോൾ അവിടെ താമസിക്കുന്നു. കമ്പനിയുടെ ഫാക്ടറി അഹമ്മദാബാദിലാണ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി കമ്പനിയുടെ സാമ്പത്തിക കണക്കുകളും നികുതി റിട്ടേണുകളും ആദായ നികുതി വകുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.