ഇന്ത്യന്‍ ചിത്രകാരന്‍റെ പെയിന്‍റിംഗിന് ലേലത്തില്‍ ലഭിച്ചത് 32 കോടി രൂപ, തകര്‍ത്തത് സ്വന്തം റെക്കോര്‍ഡ്

'ഇന്ത്യയുടെ ആധുനിക ചിത്രകലയിലെ ഏറ്റവും മികച്ച ആ കലാകാരനുള്ള ശരിയായ ആദരമാണിത്' എന്ന് ലേലശാലയുടെയും ആര്‍ട്ട് ഗാലറിയുടെയും ഉടമ ദാദിബ പുണ്ടോള്‍ പറഞ്ഞു.

v s gaitonde painting fetches 32 crore in auction

ഇന്ത്യന്‍ ചിത്രകാരന്‍ വി എസ് ഗായ്‍തൊണ്ടെയുടെ പേരിട്ടിട്ടില്ലാത്ത ചിത്രം ലേലത്തില്‍ വിറ്റത് 32 കോടി രൂപയ്ക്ക്. ഇതോടെ ഇന്ത്യയിലെ ഏറ്റവുമധികം വിലയ്ക്ക് വിറ്റ സൃഷ്‍ടിയുടെ കര്‍ത്താവായിരിക്കുകയാണ് ഗായ്‍തൊണ്ടെ. വ്യാഴാഴ്‍ച മുംബൈയിലെ പുണ്ടോള്‍ ലേലശാലയിലാണ് ലേലം നടന്നത്. ജപ്പാനിലെ ഗ്ലെൻബറ ആർട്ട് മ്യൂസിയത്തിന്‍റെ ശേഖരത്തിൽ നിന്നുള്ള പെയിന്‍റിംഗുകളടങ്ങിയ ലുക്കിംഗ് വെസ്റ്റ് എന്ന ലേലത്തിന്റെ ഭാഗമായിരുന്നു ഈ ചിത്രം. ഇന്ത്യന്‍ വംശജനായ, അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരാളാണ് ചിത്രം വാങ്ങിയത്. ജാപ്പനീസ് ബിസിനസുകാരനും ആര്‍ട്ട് കളക്ടറുമായ മസനോരി ഫുകുവോകയുടെ ഉടമസ്ഥതയിലുള്ളതാണ് ഗ്ലെന്‍ബറ ആര്‍ട്ട് മ്യൂസിയം.

2015 -ല്‍ മുംബൈയില്‍ നടന്ന ലേലത്തില്‍ ഗായ്തൊണ്ടെയുടെ ഒരു പെയിന്‍റിംഗ് 29.3 കോടി രൂപയ്‍ക്ക് വിറ്റിരുന്നു. ഈ സ്വന്തം റെക്കോര്‍ഡാണ് ഇപ്പോള്‍ ഗായ്‍തൊണ്ടെ മറികടന്നിരിക്കുന്നത്. എസ്. എച്ച് റാസയുടെ സൗരാഷ്ട്ര 2010 -ല്‍ 16.3 കോടിക്ക് ലേലം പോയിരുന്നു. 2015 -ല്‍ അമൃത ഷേര്‍ ഗിലിന്‍റെ സെല്‍ഫ് പോര്‍ട്രെയ്റ്റ് $3.2 മില്ല്യണിനും. ഈ ഇന്ത്യക്കാരുടെ ചിത്രങ്ങളാണ് ഏറ്റവുമധികം ലേലത്തില്‍ വിലമതിക്കുന്നതായി നിലവിലുള്ളത്. ഇതിനെല്ലാം മുകളിലാണ് ഗായ്‍തൊണ്ടെയുടെ ചിത്രങ്ങള്‍. 

v s gaitonde painting fetches 32 crore in auction

'ഇന്ത്യയുടെ ആധുനിക ചിത്രകലയിലെ ഏറ്റവും മികച്ച ആ കലാകാരനുള്ള ശരിയായ ആദരമാണിത്' എന്ന് ലേലശാലയുടെയും ആര്‍ട്ട് ഗാലറിയുടെയും ഉടമ ദാദിബ പുണ്ടോള്‍ പറഞ്ഞു. '1975 -ല്‍ അച്ഛനൊപ്പം ജോലി ചെയ്‍തുകൊണ്ടിരിക്കുമ്പോള്‍ മുതല്‍ ഗായ്‍തൊണ്ടെയുമായി ബന്ധമുണ്ടായിരുന്നു. അവസാനം വരെ അവര്‍ ആ സൗഹൃദം സൂക്ഷിച്ചിരുന്നു. ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തിന് വിജയത്തിന് സാക്ഷിയാവാനായില്ല. പക്ഷേ, അദ്ദേഹത്തിനതില്‍ വിഷമമില്ലായിരുന്നു' എന്നും പുണ്ടോള്‍ പ്രതികരിച്ചു. 

എഫ്.എന്‍ സൗസ, എസ്.എച്ച് റാസ, എം.എഫ് ഹുസ്സൈന്‍ തുടങ്ങിയ കലാകാരന്മാര്‍ രൂപം കൊടുത്ത പ്രോഗ്രസീവ് ആര്‍ട്ടിസ്റ്റ്‍സ് ഗ്രൂപ്പ് ഓഫ് ബോംബെയിലെ അംഗമായിരുന്നു ഗായ്‍തൊണ്ടെ. പിന്നീട് അദ്ദേഹം ദില്ലിയിലേക്ക് മാറുകയും 2001 -ല്‍ മരിക്കുന്നതുവരെ അവിടെ കഴിയുകയും ചെയ്‍തു. 

Latest Videos
Follow Us:
Download App:
  • android
  • ios