ഒരു ഗ്രാമത്തിലെ സാധാരണക്കാരന്‍ കര്‍ഷകന്‍റെ മകള്‍ ലോകപ്രശസ്‍ത വേദിയിലെത്തി അമ്പരപ്പിച്ച കഥ...
തനിക്ക് മാത്രമല്ല, ഗ്രാമത്തിലെ ഓരോരുത്തര്‍ക്കും അവളെ കുറിച്ച് അഭിമാനമായിരുന്നു. കാരണം അവള്‍ ഒന്നുമില്ലായ്‍മയില്‍ നിന്നാണ് തുടങ്ങിയത്. ഒരു അച്ഛനെന്ന നിലയില്‍ ചെയ്യാവുന്നതേ താന്‍ ചെയ്‍തുള്ളൂ. ബാക്കിയെല്ലാം അവള്‍ അവളുടെ കഠിനപ്രയത്നവും ആത്മാര്‍പ്പണവും കൊണ്ട് നേടിയതാണ്.
സൊണാലിയും സുമാന്തും ലോകപ്രശസ്‍തമായ ആ മത്സരവേദിയില്‍ നില്‍ക്കുകയാണ്. അമേരിക്ക ഗോട്ട് ടാലന്‍റ് എന്ന പരിപാടിയില്‍. മുന്നിലിരിക്കുന്നത് സംതൃപ്‍തരാക്കാന്‍ ഏറെ പാടുള്ള വിധികര്‍ത്താക്കളും. എന്നാല്‍, ഒട്ടും പതറാതെ തികഞ്ഞ ആത്മവിശ്വാസത്തോടും ആത്മാഭിമാനത്തോടും കൂടി കൊല്‍ക്കത്തയില്‍നിന്നുള്ള ആ രണ്ടുപേരും അവര്‍ക്കുമുന്നില്‍ നിന്നിട്ട് പറഞ്ഞു, 'വീ ആര്‍ ദ ബാഡ് സല്‍സാ ഗ്രൂപ്പ്' (ഞങ്ങള്‍ ബാഡ് സല്‍സാ ഗ്രൂപ്പില്‍ നിന്നുള്ളവരാണ്) അതോടെ സദസും വിധികര്‍ത്താക്കളും ഒന്നിളകി. തുടര്‍ന്നുള്ള പ്രകടനം അതിനേക്കാളും ഗംഭീരമായിരുന്നു. അവരുടെ ചടുലമായ ചലനങ്ങളും വേഗവും ഭാവവുമെല്ലാം എല്ലാവരെയും അമ്പരപ്പിച്ചു കളഞ്ഞു. സൈമണ്‍ കവല്‍ എന്ന ആര്‍ക്കും അത്ര എളുപ്പത്തില്‍ തൃപ്‍തനാക്കാനാവാത്ത വിധികര്‍ത്താവുമുണ്ടായിരുന്നു അക്കൂട്ടത്തില്‍. എന്നാല്‍, ആ രണ്ടുപേരുടെയും പ്രകടനങ്ങളുടെ ആദ്യാവസാനം കവാലിന്‍റെ മുഖത്ത് പുഞ്ചിരി നിലനിര്‍ത്തി. പ്രകടനം കഴിഞ്ഞതോടെ അഭിനന്ദനങ്ങളുടെ ആര്‍പ്പുവിളികളാല്‍ അവിടം മുഖരിതമായി.
സൊണാലിക്കും സുമാന്തിനും എത്ര പ്രിയപ്പെട്ടതാണ്, എത്ര പ്രധാനപ്പെട്ടതാണ് ആ നിമിഷം എന്ന് പറഞ്ഞറിയിക്കാനാവില്ല. അവര്‍ക്കുമാത്രമല്ല, ബാഡിന്‍റെ സ്ഥാപകനും അവരുടെ കൊറിയോഗ്രാഫറുമായ ബിവാഷ് ചൗധരിക്കും. ബിവാഷ് അക്കാദമി ഫോര്‍ ഡാന്‍സ് ആണ് ബാഡ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്നത്. ഏകദേശം പത്തുവര്‍ഷത്തോളമായി ബിവാഷ് അവരെ പരിശീലിപ്പിക്കുന്നുണ്ട്. അവരുടെ കഥ കഠിനാധ്വാനത്തിന്‍റെയും നിശ്ചയദാര്‍ഢ്യത്തിന്‍റെയുമാണ്. പശ്ചിമബംഗാളിന്‍റെ ഉള്‍പ്രദേശത്തുള്ള ഒരു സാധാരണകര്‍ഷകന്‍റെ മകളാണ് സൊണാലി. സുമാന്താകട്ടെ ഡാന്‍സ് ക്ലാസില്‍ പങ്കെടുക്കുന്നതിനായി ഒഡീഷയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് ഏഴ് മണിക്കൂര്‍ യാത്ര ചെയ്‍തെത്തുന്നു. ബിവാഷിന്‍റെ വിജയത്തിലേക്കുള്ള യാത്രയും അത്ര എളുപ്പമുള്ളതൊന്നുമായിരുന്നില്ല. ഡാന്‍സൊക്കെ ഒരു പ്രൊഫഷനാണോ എന്ന് ചോദിച്ചവര്‍ക്ക് മുന്നിലാണ് ഇന്നദ്ദേഹം തലയുയര്‍ത്തി നില്‍ക്കുന്നത്.
''മൂന്നുവയസുള്ളപ്പോഴാണ് ഞാന്‍ ഡാന്‍സ് ചെയ്‍ത് തുടങ്ങുന്നത്. നാട്ടിലെ പരിപാടികളിലും മറ്റും സ്റ്റേജുകളില്‍ കയറുന്നതായിരുന്നു അത്. എല്ലാവരും എന്നെ അഭിനന്ദിക്കും. അച്ഛനോട് പറയും അവളെ ഡാന്‍സ് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കണം എന്ന്'' -സൊണാലി പറയുന്നു. പശ്ചിമബംഗാളിലെ Sholoardari എന്ന ഗ്രാമത്തില്‍നിന്നുമാണ് സോണാലി വരുന്നത്. ഏകദേശം ബംഗ്ലാദേശ് അതിര്‍ത്തിയുമായി അടുത്തുള്ള ഗ്രാമമായിരുന്നു അത്. അവളുടെ അച്ഛന്‍ ഒരു കര്‍ഷകനായിരുന്നു. അരി, പഴം, പച്ചക്കറികള്‍ എന്നിവയെല്ലാമായിരുന്നു അദ്ദേഹം കൃഷി ചെയ്‍തിരുന്നത്. അമ്മ വീട്ടമ്മയും. വീട്ടില്‍ അന്നന്നത്തെ ദിവസം കഴിഞ്ഞുകൂടാന്‍ തന്നെ പ്രയാസമായിരുന്നുവെങ്കിലും ആ കര്‍ഷകന്‍ തന്‍റെ മകളുടെ സ്വപ്‍നം പൂര്‍ത്തീകരിക്കാന്‍ തന്നെ തീരുമാനിച്ചു. അവളുടെ അച്ഛന് തന്‍റെ മകളെ കുറിച്ച് എപ്പോഴും പ്രതീക്ഷയുണ്ടായിരുന്നു. അവളുടെ കഴിവില്‍ വിശ്വാസമുണ്ടായിരുന്നു. ഒരു ഡാന്‍സിങ് സ്റ്റാര്‍ തന്നെ ആകാനുള്ള കഴിവ് അവള്‍ക്കുണ്ടെന്ന് അയാള്‍ക്കുറപ്പുണ്ടായിരുന്നു. ''ഗ്രാമത്തിലെ ആരോ ആണ് അച്ഛന് ബിവാഷ് സാറിന്‍റെ നമ്പര്‍ നല്‍കുന്നത്. അങ്ങനെ ഞങ്ങള്‍ കൊല്‍ക്കത്തയ്ക്ക് പോകാന്‍ തന്നെ തീരുമാനിച്ചു.'' അവളെ അവിടെയാക്കി അച്ഛന്‍ തിരികെ പോയി. ഇന്ന് പതിനാറുകാരിയായ സൊണാലിക്ക് അന്ന് വയസ് വെറും ഏഴ്.
''ചെറുപ്പം മുതല്‍ക്കേ അവളൊരു കഴിവുള്ള ഡാന്‍സറായിരുന്നു. വെറുതെ നടക്കുന്നതിന് പകരം അവളെപ്പോഴും ഡാന്‍സ് കളിച്ചോണ്ടായിരുന്നു നടന്നിരുന്നത്. വളര്‍ന്നു തുടങ്ങിയപ്പോള്‍ അവളുടെ കഴിവും ആത്മസമര്‍പ്പണവും എനിക്ക് മനസിലായി.'' അവളുടെ പിതാവ് ഷോണാഷി മജുംദാര്‍ പറയുന്നു. കൊല്‍ക്കത്തയിലവളെയാക്കി തിരികെ വന്നശേഷം അവളെ പിരിഞ്ഞിരിക്കാന്‍ എത്രമാത്രം വിഷമം തോന്നിയെന്നും എന്നാല്‍ അവളുടെ വളര്‍ച്ചക്കായിരുന്നു പ്രാധാന്യം എന്നും അദ്ദേഹം പറയുന്നു. തന്‍റെ മനസ് അവള്‍ എപ്പോഴും അഭിമാനം കൊണ്ട് നിറച്ചിരുന്നു. തനിക്ക് മാത്രമല്ല, ഗ്രാമത്തിലെ ഓരോരുത്തര്‍ക്കും അവളെ കുറിച്ച് അഭിമാനമായിരുന്നു. കാരണം അവള്‍ ഒന്നുമില്ലായ്‍മയില്‍ നിന്നാണ് തുടങ്ങിയത്. ഒരു അച്ഛനെന്ന നിലയില്‍ ചെയ്യാവുന്നതേ താന്‍ ചെയ്‍തുള്ളൂ. ബാക്കിയെല്ലാം അവള്‍ അവളുടെ കഠിനപ്രയത്നവും ആത്മാര്‍പ്പണവും കൊണ്ട് നേടിയതാണ് എന്നും അദ്ദേഹം പറയുന്നു.
ബിവാഷിനെക്കണ്ടു സംസാരിച്ചപ്പോള്‍ തന്നെ തന്‍റെ മകള്‍ക്ക് യോജിച്ച ഒരു മെന്‍ററിനെത്തന്നെയാണ് കിട്ടിയിരിക്കുന്നതെന്ന് അദ്ദേഹത്തിന് ബോധ്യമായി. ''ഒരു കര്‍ഷകനെന്ന നിലയില്‍ ദിവസവും ഇരുപതുരൂപ പോലും ഉണ്ടാക്കാന്‍ കഷ്‍ടപ്പെടുകയായിരുന്നു അച്ഛന്‍. എന്‍റെ സ്വപ്‍നങ്ങളെല്ലാം പൂര്‍ത്തീകരിച്ചുതരാനാവില്ലെന്ന് അച്ഛനറിയാമായിരുന്നു. പ്രത്യേകിച്ചും ഞാന്‍ ഗ്രാമത്തില്‍ തന്നെ കഴിയുന്ന സമയത്ത്. അതിനാലാണ് അദ്ദേഹമെന്നെ കൊല്‍ക്കത്തയില്‍ തന്നെ നിര്‍ത്തിയത്. ആദ്യമാദ്യം എനിക്ക് വീട്ടില്‍ നിന്നും അകന്നിരിക്കുന്നതില്‍ വലിയ പ്രയാസമുണ്ടായിരുന്നു. പക്ഷേ, പിന്നെപ്പിന്നെ ശരിയായി.'' സൊണാലി ഓര്‍ക്കുന്നു. ഇപ്പോള്‍ ആ അച്ഛന് ശുഭപ്രതീക്ഷയുണ്ട് തന്‍റെ മകള്‍ അവളുടെ എല്ലാ സ്വപ്‍നങ്ങളും സഫലീകരിക്കുക തന്നെ ചെയ്യുമെന്ന്. അതിന് സ്നേഹവും പിന്തുണയുമായി ആ കര്‍ഷകനും ഭാര്യയുമുണ്ട്.
സോണാലിക്കൊപ്പം നൃത്തം ചെയ്യുന്ന സുമാന്ത് ഡാന്‍സ് ഭ്രാന്തായി കൂടെ കൊണ്ടുനടക്കുന്ന ആളാണ്. അങ്ങനെയാണ് ബിവാഷ് അക്കാദമിയിലെത്തിച്ചേരുന്നതും ടാലന്‍റ് ഷോകളില്‍ പങ്കെടുക്കുന്നതുമെല്ലാം. ഓരോ ആഴ്‍ചയും ഭുവനേശ്വറില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് യാത്ര ചെയ്‍തെത്തിയായിരുന്നു പരിശീലനം. ഇരുവരുടെയും കഴിവും ബിവാഷിന്‍റെ പരിശീലനവും കൂടിച്ചേര്‍ന്നപ്പോള്‍ പകരം വയ്ക്കാന്‍ ഒന്നുമില്ലാതായി. 2012 -ല്‍ ഇന്ത്യാസ് ഗോട്ട് ടാലന്‍റില്‍ അപേക്ഷിക്കാനായ സമയത്താണ് ബിവാഷ് ഇവര്‍ രണ്ടുപേരിലും കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. 2011 -ല്‍ ബിവാഷിന്‍റെ ടീം റണ്ണറപ്പായിരുന്നു. 12 -ല്‍ വിജയികളാവണം എന്ന് തന്നെ അവരുറപ്പിച്ചു. സൊണാലിയും സുമാന്തുമടക്കം ആറ് പേരെയാണ് ബിവാഷ് തന്‍റെ അക്കാദമിയില്‍ നിന്ന് തെരഞ്ഞെടുത്തത്. ബിവാഷിന്‍റെ കൂടുതല്‍ കരുതലും പരിശീലനവുമായപ്പോള്‍ സൊണാലിയും സുമാന്തും വിജയം നേടുക തന്നെ ചെയ്‍തു. പിന്നീട് ഇരുവരും വേറെയും ഏറെ പരിപാടികളില്‍ പങ്കെടുത്തു. 2019 -ല്‍ അമേരിക്ക ഗോട്ട് ടാലന്‍റില്‍ നിന്നും ക്ഷണമുണ്ടായപ്പോള്‍ അദ്ദേഹത്തിനറിയാമായിരുന്നു ഇതാണവരുടെ യഥാര്‍ത്ഥ കഴിവ് കാണിക്കാനുള്ള അവസരമെന്ന്. അനവധിയായ പരിശീലനങ്ങള്‍ക്കൊടുവില്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ അവര്‍ ആ ലോകപ്രശസ്‍ത ഷോയില്‍ പ്രകടനം കാഴ്‍ചവെച്ചു. ആരാധനയേറ്റുവാങ്ങി, അമ്പരപ്പിച്ചു.
ബിവാഷിന്‍റെ അക്കാദമിയില്‍ വേറേയും കുട്ടികളുണ്ട്. ഇപ്പോള്‍ അദ്ദേഹത്തിനറിയാം കൃത്യമായ ശ്രദ്ധയും പരിശീലനവുമുണ്ടെങ്കില്‍ സൊണാലിയെയും സുമാന്തിനെയും പോലെ പ്രതിഭകള്‍ക്ക് ഉയര്‍ന്നുവരാന്‍ കഴിയുമെന്ന്. ഇപ്പോള്‍ സൊണാലിയും സുമാന്തും അടുത്ത ഘട്ടത്തിലേക്കുള്ള പരിശീലനത്തിലേക്കാണ്. വിജയം തന്നെയാണ് ഇരുവരുടെയും ലക്ഷ്യം. അതിന് ശക്തി പകരാനായി പരിശീലനവുമായി ബിവാഷുമുണ്ട്. കഠിനാധ്വാനവും ആത്മസമര്‍പ്പണവുമുണ്ടെങ്കില്‍ ഏതുയരെയും എത്താമെന്ന് ഇവരില്‍ നിന്നും പഠിക്കാം.