ഉപേക്ഷിക്കപ്പെട്ട ചെരിപ്പുകളിൽ നിന്നും കലാസൃഷ്ടി, ഈ കലാകാരൻ വ്യത്യസ്തനാകുന്നത് ഇങ്ങനെ
ഓരോ വർഷവും ഏകദേശം 13 ദശലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ ലോക മഹാസമുദ്രങ്ങളിലേക്ക് തള്ളുന്നുവെന്നാണ് ഐക്യരാഷ്ട്രസഭ റിപ്പോർട്ട് ചെയ്യുന്നത്. പടിഞ്ഞാറൻ ആഫ്രിക്കയിൽ പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും മിക്ക നഗര ബീച്ചുകളിലും ചിതറിക്കിടക്കുന്നു.
നമ്മളൊരു ബീച്ചില്‍ പോകുന്നു, അവിടെ ഒരു ഉപേക്ഷിക്കപ്പെട്ട വള്ളിച്ചെരുപ്പ് കാണുന്നു. നമ്മളെന്ത് ചെയ്യും. അതിനെ അതിന്‍റെ പാട്ടിനു വിട്ടിട്ട് നമ്മുടെ വഴിക്ക് പോകും അല്ലേ. എന്നാല്‍, ഐവോറിയൻ കലാകാരനായ അരിസ്റ്റൈഡ് കുവാമെ ഒരു വലിയ ട്രാഷ് ബാഗുമായി കടൽത്തീരത്ത് ഉപേക്ഷിക്കപ്പെട്ടിരിക്കുന്ന ഫ്ലിപ്പ് ഫ്ലോപ്പുകളും മറ്റ് പാദരക്ഷകളും ശേഖരിക്കുന്നു. കടൽത്തീരത്തുള്ളവർ അവനെ നിരാശനായ ഒരു തെരുവ് കച്ചവടക്കാരനായോ അല്ലെങ്കിൽ ഒരു ഭ്രാന്തനായോ കരുതുമെന്ന് അറിയാമെങ്കിലും അയാൾ അതൊന്നും ഗൗനിക്കാതെ ഇത്തരം ചെരിപ്പുകൾ ശേഖരിക്കുന്ന തിരക്കിലാണ്.
റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഐവറി തീരത്തുനിന്നുള്ള ഈ കലാകാരൻ ഇത്തരം ചെരുപ്പുകളെല്ലാം ശേഖരിച്ച് കഷണങ്ങളായി മുറിച്ചുകൊണ്ട് 1000 ഡോളർ വരെ വിലമതിക്കുന്ന കലാസൃഷ്ടികളാക്കി മാറ്റുന്നു. "ഇത് ആളുകൾ കടലിലേക്ക് വലിച്ചെറിഞ്ഞ മാലിന്യമാണ്, അത് ആവശ്യമില്ലാത്തതിനാൽ കടൽ അത് നമ്മിലേക്ക് തിരികെ കൊണ്ടുവരുന്നു. ഉപയോഗിച്ച ചെരുപ്പുകളിൽ നിന്നാണ് ഞാൻ കല ഉണ്ടാക്കുന്നത്. ചപ്പുചവറുകൾക്ക് ജീവൻ നൽകാനുള്ള ഒരു മാർഗമാണിത്..." എന്നാണ് കുവാമെ പറയുന്നത്.
കടൽത്തീരത്തുനിന്നും മാറി കുവാമെ, കടൽത്തീരത്ത് നിന്ന് താൻ ശേഖരിച്ച മാലിന്യങ്ങള്‍ കലാസൃഷ്ടികളാക്കി മാറ്റുന്നു. അതില്‍ നിന്നുതന്നെ അവശിഷ്ടങ്ങൾ പൊടിച്ച് അദ്ദേഹം സ്വന്തമായി പെയിന്റ് ഉണ്ടാക്കുന്നു. പാരിസ്ഥിതികാഘാതം കുറവുള്ളതും ചെലവ് കുറഞ്ഞതുമായ മാര്‍ഗമാണിത്. ഏതാനും വർഷങ്ങൾ ഇത്തരം കലാസൃഷ്ടികളുണ്ടാക്കിയ ശേഷം ഇത് ഐവറി കോസ്റ്റിലെ കലാസ്ഥാപനത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. പിന്നീട്, കുവാമെയുടെ കലാസൃഷ്ടി സ്വദേശത്തും വിദേശത്തുമുള്ള ഗാലറികളിൽ പ്രദര്‍ശനത്തിനെത്തി. പൗരാവകാശങ്ങളുടെയും നെൽസൺ മണ്ടേല പോലുള്ള രാഷ്ട്രീയ നേതാക്കളുടെയും വലിയ ഛായാചിത്രങ്ങൾ മുതൽ കാലാവസ്ഥാ വ്യതിയാനം, കൊവിഡ് -19, സാമ്പത്തിക അസമത്വം എന്നിവയുൾപ്പെടെ അദ്ദേഹത്തിന്‍റെ സൃഷ്ടികള്‍ക്ക് വിഷയമാകുന്നു.
ഓരോ വർഷവും ഏകദേശം 13 ദശലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ ലോക മഹാസമുദ്രങ്ങളിലേക്ക് തള്ളുന്നുവെന്നാണ് ഐക്യരാഷ്ട്രസഭ റിപ്പോർട്ട് ചെയ്യുന്നത്. പടിഞ്ഞാറൻ ആഫ്രിക്കയിൽ പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും മിക്ക നഗര ബീച്ചുകളിലും ചിതറിക്കിടക്കുന്നു. തന്റെ പ്രവൃത്തിയിലൂടെ ഇത് അവസാനിപ്പിക്കാനാണ് കുവാമെ ആഗ്രഹിക്കുന്നത്. "മെച്ചപ്പെട്ട ജീവിതം സൃഷ്ടിക്കുന്നതിനായി, പരിസ്ഥിതികാഘാതങ്ങളുണ്ടാക്കുന്ന ജനങ്ങളുടെ പ്രവൃത്തികളെ ചോദ്യം ചെയ്യുക എന്നതാണ് എന്റെ ലക്ഷ്യം" അദ്ദേഹം പറഞ്ഞു.