മീന നാരായണന്‍: ഇന്ത്യന്‍ സിനിമയിലെ ആദ്യ വനിതാ സൗണ്ട് എഞ്ചിനീയര്‍

1930 -ല്‍ ഭര്‍ത്താവ് നാരായണനാണ് സിനിമാലോകത്തേക്ക് അവളെ കൊണ്ടുവരുന്നതെങ്കിലും ആ പ്രോത്സാഹനത്തോടെ സ്വന്തം കഴിവും ആത്മസമര്‍പ്പണവും കൊണ്ട് തന്‍റേതായ അടയാളമുണ്ടാക്കുകയും ചരിത്രത്തിലിടം നേടുകയുമായിരുന്നു മീന.

first women sound engineer in indian film

2019 -ല്‍ പോലും ഇന്ത്യന്‍ സിനിമാ ലോകത്ത് വനിതാ സൗണ്ട് എഞ്ചിനീയര്‍മാര്‍ കുറവാണ്. അപ്പോള്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പുള്ള കാലത്ത് എങ്ങനെയായിരിക്കും? എന്നാല്‍, അന്നാണ് ആദ്യമായി ഇന്ത്യക്ക് ഒരു വനിതാ സൗണ്ട് എഞ്ചിനീയറുണ്ടാകുന്നത്. അന്നവള്‍ ഹൈസ്കൂള്‍ പ്രായത്തിലുള്ള പെണ്‍കുട്ടിയാണ്. അന്നാണ് അവളുടെ ഭര്‍ത്താവ് തമി‍ഴ് സിനിമാ സംവിധായകന്‍ കൂടിയായ എ നാരായണന്‍ അവളോട് പ്രശസ്‍തനായ സൗണ്ട് എഞ്ചിനീയര്‍ പൊഡ്ഡാറിനെ അസിസ്റ്റ് ചെയ്യാന്‍ പറയുന്നത്. 

അതുവരെ ആ മേഖലയില്‍ യാതൊരു പരിചയവുമില്ലാതിരുന്നിട്ടും മീന എളുപ്പത്തില്‍ സൗണ്ട് എഞ്ചിനീയറിങ്ങിന്‍റെ പാഠങ്ങള്‍ പഠിച്ചെടുത്തു. സതേണ്‍ സിനിമയില്‍ അങ്ങനെ അവളുടെ കൈപതിഞ്ഞ ആദ്യ സിനിമ 'ശ്രിനിവാസ് കലായാനം' പിറവിയെടുത്തു. ചരിത്രകാരിയും കോളമിനിസ്റ്റുമായ നിവേദിത ലൂയിസാണ് തമിഴ് സിനിമയെ കുറിച്ച് പരിശോധിക്കുന്നതിനിടയില്‍ മീനയെ കുറിച്ച് അറിയുന്നത്. ശബ്‍ദ സിനിമകള്‍ നഗരത്തില്‍ ചര്‍ച്ചയാവുന്ന കാലത്ത് സൗണ്ട് എഞ്ചിനീയര്‍മാര്‍ സിനിമയുടെ അവിഭാജ്യ ഘടകമായി. രണ്ട് വര്‍ഷത്തിനുള്ളില്‍ മീന സൗണ്ട് എഞ്ചിനീയറിങ്ങില്‍ ബിരുദം തന്നെയെടുത്തു. കര്‍ണാടിക് സംഗീതത്തിലുള്ള അറിവ് അത് എളുപ്പമാക്കി. 

എന്തുകൊണ്ടാണ് ഇങ്ങനെ ഒരു മേഖല തിരഞ്ഞെടുത്തതെന്ന ചോദ്യത്തിന് മീന നല്‍കിയ മറുപടി, സംഗീതത്തെ കുറിച്ച് ഒരറിവുമില്ലാത്ത എത്രയോ പുരുഷന്മാര്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. പിന്നെന്തുകൊണ്ടാണ് സ്ത്രീകളില്ലാത്തത്. എനിക്കതില്‍ താല്‍പര്യം തോന്നി. രണ്ട് വര്‍ഷം കൊണ്ട് പഠിച്ചെടുക്കുകയും ചെയ്തു എന്നാണ്. ഒമ്പത് സിനിമകളില്‍ മീന സൗണ്ട് എഞ്ചിനീയറായി ജോലി നോക്കി. ദിവ്യകാരുണ്യ യുവജന മുന്നേറ്റത്തിന്‍റെ ശ്രദ്ധേയമായ ഒരു ഡോക്യുമെന്‍ററിയിലും പങ്കാളിയായി. 1937 -ല്‍ സിറ്റിയില്‍ മാര്‍പ്പാപ്പയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഡോക്യുമെന്‍ററിയായിരുന്നു അത്. അയലന്‍ഡ് ഗ്രൗണ്ടില്‍ നടന്ന ആ സമ്മേളന സ്ഥലത്തേക്ക് പരമ്പരാഗതമായ രീതിയില്‍ സാരി ധരിച്ച ഒരു സ്ത്രീ തന്‍റെ ജോലിചെയ്യാനുള്ള ഉപകരണങ്ങളുമായി നീങ്ങിയത് എല്ലാവരും ശ്രദ്ധയോടെ വീക്ഷിച്ചു. ഒരു യുവ ഇന്ത്യന്‍ വനിത അത് പകര്‍ത്തിയത് ലോകത്തെമ്പാടുമുള്ള കത്തോലിക്കാസമൂഹത്തിനും അദ്ഭുതമായി. 

1930 -ല്‍ ഭര്‍ത്താവ് നാരായണനാണ് സിനിമാലോകത്തേക്ക് അവളെ കൊണ്ടുവരുന്നതെങ്കിലും ആ പ്രോത്സാഹനത്തോടെ സ്വന്തം കഴിവും ആത്മസമര്‍പ്പണവും കൊണ്ട് തന്‍റേതായ അടയാളമുണ്ടാക്കുകയും ചരിത്രത്തിലിടം നേടുകയുമായിരുന്നു മീന. 

നാരായണന്‍ ആദ്യം ഒരു എല്‍ഐസി ഏജന്‍റായിരുന്നുവെങ്കിലും പിന്നീട് തന്‍റെ ഇഷ്ടത്തിനു പിന്നാലെ പോവുകയും ഡയറക്ടര്‍, പ്രൊഡ്യൂസര്‍, ഡിസ്ട്രിബ്യൂട്ടര്‍ എന്നീ നിലകളില്‍ തിളങ്ങുകയും ചെയ്ത ആളാണ്. 1934 അദ്ദേഹം 'ശ്രീ ശ്രീനിവാസ സിനിടോണ്‍' എന്ന പേരില്‍ സൗണ്ട് സ്റ്റുഡിയോ ചെന്നൈയില്‍ ആരംഭിച്ചു. പൊഡ്ഡാര്‍ സ്റ്റുഡിയോ വിട്ടതോടെ 1936 -ല്‍ ഇറങ്ങിയ വിശ്വാമിത്ര എന്ന സിനിമയ്ക്ക് സൗണ്ട് എഞ്ചിനീയറായി മീനയെ ക്ഷണിച്ചു. അത് വിജയമായിരുന്നു. അത് ഒരു തുടക്കം മാത്രമായിരുന്നു. പിന്നീട്, നിരവധി സിനിമകളില്‍ അവര്‍ സൗണ്ട് എഞ്ചിനീയറായി ജോലി ചെയ്‍തു. 

രണ്ട് മക്കളായിരുന്നു മീനയ്ക്ക്. 1939 -ല്‍ നാരായണന്‍റെ എല്ലാമായിരുന്ന സൗണ്ട് സ്റ്റുഡിയോ ഒരു തീപ്പിടിത്തത്തില്‍ നശിച്ചുപോയി. അതോടെ നാരായണന്‍ തകര്‍ന്നുപോയി. അത് പതിയെ അദ്ദേഹത്തിന്‍റെ മരണത്തിലാണെത്തിയത്. 39 -ാമത്തെ വയസ്സില്‍ അദ്ദേഹം മരിച്ചു. ഭര്‍ത്താവിന്‍റെ മരണം മീനയേയും പിടിച്ചുലച്ചു. അവരുടെ ആരോഗ്യസ്ഥിതി മോശമായി. ജീവിതത്തിന്‍റെ പിന്നെയുള്ള കാലം അവര്‍ സിനിമാ മേഖലയില്‍ നിന്ന് മാറിനിന്നു. ഭൗതികശാസ്ത്രത്തില്‍ നോബല്‍ പുരസ്‍കാരം നേടിയ ശാസ്ത്രജ്ഞന്‍ ഡോ. സി.വി രാമന്‍ മീനയുടെ അമ്മാവനായിരുന്നു. അദ്ദേഹത്തോടും ഭാര്യയോടും ഒപ്പമായിരുന്നു പിന്നീട് മീന കഴിഞ്ഞത്. 

1954 -ല്‍ അവിടെനിന്നെല്ലാം മാറിനില്‍ക്കുന്നത് മീനയുടെ ആരോഗ്യത്തിന് നല്ലതാകും എന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് കൊടൈക്കാനാലിലേക്ക് പോയി മീന. അവിടെവച്ചാണവര്‍ മരിക്കുന്നത്. സൗണ്ട് എഞ്ചിനീയറിങ്ങില്‍ ഒരു പുരുഷാധിപത്യം നിലനിന്നിരുന്ന ഒരു കാലത്ത് വളരെ സ്വാഭാവികമായി ആ മേഖലയിലെത്തുകയും കഴിവ് തെളിയിക്കുകയും ചെയ്ത് ചരിത്രം സൃഷ്ടിച്ച സ്ത്രീയാണ് മീന. 

Latest Videos
Follow Us:
Download App:
  • android
  • ios