ലോകത്തിലെത്തന്നെ വലിയ പെയിന്‍റിംഗ്? 1980 സ്ക്വയര്‍ മീറ്ററില്‍ മാനവികതയുടെ ചിത്രം തീര്‍ക്കാന്‍ ചിത്രകാരന്‍

മാജിക്കല്‍ റിയലിസം എന്ന് വിളിക്കുന്ന ജാഫ്രിയുടെ തന്നെ സ്റ്റൈലിലാണ് പെയിന്‍റിംഗ് തയ്യാറാക്കിയിരിക്കുന്നത്. ലോകത്തിന്‍റെ പല ഭാഗത്തുനിന്നുമുള്ള കുട്ടികള്‍ ഓണ്‍ലൈനായി അയച്ചുനല്‍കുന്ന പെയിന്‍റിംഗുകള്‍ കൂടി ചേര്‍ത്തതാണ് ഇത്. 

british artist sacha jafri working on 1980 square meter painting

കാന്‍വാസില്‍ ചെയ്യുന്ന ലോകത്തിലെത്തന്നെ ഏറ്റവും വലുത് എന്ന് കരുതുന്ന പെയിന്‍റിംഗ് ദുബായ് -ലെ ഒരു ആഡംബര ഹോട്ടലില്‍ പൂര്‍ത്തിയാവാനൊരുങ്ങുന്നു. ബ്രിട്ടീഷ് ആര്‍ട്ടിസ്റ്റായ സച ജാഫ്രിയാണ് പെയിന്‍റിംഗ് ചെയ്‍തിരിക്കുന്നത്. 1980 സ്ക്വയര്‍ മീറ്ററില്‍ അടുത്ത മാസത്തോടെ പെയിന്‍റിംഗ് പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യത്യസ്‍ത പാനലുകളായി തരംതിരിച്ചിരിക്കുന്ന പെയിന്‍റിംഗില്‍ നിന്നും കിട്ടുന്ന തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. 'ദ ജേര്‍ണി ഓഫ് ഹ്യുമാനിറ്റി' എന്ന് പേരിട്ടിരിക്കുന്ന പെയിന്‍റിംഗ് ദുബായ് -ലെ ആറ്റ്ലാന്‍റിസ് ദ പാം (Atlantis The Palm ) എന്ന ഹോട്ടലിലാണ് തീര്‍ത്തിരിക്കുന്നത്. അഞ്ച് മാസത്തിലധികമായി അവിടെ ജാഫ്രി സമയം ചെലവഴിക്കുന്നുണ്ട്. കൊവിഡ് 19 വ്യാപനം തടയുന്നതിനായി യുഎഇ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്ന സമയങ്ങളിലായിരുന്നു ഇത്. 

'ലോക്ക്ഡൗണ്‍ ആയതിനെത്തുടര്‍ന്ന് ഞാന്‍ ദുബായിയില്‍ തന്നെ ആയിപ്പോയി. അപ്പോള്‍ എന്തെങ്കിലും വിശദമായി ചെയ്യണം എന്ന് കരുതിയിരുന്നു' എന്ന് ജാഫ്രി സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്തെങ്കിലും അര്‍ത്ഥമാക്കുന്ന ഒന്ന്, എന്തെങ്കിലും വലിയ വ്യത്യാസത്തിന് കാരണമായേക്കാവുന്ന ഒന്നാവണം വരയ്ക്കുന്നതെന്ന് കരുതിയെന്നും ജാഫ്രി പറഞ്ഞു. 

മാജിക്കല്‍ റിയലിസം എന്ന് വിളിക്കുന്ന ജാഫ്രിയുടെ തന്നെ സ്റ്റൈലിലാണ് പെയിന്‍റിംഗ് തയ്യാറാക്കിയിരിക്കുന്നത്. ലോകത്തിന്‍റെ പല ഭാഗത്തുനിന്നുമുള്ള കുട്ടികള്‍ ഓണ്‍ലൈനായി അയച്ചുനല്‍കുന്ന പെയിന്‍റിംഗുകള്‍ കൂടി ചേര്‍ത്തതാണ് ഇത്. പാന്‍ഡെമിക്കിനെ തുടര്‍ന്നുള്ള ബന്ധം, അകല്‍ച്ച, ഐസൊലേഷന്‍ എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് വര. എന്താണോ ഇപ്പോള്‍ കുട്ടികള്‍ക്ക് തോന്നുന്ന വികാരം, എന്താണോ അവര്‍ക്കിപ്പോള്‍ തോന്നുന്നത് അത് വരച്ചുനല്‍കാനാണ് ലോകത്താകെയുള്ള കുട്ടികളോടായി ജാഫ്രി ആവശ്യപ്പെട്ടത്. 'നമ്മള്‍ മുതിര്‍ന്നവര്‍ക്ക് തന്നെ ഇത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാലമാണ്. കഴിഞ്ഞ അഞ്ച് മാസം ഏറ്റവും കഠിനമായ നാളുകളായിരുന്നു നമുക്ക്. ആശങ്കളുണ്ടാക്കുന്ന, നിരാശയുണ്ടാക്കുന്ന, പേടിപ്പെടുത്തുന്ന നാളുകള്‍. അപ്പോള്‍ ഒരു നാല് വയസുകാരനെ സംബന്ധിച്ച് അതെങ്ങനെ ആയിരിക്കുമെന്ന് ചിന്തിച്ചുനോക്കൂ' എന്നും ജാഫ്രി പറഞ്ഞു. 

24 ആഴ്‍ചകള്‍ കൊണ്ട് പെയിന്‍റിംഗ് പൂര്‍ത്തിയാക്കാനാവുമെന്നാണ് കരുതുന്നത്. നാല് സെക്ഷനുകളാണ് ഇതിനുള്ളത്. ആദ്യത്തേത് ഭൂമിയുടെ ആത്മാവാണ്, പിന്നീടുള്ളവ പ്രകൃതി, മനുഷ്യത്വം, ലോകം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ലോകത്തിലെ തന്നെ ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ഇത് പ്രദര്‍ശനത്തിനുണ്ടാവും. പിന്നീട് ഡിസംബറില്‍ 30 സ്ക്വയര്‍ മീറ്റര്‍ വരുന്ന ഭാഗങ്ങളായി മുറിച്ച് ദുബായ് -ല്‍ നടക്കുന്ന ലേലത്തില്‍ വില്‍ക്കും. ഇതില്‍നിന്നും കിട്ടുന്ന തുക ലോകത്തിന്‍റെ പല ഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനും മറ്റ് അടിസ്ഥാന ആവശ്യങ്ങള്‍ക്കുമായി വിനിയോഗിക്കും. കോടിക്കണക്കിന് രൂപയാണ് ഇതിലൂടെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ഒരു പെയിന്‍റിംഗ് വാങ്ങുക എന്നതിലുപരി ചരിത്രത്തിന്‍റെ ഭാഗമാവുകയായിരിക്കും ഇത് വാങ്ങുന്നയാളെന്നും ജാഫ്രി പ്രതികരിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios