വിശ്വസിക്കാന്‍ പ്രയാസം തോന്നുമെങ്കിലും ഈ ശില്‍പങ്ങളെല്ലാം തീര്‍ത്തിരിക്കുന്നത് പെന്‍സില്‍ മുനയില്‍
ശില്പനിർമ്മാണത്തിന്‍റെ സാങ്കേതിക വശം മനസ്സിലാക്കാനായി കൈലാഷ് എല്ലാ ദിവസവും മണിക്കൂറുകൾ ചെലവഴിക്കാൻ തുടങ്ങി. അങ്ങനെ നീരിക്ഷണത്തിലൂടെയും ക്ഷമയോടെയുള്ള പ്രരിശ്രമത്തിലൂടെയും കൈലാഷ് മറ്റാരുടെയും ശിക്ഷണമില്ലാത്തെ ശില്പനിർമ്മാണം പഠിച്ചെടുത്തു.
ജീവിതത്തിൽ നമുക്കെല്ലാവർക്കും ഒരു സ്വപനമുണ്ട്... ഒരു ലക്ഷ്യമുണ്ട്... അത്തരം സ്വപ്നങ്ങളാണ് നമ്മെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്‍തനാകുന്നത്. ചില അപ്രതീക്ഷിത ജീവിത നിമിഷങ്ങൾ നമ്മെ അത്തരം തിരിച്ചറിവുകളിലേക്കും പുതിയ സ്വപ്നങ്ങളിലേക്കും നയിക്കാറുണ്ട്. ആ അപ്രതീക്ഷിത നിമിഷങ്ങളാണ് നമ്മുടെ ഉറങ്ങിക്കിടക്കുന്ന സർഗാത്മകതയെ ഉണർത്തുന്നത്.
തമിഴ് നാട്ടിലുള്ള കൈലാഷ് ബാബു എന്ന കലാകാരന്‍റെ ജീവിതത്തെ മാറ്റിമറിച്ചത് തന്‍റെ സഹോദരന്‍റെ ഫേസ്ബുക്ക് ടൈംലൈനിലെ ഒരു ഫോട്ടോയായിരുന്നു. ആ ഫോട്ടോ അയാളെ ആഴത്തിൽ സ്പർശിച്ചു. ബ്രസീലിയൻ ആർട്ടിസ്റ്റായ ഡാൽട്ടൺ ഗെറ്റിന്‍റെ പെൻസിലിന്‍റെ അഗ്രത്തിൽ നിന്ന് കൊത്തിയെടുത്ത ജിറാഫിന്‍റെ ഫോട്ടോയായിരുന്നു അത്. കുറച്ച് മില്ലിമീറ്റർ മാത്രം വലിപ്പമുള്ള ആ ശില്പം അതിമനോഹരമായിരുന്നു. “അത് കണ്ടപ്പോൾ ഞാൻ തീരുമാനിച്ചു: ഇതാണ് എന്‍റെ സ്വപ്നവും ലക്ഷ്യവും” അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആറ് വർഷത്തിനിടയിൽ, തമിഴ്‌നാട്ടിലെ തിരുവല്ലൂരിൽ നിന്നുള്ള ഈ 24 -കാരന്‍റെ പെൻസിൽ ലെഡിൽ 200 -ലധികം ചെറുശില്പങ്ങൾ വിരിഞ്ഞിട്ടുണ്ട്. ചിലത് 0.7 മില്ലീമീറ്റർ മാത്രം വലിപ്പമുള്ളവയാണ്. പുസ്തക ഷെൽഫുകൾ, അക്ഷരമാല, കൃഷിക്കാർ, പക്ഷികൾ എന്നുവേണ്ട ഈ ലോകത്തിന്‍റെ സൗന്ദര്യം മുഴുവൻ ഒപ്പിയെടുക്കാൻ കഴിവുള്ളതാണ് ആ വിരലുകൾ. ഏപ്രിലിൽ ചെന്നൈയിലെ ലളിത കല അക്കാദമിയിൽ നടന്ന ഒരു കലാ പ്രദർശനത്തിന്‍റെ ഭാഗമായി കൈലാഷ് രക്തം പുരണ്ട സാനിറ്ററി പാഡ് കൊത്തുപണി ചെയ്യുകയുണ്ടായി. ഇന്ന് സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് സമൂഹത്തെ ബോധവത്കരിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. അതിന്‍റെ ഭാഗമായിട്ടാണ് ഇത്തരമൊരു ശിൽപം ഒരുക്കിയത്.
കുട്ടിക്കാലത്ത്, സഹപാഠികൾ റോഡിലൂടെ കാറുകൾ പോകുന്നത് നോക്കിനില്‍ക്കുമ്പോൾ, കൈലാഷ് തന്‍റെ വീടിന്‍റെ പൂന്തോട്ടത്തിൽ ചെളി നിറഞ്ഞ നിലത്തുകൂടി ഉറുമ്പുകൾ പോകുന്നത് നോക്കി കിടക്കും. ക്ലോസപ്പ് ഫോട്ടോഗ്രാഫിയോടായിരുന്നു കൈലാഷിനു ചെറുപ്പം മുതലേ താല്പര്യം. വെറും പത്തു വയസ്സുമാത്രം പ്രായമുള്ളപ്പോഴാണ് സഹോദരന്‍റെ ക്യാമറ ഉപയോഗിച്ച് കൈലാഷ് ചിത്രങ്ങൾ എടുക്കാൻ തുടങ്ങിയത്. ഗെറ്റിന്‍റെ ആ ശിൽപം കാണുന്നത് വരെ വന്യജീവി ഫോട്ടോഗ്രാഫി ഒരു കരിയറായി തിരഞ്ഞെടുക്കാനായിരുന്നു കൈലാഷ് തീരുമാനിച്ചിരുന്നത്.
ശില്പനിർമ്മാണത്തിന്‍റെ സാങ്കേതിക വശം മനസ്സിലാക്കാനായി കൈലാഷ് എല്ലാ ദിവസവും മണിക്കൂറുകൾ ചെലവഴിക്കാൻ തുടങ്ങി. അങ്ങനെ നീരിക്ഷണത്തിലൂടെയും ക്ഷമയോടെയുള്ള പ്രരിശ്രമത്തിലൂടെയും കൈലാഷ് മറ്റാരുടെയും ശിക്ഷണമില്ലാത്തെ ശില്പനിർമ്മാണം പഠിച്ചെടുത്തു. “ഞാൻ തനിയെ പഠിച്ച കലാകാരനാണ്” അദ്ദേഹം പറഞ്ഞു.
മൂർച്ചയുള്ള ബ്ലേഡുകൾ ഉപയോഗിച്ച് പെൻസിൽ അഗ്രത്തിൽ അക്ഷരമാല കൊത്തിയെടുക്കാനാണ് ആദ്യം അദ്ദേഹം ശ്രമിച്ചത്. “ഞാൻ കൊത്തിയെടുത്ത ആദ്യത്തെ അക്ഷരം P ആയിരുന്നു,” അദ്ദേഹം ഓർമ്മിച്ചു. രൂപങ്ങൾ കൊത്തിയെടുക്കാനായി കൈലാഷ് രണ്ട് വർഷം ചെലവഴിച്ചു. പിന്നീട് അദ്ദേഹം മുഖങ്ങൾ, ചിഹ്നങ്ങൾ, പക്ഷികൾ തുടങ്ങിയവ ഉണ്ടാക്കാൻ തുടങ്ങി. "രണ്ട് മില്ലിമീറ്റർ നീളമുള്ള നടരാജ് പെൻസിലുകളിലും 10B ക്യാമെലിൻ പെൻസിലുകളിലും ഷേവിംഗ് ബ്ലേഡുകൾ, സൂചികൾ, പോക്കറ്റ്നൈവുകൾ എന്നിവ ഉപയോഗിച്ച് ഞാൻ രൂപങ്ങൾ കൊത്തിയെടുത്തു” അദ്ദേഹം പറഞ്ഞു.
ഒരു ശില്പം പൂർത്തീകരിക്കാൻ കൈലാഷിനു ശരാശരി 24 മണിക്കൂർ സമയം വേണ്ടിവരും. അദ്ദേഹം ആദ്യം തന്‍റെ രൂപകൽപ്പനയുടെ ഒരു വലിയ രേഖാചിത്രം കടലാസിൽ വരക്കും. എന്നിട്ടത് ഒരു സിലിണ്ടർ ബ്ലോക്ക് വിറകിൽ കൈപ്പത്തിയുടെ വലുപ്പത്തിൽ നിർമ്മിച്ചെടുക്കും. എത്ര വെട്ടിച്ചുരുക്കണമെന്നു മനസ്സിലാക്കാകാനാണിത്. കാംലിൻ, അപ്‌സര, നടരാജ്, ജംബോ, മെക്കാനിക്കൽ പെൻസിലുകൾ (0.5 എംഎം - 0.7 എംഎം) എന്നിവയാണ് അദ്ദേഹം രൂപങ്ങൾ കൊത്തിയെടുക്കാനായി ഉപയോഗിക്കുന്നത്.
“ഒരു ശില്പത്തിൽ പ്രവർത്തിക്കുമ്പോൾ നമ്മുടെ നിശ്വാസം പോലും ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണ്.” കൈലാഷ് പറഞ്ഞു. “ഒരു അശ്രദ്ധമായ നിശ്വാസം നിങ്ങളുടെ കൈ വിറക്കാനും ശില്പം തകരാനും കാരണമാകും.” ക്ഷമയാണ് തന്‍റെ ഏറ്റവും പ്രധാനപ്പെട്ട ആയുധം എന്ന് അദ്ദേഹം പറയുന്നു.
(കടപ്പാട്: സ്ക്രോള്‍)