ലോക്ക് ഡൗണിലെ കല: കത്തിയും പേപ്പറും കൊണ്ട് വിനോദ് തെക്കഞ്ചേരി തീർക്കുന്ന കലാസൃഷ്ടികൾ കാണാം
രണ്ടുമാസം മുമ്പ്, ലോക്ക് ഡൗണിനിടെ, ഏറെ അവിചാരിതമായിട്ടാണ് 'പേപ്പർ കട്ടിങ്ങ് ആർട്ട്' എന്ന കല വിനോദിന്റെ കണ്മുന്നിലേക്ക് എത്തിപ്പെടുന്നത്.
ഈ ലോക്ക് ഡൗൺ ദിനങ്ങൾ നിരവധി പേർക്ക് ഭാവനയുടെ ലോകങ്ങളിൽ സ്വൈരവിഹാരം നടത്താൻ അവസരം കിട്ടിയ കാലം കൂടിയാണ്. പല കഥാകൃത്തുക്കളും കവികളും പുത്തൻ കവിതകളെഴുതി. ചിത്രകാരന്മാർ പല പുതിയ ചിത്രങ്ങളും വരച്ചുപൂർത്തിയാക്കി. കല അതിന്റെ പുതിയ മേച്ചില്പുറങ്ങളിലേക്ക് ചിറകുനീർത്തിപ്പറന്നു ഇക്കാലത്ത്. കലാപ്രവർത്തനത്തിന് സമയം കിട്ടുന്നില്ല എന്ന പലരുടെയും പരാതികൾക്ക് അറുതി വരുത്തിയ നാലുമാസങ്ങൾ കൂടിയാണ് കടന്നുപോയിരിക്കുന്നത്. ചിത്രകലയാണ് വിനോദിന്റെ അടിസ്ഥാന സംവേദനോപാധി എങ്കിലും ലോക്ക് ഡൗൺ കാലത്ത് ഒന്ന് മാറ്റിപ്പിടിച്ചാലോ എന്നായി ആൾ. അങ്ങനെയാണ് കഴിഞ്ഞ ആഴ്ചകളിൽ, പേപ്പർ കട്ടിങ്ങ് ആർട്ട് എന്ന അത്യപൂർവമായ ഒരു കലയിൽ അതിമനോഹരമായ പല സൃഷ്ടികളും ചെയ്ത ഒരു കലാകാരനുണ്ട്. പേര്, വിനോദ് തെക്കഞ്ചേരി.
മലപ്പുറം പൊന്നാനി സ്വദേശിയായ വിനോദ് സൗദി അറേബ്യയിൽ മെക്കാനിക്കൽ സൂപ്പർവൈസർ ആയാണ് ജോലി ചെയ്യുന്നത്. നമ്മൾ കത്തെഴുതാനും, പ്രിന്ററിൽ നിറയ്ക്കാനുമൊക്കെ സാധാരണ A4 വെള്ളപ്പേപ്പറിൽ വിനോദ് സൃഷ്ടിക്കുന്നത് ആരെയും അമ്പരപ്പിക്കുന്ന കലാസൃഷ്ടികളാണ്. വിനോദും ചിത്രകലയും തമ്മിലുള്ളത് വല്ലാത്തൊരു അഭിനിവേശം മാത്രമാണ്. വീട്ടിൽ ആരും തന്നെ ചിത്രം വരയ്ക്കുന്ന പാരമ്പര്യമുണ്ടായിട്ടില്ല. അച്ഛനമ്മമാർ ചെറുപ്പത്തിൽ വര പഠിക്കാനൊട്ടു വിട്ടിട്ടുമില്ല. തിരൂർ പോളിയിൽ മെക്കാനിക്കൽ എഞ്ചിനീയറിങ് ഡിപ്ലോമക്ക് പഠിക്കുന്ന കാലത്തുതന്നെ റെക്കോർഡുകൾ അസാമാന്യ പെർഫെക്ഷനോടെ വരച്ചുസമർപ്പിച്ചിരുന്ന ആ വിദ്യാർത്ഥിയുടെ കലാവാസന അധ്യാപകർ അംഗീകരിച്ചിരുന്നു. ചെറുപ്പം മുതൽക്കുതന്നെ പോർട്രെയ്റ്റുകൾ പലതും വരക്കുന്നുണ്ട്.
രണ്ടുമാസം മുമ്പ്, ലോക്ക് ഡൗണിനിടെ, ഏറെ അവിചാരിതമായിട്ടാണ് 'പേപ്പർ കട്ടിങ്ങ് ആർട്ട്' എന്ന കല വിനോദിന്റെ കണ്മുന്നിലേക്ക് എത്തിപ്പെടുന്നത്. 2018 -ൽ പാർഥ് കോഠേക്കര്‍ എന്ന കലാകാരൻ യൂട്യൂബിൽ പ്രസിദ്ധപ്പെടുത്തിയ പേപ്പർ കട്ടിങ് ആർട്ട് എന്ന വീഡിയോ അപ്രതീക്ഷിതമായിട്ടാണ് വിനോദ് കണ്ടത്. ആദ്യ കാഴ്ചയിൽ തന്നെ, ഏറെ ക്ഷമ ആവശ്യമുള്ള, എന്നാൽ ക്രിയേറ്റിവിറ്റിക്ക് ഏറെ സാദ്ധ്യതകൾ ഉള്ള ഈ കല വിനോദിന് ഏറെ ഇഷ്ടമായി. എന്തുകൊണ്ട് ശ്രമിച്ചുകൂടാ എന്ന് ഉള്ളിൽ തോന്നി. കോഠേക്കര്‍ ചെയുന്നത് സർജ്ജിക്കൽ ബ്ലേഡും കാർവിങ് നൈഫും ഒക്കെ വെച്ചുള്ള മാസ്മരിക പ്രകടനങ്ങളാണ്. അദ്ദേഹത്തിന്റെ പല വർക്കുകളും ചെയ്യുക അസാധ്യം എന്ന തോന്നൽ ഉളവാക്കുന്നവയും.
ലോക്ക് ഡൗൺ ആണ്, കോഠേക്കര്‍ ഉപയോഗിക്കുന്ന അതേ പ്രൊഫഷണൽ ടൂൾസ് ഇനിയിപ്പോൾ ലോക്ക് ഡൗൺ കഴിയാതെ കയ്യിൽ കിട്ടുമെന്ന് തോന്നുന്നില്ല. എന്നുമാത്രമല്ല, അതിനൊക്കെ നല്ല പൈസയും ചെലവാകും. നേരാംവണ്ണം പരിശീലനം പോലും കിട്ടാൻ വകുപ്പില്ലാത്ത, ലോകം ഒരു കല എന്നുപോലും അംഗീകരിച്ചിട്ടില്ലാത്ത ഒന്നിനുവേണ്ടി ആരാ ഇത്രയധികം പണം ചെലവിടുക? വല്ല പ്രാന്തുമുണ്ടോ എന്ന് സ്വയം ചോദിച്ചു വിനോദ്. എന്നാലും, ശ്രമിക്കണം എന്ന ആന്തൽ ഉള്ളിൽ നിന്ന് മാറുന്നില്ല. ഒടുവിൽ കമ്പനിയുടെ വർക്ക്‌ഷോപ്പിൽ ഉണ്ടായിരുന്ന എൻടി കട്ടറും, ഓഫീസിൽ നിന്ന് കടം വാങ്ങിയ പേപ്പർ നൈഫും ഒക്കെ ഉപയോഗിച്ച് രണ്ടും കൽപ്പിച്ച് വിനോദും വെട്ടിത്തുടങ്ങി.
ആദ്യത്തെ വർക്ക് തന്നെ സ്‌പെഷ്യൽ ആക്കണം എന്ന് വിനോദിനുണ്ടായിരുന്നു. അതുകൊണ്ട് വിനോദ് വെട്ടിയെടുക്കാൻ ശ്രമിച്ചത് ഗർഭിണിയായ ഒരു യുവതിയുടെ രൂപമാണ്. അതിനെ സ്‌പെഷ്യൽ ആക്കാൻ വേണ്ടി കോളേജ് ഗ്രൂപ്പിലെ കൂട്ടുകാരെക്കൊണ്ട് നാട്ടിൽ നിന്ന് ഒരു ഉണ്ണിമാങ്ങാ വെട്ടി വെച്ച്, വയറ്റിനുള്ളിലെ ഭ്രൂണത്തിന് പരിപൂർണത നൽകി വിനോദ്. മാതൃത്വം എത്ര ധീരമായ ഒന്നാണ് എന്ന് പറയാനാണ് അദ്ദേഹം തന്റെ കന്നിചിത്രത്തിലൂടെ ശ്രമിച്ചത്. ആ വർക്ക് ശ്രദ്ധിച്ചാൽ ഒരു കാര്യം നമുക്ക് മനസിലാക്കാം: വിനോദിന്റെ കലാസൃഷ്ടിയിലെ അമ്മയും വയറ്റിലെ കുരുന്നും തമ്മിൽ നേരിട്ടൊരു ഹൃദയബന്ധമുണ്ട്. ആ അഭേദ്യബന്ധത്തെക്കൂടി പൊലിപ്പിക്കാൻ അദ്ദേഹം തന്റെ കല പ്രയോജനപ്പെടുത്തി.
ഉദരത്തിൽ ഭ്രൂണം പൊടിച്ച അമ്മയുടെ പേപ്പർ കട്ടിങ് ആർട്ട് സോഷ്യൽ മീഡിയയിൽ പങ്കിട്ടപ്പോൾ കിട്ടിയ പ്രോത്സാഹനത്തിന്റെ ബലത്തിലാണ്, വിനോദ് അടുത്ത വർക്കായ 'കരിവണ്ടി'ലേക്ക് കടക്കുന്നത്. കോഠേക്കരുടെ സിഗ്നേച്ചർ വർക്കുകളിൽ ഒന്നാണ് ഈ ബ്ലാക്ക് ബീറ്റിൽ. കോഠേക്കറെ കണ്ടുപഠിച്ച്, ആ വണ്ടിനെ വെട്ടിപൂർത്തിയാക്കി, എടുത്ത് കിടക്കയിൽ വെച്ച ശേഷം കൂട്ടുകാർക്ക് അതിന്റെ ചിത്രമെടുത്ത് പങ്കിട്ടു വിനോദ്. " ഇന്നലെ ഇവിടത്തെ മരുഭൂമിയിൽ മാത്രം കണ്ടുവരുന്ന ഒരു അപൂർവയിനം കരിവണ്ട് എന്റെ കിടപ്പുമുറിയിൽ അതിഥിയായി വന്നെത്തി. ഒരുകുത്തു കിട്ടിയിരുന്നെങ്കിൽ രണ്ടുമാസത്തേക്ക് ബെഡ് റെസ്റ്റ് വേണ്ടി വന്നേനെ. അത്രയ്ക്ക് വിഷമുള്ള ജാതിയാണ്. എന്റെ ഭാഗ്യത്തിന് കുത്തിയില്ല" എന്ന ക്യാപ്ഷനോടെ ആണ് വിനോദ് ആ ചിത്രം പങ്കിട്ടത്. വല്ലാത്ത ഒറിജിനാലിറ്റി ഉണ്ടായിരുന്നതിനാൽ ആ പറഞ്ഞത് വിശ്വസിച്ച് നിരവധി പേരുടെ ആശ്വാസ നിശ്വാസങ്ങൾ വിനോദിനെ തേടിയെത്തി. തന്റെ 'പറ്റിപ്പ്' ഏറ്റു എന്നുറപ്പായതോടെ വിനോദ് തന്റെ 'കുറ്റം' ഏറ്റു പറഞ്ഞു. അതൊരു വണ്ടല്ല എന്നും, പേപ്പറിൽ താൻ ചെയ്തെടുത്ത ഒരു കലാസൃഷ്ടി മാത്രമാണ് എന്നും വിനോദ് പറഞ്ഞപ്പോഴാണ് പലർക്കും അത് മനസ്സിലായത്.
അതിനു ശേഷമാണ് കോഠേക്കരുടെ തന്നെ മറ്റൊരു ക്‌ളാസിക് വർക്കായ ചെമ്പരത്തി ശ്രമിച്ചു നോക്കുന്നത്. ആ വർക്കിനും കിട്ടി വിനോദിന് എമ്പാടും അഭിനന്ദനങ്ങൾ. ഈ കല പഠിക്കാൻ ആഗ്രഹമുള്ളവർക്കായി അദ്ദേഹം തന്റെ കലാപ്രവർത്തനത്തിന്റെ സീക്വെൻഷ്യൽ സ്നാപ്പ് ഷോട്ട്സും വീഡിയോ ആയി പങ്കിട്ടിട്ടുണ്ട്.
പേപ്പർ വെട്ടി നടക്കുന്നു എന്നുകരുതി വിനോദിനെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യാൻ വരട്ടെ. അസാമാന്യ തികവുള്ള ഒരു ചിത്രകാരൻ കൂടിയാണ് വിനോദ് തെക്കഞ്ചേരി. വിനോദ് ഒരു പൂച്ചയെ വരച്ച കഥ അദ്ദേഹത്തിന്റെ ചിത്രകലാവിരുതിനുള്ള ഒരു നല്ല ഉദാഹരണമാണ്. ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുണ്ട് ന്യൂയോർക്ക് സ്വദേശിയായ 'ക്യാറ്റ്സ്ട്രഡാമസ്' എന്നറിയപ്പെടുന്ന സാംസൺ എന്ന പൂച്ചക്ക്. അവന്റെ ചിത്രങ്ങൾക്ക് പോലും വലിയ ഡിമാൻഡ് ആണ് നെറ്റിൽ. വിനോദ് കടലാസിലേക്ക് പെൻസിൽ കൊണ്ട് പകർത്തിയ സാംസന്റെ ചിത്രം അതിന്റെ ഉടമ ജോനാഥൻ പൂച്ചയുടെ വെരിഫൈഡ് ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി, വിനോദിനുള്ള നന്ദി രേഖപെടുത്തിക്കൊണ്ട് പങ്കിടുകയുണ്ടായി.
അതുപോലെ തന്നെ, പഴശ്ശിരാജയിലെ മമ്മൂട്ടിയെ വിനോദ് കടലാസ്സിൽ വരഞ്ഞിട്ടതും പോർട്രെയ്റ്റ് വരച്ചതും ഒക്കെ ഏറെ ആരാധകപ്രശംസ നേടിയ വർക്കുകളാണ്.
നർത്തകി കൂടിയായ ഭാര്യ അശ്വതിക്കും ഇഷാൻ എന്ന മകനും, പാർവതി എന്ന മകൾക്കുമൊപ്പം സൗദിയിലെ അൽ ഖോബാർ ഏരിയയിൽ ഇപ്പോൾ വിനോദ് താമസിക്കുന്നത്. ഇപ്പോൾ പേപ്പർ കട്ടിങ് ആർട്ട് ചെയ്യാൻ ഇത്രയും സമയം കിട്ടുന്നത് ലോക്ക് ഡൗൺ ഒന്നുകൊണ്ട് മാത്രമാണെന്നും, അധികം താമസിയാതെ തന്നെ ജോലിയുടെ തിരക്കുകൾ തുടങ്ങിയാൽ പിന്നെ, ആഴ്ചയിൽ ഒരു ദിവസം ഒഴിവുകിട്ടിയാൽ മാത്രമേ അതേപ്പറ്റിയൊക്കെ ആലോചിക്കാൻ സാധിക്കൂ എന്നും അദ്ദേഹം പറയുന്നു.
ലോക്ക് ഡൗൺ നമ്മളിൽ അടിച്ചേൽപ്പിക്കുന്ന ബോറടിക്കും, ഏകാന്തതയ്ക്കും പരിഹാരമായി വിനോദ് കണ്ടെത്തിയത് പേപ്പർ കട്ടിങ് ആർട്ട് ആണ്. എന്താണ് നിങ്ങളുടെ ലോക്ക് ഡൗൺ വിനോദം?