ശവപ്പെട്ടിയെന്തിന്, ഇനി ശവവീടുകള്‍; ഒടുക്കം താമസിക്കാന്‍ ഒടുക്കത്തെ പുതുമ!
ജീവിതകാലം മുഴുവന്‍ വീടുകളില്‍ കഴിയുന്നവര്‍ എന്തിനാണ് മരിക്കുമ്പോള്‍ മാത്രം ഇടുങ്ങിയ ശവപ്പെട്ടികളില്‍ ഒതുങ്ങുന്നത്?
ജീവിച്ചിരിക്കുമ്പോള്‍ എത്രവലിയ വീടുകളില്‍ താമസിച്ചാലും, മനുഷ്യന്റെ ഒടുക്കം ഇടുങ്ങിയ ശവപ്പെട്ടികളില്‍ തന്നെയാണ്. ഇടുങ്ങിയതും, ശ്വാസം മുട്ടിക്കുന്നതുമായ ആ ശവപെട്ടികള്‍ കാണുമ്പോള്‍ തന്നെ മരണം നമ്മുടെ അരികിലെത്തുന്ന പ്രതീതിയാണ്. ജീവിതകാലം മുഴുവന്‍ വീടുകളില്‍ കഴിയുന്നവര്‍ എന്തിനാണ് മരിക്കുമ്പോള്‍ മാത്രം ഇടുങ്ങിയ ശവപ്പെട്ടികളില്‍ ഒതുങ്ങുന്നത്?
ഈ ചോദ്യത്തിനുത്തരമാണ് ലാത്വിയയിലെ ആര്‍ക്കിടെക്ചര്‍ കമ്പനിയായ നോ റൂള്‍സ് ജസ്റ്റ് ആര്‍ക്കിടെക്ചര്‍ (NRJA ) തേടിയത്. അതിനുത്തരമായി, ആര്‍ക്കിടെക്റ്റുകള്‍ക്കു മാത്രമായി അവരൊരു അന്ത്യവിശ്രമ വസതി ഒരുക്കിയിരിക്കുകയാണ്.
എന്തിനാണ് ആര്‍കിടെക്ടുകള്‍ക്ക് മാത്രമായി അങ്ങനെയൊരു വീട്? അതിനുത്തരം NRJA തന്നെ പറയുന്നു.
''കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും വേണ്ടി ജീവിക്കുന്നവരാണ് അവര്‍. മഴയും, വെയിലും കൊള്ളാതെ സുരക്ഷിതമായി തലചായ്ക്കാനൊരിടം പണിയുന്നവര്‍. അവരുടെ സ്വപ്‌നങ്ങളില്‍ പോലും വീടുകളാണ്. അതിനാല്‍, ആര്‍ക്കിടെക്ടുകള്‍ അന്ത്യവിശ്രമം ചെയ്യേണ്ടത് ഒരു വീട്ടില്‍ തന്നെയാണ്.''
'ലാസ്റ്റ് ഹൗസ് ഓണ്‍ എ ഡെഡ് എന്‍ഡ് സ്ട്രീറ്റ്' എന്നാണ് ഈ മനോഹരമായ സങ്കല്‍പ്പത്തിന് അവരിട്ട പേര്.
ജനിച്ചാല്‍ നമ്മള്‍ വളരുന്നതും, താമസിക്കുന്നതും വീട്ടിലാണ് എന്നാല്‍പ്പിന്നെ എന്തുകൊണ്ട് ഒരു വീട്ടില്‍ തന്നെ നമ്മളെ അടക്കം ചെയ്തുകൂടാ എന്നാണ് കമ്പനി ചോദിക്കുന്നത്. വീടിന്റെ മാതൃകയിലുള്ള ആ ശവവീടിന് മരണത്തിന്റെ കറുപ്പ് നിറമാണ്. ഒട്ടും സങ്കീര്‍ണമല്ലാത്ത ആകൃതിയാണ് അതിനുള്ളത്.
ചെറുപ്പത്തില്‍ നമ്മള്‍ തറയും, രണ്ട് ചുവരും ഒരു മേല്‍ക്കൂരയുമായി വീട് വരക്കാറില്ലേ? അതുപോലൊരു മാതൃകയാണ് ഈ വീടിനുമുള്ളത്. ബാള്‍ട്ടിക് ബിര്‍ച്ച് പ്ലൈവുഡ് ഉപയോഗിച്ച് നിര്‍മ്മിച്ച ഈയിടം പ്രകൃതി സൗഹൃദപരമാണ്. മനുഷ്യന്റെ ഒടുക്കത്തെ വീടിന് ഒടുക്കത്തെ പുതുമയാണ് അവര്‍ നല്കിയിക്കുന്നത്.