വയനാട് ജില്ലയിലേക്ക് ഒരു ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണ് കുറുവാ ദ്വീപ്.
കേരളത്തിലെ പശ്ചിമഘട്ട മലനിരകളിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ജില്ലയാണ് വയനാട്. പ്രകൃതി സൗന്ദര്യത്തിൻ്റെയും സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൻ്റെയും സമന്വയം ഒരുക്കുന്ന വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികൾക്ക് നിരാശരാകേണ്ടി വരില്ല. ജില്ലയിലേക്ക് ഒരു ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ് കുറുവാ ദ്വീപുകൾ.
അത്ഭുതങ്ങളുടെ ഒരു ദ്വീപ് തന്നെയാണ് കുറുവ. ഇന്ത്യയിലെ ആള്‍പാര്‍പ്പില്ലാത്ത ഏറ്റവും വലിയ ദ്വീപ്. യാതൊരു വിധത്തിലുള്ള ബഹളങ്ങളും ഇവിടെയില്ല. തിരക്കു പിടിച്ച ജീവിത രീതിയിൽ നിന്നും ഒരു ബ്രേക്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് നേരെ കുറുവാ ദ്വീപിലേക്ക് വരാം. ഇവിടുത്തെ പ്രകൃതി ഭംഗി ആസ്വദിക്കാം. കബനി പുഴയുടെ നടുവിലുള്ള ഒരു കൂട്ടം തുരുത്തുകളുടെ സമൂഹമാണ് കുറുവാ ദ്വീപ്. മുളകള്‍ കൂട്ടിക്കെട്ടിയുണ്ടാക്കുന്ന ചങ്ങാടങ്ങളില്‍ പുഴയിലൂടൊരു യാത്രയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.
ചെറുതുരുത്തുകളിലായി 950 ഏക്കറില്‍ പച്ചമരത്തണലുകളും ചെറുതടാകങ്ങളും സസ്യ- ജന്തുജാലങ്ങളും ചിത്രശലഭങ്ങളുമെല്ലാമുള്ള ആവാസലോകം. ഈ ചെറുതുരുത്തുകൾക്കിടയിൽ രണ്ടു ചെറിയ തടാകങ്ങളും ഉണ്ട്. പ്രകൃതി പഠനത്തിനും ശാന്തമായ സാഹസിക നടത്തത്തിനും താല്‍പര്യമുള്ളവര്‍ക്ക് യോജിച്ച സ്ഥലമാണിത്. ബോട്ട് വഴിയും കാൽനടയായും കുറുവയിലെ ഓരോ ദ്വീപിലൂടെയും സഞ്ചരിക്കാം. ഒരു ദിവസത്തെ യാത്രയിൽ എല്ലാ ദ്വീപുകളും സന്ദർശിക്കാനാകില്ല. മുളകൊണ്ട് ഭംഗിയായി നിർമ്മിച്ചിട്ടുള്ള അനേകം കുടിലുകളാണ് കുറുവാ ദ്വീപിലെ മറ്റൊരു പ്രധാന ആകർഷണം. യാത്രയ്ക്കിടയിൽ വിശ്രമിക്കാനും ഫോട്ടോയ്ക്ക് പോസ് ചെയ്യാനുമൊക്കെ ഏറുമാടങ്ങളുണ്ട്.
സുൽത്താൻ ബത്തേരിയിൽ നിന്നും ഏകദേശം 45 കിലോമീറ്റർ ദൂരമുണ്ട് കുറുവാ ദ്വീപിലേക്ക്. കുടുംബമായോ സുഹൃത്തുക്കൾക്കൊപ്പമോ എത്തുന്നതാകും ഉത്തമം. ഒരു ദ്വീപിൽ നിന്നും മറ്റൊരു ദ്വീപിലേക്ക് പുഴ മുറിച്ചു കടക്കുക എന്നത് അൽപം പ്രയാസമാണ്. പരസ്പരം കൈകൾ കോർത്ത് പാലം തീർത്ത് വേണം അക്കരയ്ക്ക് എത്താൻ. പ്ലാസ്റ്റിക്കിന് കുറുവാദ്വീപിലേക്ക് പ്രവേശനമില്ലെന്ന കാര്യം മറക്കരുത്.
READ MORE: കൊതുക് ശല്യം സഹിക്കാൻ വയ്യേ? ഭൂമിയിലുണ്ട് കൊതുകുകളില്ലാത്ത രണ്ടേ രണ്ടിടങ്ങൾ!