ഈ ട്രെൻഡിനൊപ്പം പോകല്ലേ...; വിമാന യാത്രയ്ക്ക് മുമ്പുള്ള ബോർഡിം​ഗ് പാസിന്റെ ചിത്രം പങ്കുവെയ്ക്കുന്നത് അപകടം 

ബോർഡിംഗ് പാസുകളിലുള്ള ബാർകോഡാണ് ഹാക്കർമാർ ലക്ഷ്യമിടുന്നത്. 

Sharing the picture of the boarding pass before the flight is dangerous

വിമാന യാത്രകൾ നടത്തുന്നതിന് മുമ്പ് എയർപോർട്ടിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെയ്ക്കുക എന്നത് മിക്കവരും ചെയ്യുന്ന കാര്യമാണ്. മറ്റ് ചിലരാകട്ടെ പാസ്പോർട്ടിന്റെയും ബോർഡിം​ഗ് പാസിന്റെയുമെല്ലാം ചിത്രം പങ്കുവെയ്ക്കാറുണ്ട്. ഈ ചിത്രങ്ങൾ സ്വന്തം കുടുംബാം​ഗങ്ങൾക്കും സുഹൃത്തുക്കൾക്കുമെല്ലാം ഇഷ്ടമാകുമെങ്കിലും യഥാർത്ഥത്തിൽ ഇത് സന്തോഷിപ്പിക്കുന്നത് സൈബർ ഹാക്കേഴ്സിനെയാണ്. ഇത്തരത്തിൽ പാസ്പോർട്ടോ ബോർഡിം​ഗ് പാസോ സോഷ്യൽ മീ‍ഡിയയിൽ പങ്കുവെയ്ക്കുക എന്നത് വലിയ സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. 

നിങ്ങളുടെ അവധിക്കാലത്തെക്കുറിച്ചോ യാത്രകളെ കുറിച്ചോ ഉള്ള വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടുമ്പോൾ അവ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ബോർഡിംഗ് പാസുകളെ സംബന്ധിച്ചിടത്തോളം യഥാർത്ഥ പ്രശ്നം അതിലുള്ള ബാർകോഡാണ്. ഓൺലൈനിൽ സൗജന്യമായി ലഭ്യമായ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് ആർക്കും അവ റീഡ് ചെയ്യാൻ കഴിയുമെന്ന കാര്യം ഭൂരിഭാ​ഗം ആളുകൾക്കും അറിയില്ല. ഫ്രീക്വന്റ് ഫ്ലയർ നമ്പർ, കോൺടാക്റ്റ് വിവരങ്ങളോ മറ്റ് തിരിച്ചറിയൽ വിശദാംശങ്ങളോ പോലെയുള്ള ഡാറ്റ ഇതിന് ശേഖരിച്ചിട്ടുണ്ടാകും. ഇതിലെ വിവരങ്ങൾ ബാർകോഡുകൾക്ക് അനുസരിച്ചും വിമാനക്കമ്പനികൾ അനുസരിച്ചും വ്യത്യസ്തമായിരിക്കും. 

Latest Videos

2020 മാർച്ചിൽ മുൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ടോണി ആബട്ട് ഖാന്റാസ് വിമാനത്തിൽ യാത്ര ചെയ്യുന്നതിനായുള്ള ബോർഡിംഗ് പാസിന്റെ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഈ ചിത്രം മാത്രം ഉപയോഗിച്ച് പ്രധാനമന്ത്രിയുടെ ഫോൺ നമ്പറും പാസ്‌പോർട്ട് നമ്പറും ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങളിലേക്ക് ഒരാൾക്ക് കടന്നുകയറാൻ കഴിഞ്ഞെന്ന് ഇൻഫർമേഷൻ സെക്യൂരിറ്റി മാനേജർ മാർക്ക് സ്‌ക്രാനോയെ ഉദ്ധരിച്ച് കോണ്ടെ നാസ്റ്റ് ട്രാവലർ റിപ്പോർട്ട് ചെയ്തു. 

ഒറ്റനോട്ടത്തിൽ നിസ്സാരമെന്ന് തോന്നുമെങ്കിലും ഈ ഡാറ്റ ഉപയോ​ഗിച്ച് നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ചോർ‌ത്തിയെടുക്കാൻ സാധിക്കുമെന്നത് ​ഗുരുതരമായ കാര്യമാണ്. അതിനാൽ മറ്റ് സ്വകാര്യ രേഖകൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവോ അത്ര തന്നെ പ്രാധാന്യത്തോടെ ഇത്തരം യാത്രാ രേഖകളെയും കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കുക. ഈ വിവരങ്ങൾ സൈബർ ഹാക്കേഴ്സിന്റെ കൈകളിൽ എത്തിയാൽ അത് വളരെ അപകടകരമാണെന്ന കാര്യം എപ്പോഴും ഓർക്കുക.

READ MORE: പതിനായിരത്തോളം പ്ലാസ്റ്റിക് കുപ്പികളുടെ അടപ്പുകൾ, ഹരിത കർമ്മസേനയുടെ കരവിരുത്; സെൽഫി പോയിന്റ് വൈറലാകുന്നു

tags
vuukle one pixel image
click me!