കാലിഫോർണിയയിൽ നടത്തിയ യാത്രകളിലെ അനുഭവങ്ങൾ ഉൾപ്പെടുത്തി പ്രീതി രാകേഷ് എഴുതിയ ഓർമ്മക്കുറിപ്പ്.
ജൂലൈയിലെ തണുപ്പുള്ള ഒരു രാത്രിയിലാണ് ഞാന്‍ ആദ്യമായി കാലിഫോര്‍ണിയയിലെ പ്ലെസന്റണിലുള്ള 'ഹയാത്ത് ഹൗസില്‍' എത്തുന്നത്. സമയം രാത്രിയാണെന്ന് വിശ്വസിക്കാന്‍ ഇത്തിരി പാടുപെടേണ്ടി വന്നു. കാരണം ഒന്‍പതു മണിയായിട്ടും ഇരുട്ട് ഉണ്ടായിരുന്നില്ല. നല്ല പകല്‍ പോലെ വ്യക്തം. റോഡിന് ഇരുവശവും പച്ചിലക്കൊട്ടകള്‍ കമിഴ്ത്തി വെച്ചപോലെ കാണപ്പെട്ട മൊട്ടക്കുന്നുകള്‍ കൗതുകം നിറച്ചു. കുഞ്ഞുന്നാളില്‍ മുറ്റം നിറയെ മണ്ണപ്പം ചുട്ടുകളിക്കുന്നത് ഓര്‍മ്മ വന്നു. അതുപോലെയായിരുന്നു അടുത്തടുത്ത് കാണപ്പെട്ട ചെറിയ കുന്നുകള്‍. ഇവ വേനലില്‍ കരിയുകയും മഴയിറ്റ് തുടങ്ങുമ്പോള്‍ കനത്ത് വളരുകയും ചെയ്യും.
യാത്രയിലുടനീളം കാണപ്പെട്ട പെസഫിക് സമുദ്രവും എന്നെ പിന്തുടര്‍ന്നു. അതിന്റെ ഓരം ചേര്‍ന്ന് പന്തല്‍ വിരിച്ച പോലെ അക്വേഷ്യ മരങ്ങള്‍, യൂകാലിപ്റ്റസ് മരങ്ങള്‍, ചൂള മരങ്ങള്‍. റോഡരുകുകളില്‍ ചുവന്നു തുടുത്ത ഇലകളുമായി മേപ്പിള്‍ മരങ്ങള്‍ സ്വര്‍ണ്ണപ്രഭ പൊഴിച്ചു. ഈയൊരു യാത്ര എനിക്ക് വ്യക്തിപരമായി അത്രയും പ്രിയപ്പെട്ടതായിരുന്നു. രണ്ട് മൂന്നു മാസങ്ങള്‍ക്കു മുന്‍പേയാണ് ഭര്‍ത്താവ് കണ്ണന്‍ കാലിഫോര്‍ണിയയില്‍ എത്തിയത്. അതിനു ശേഷം ഞങ്ങള്‍ തമ്മില്‍ കാണുന്നത് സാന്‍ഫ്രാന്‍സിസ്‌കോ എയര്‍പോര്‍ട്ടില്‍ വെച്ചാണ്. മൂന്നു വയസ്സുള്ള ഞങ്ങളുടെ മകന്‍ സമര്‍ത്ഥ് കണ്ണനെ കണ്ട് പൊട്ടിക്കരഞ്ഞുകൊണ്ടിരുന്നു.
'ഇപ്പോള്‍ നമ്മള്‍ കടലിനു മീതെയാട്ടോ പോകുന്നേ...'
കണ്ണന്റെ വാക്കുകള്‍ എന്നെ ചിന്തയില്‍ നിന്നുണര്‍ത്തി. കാറില്‍ ഇരുന്ന് അപ്പുറവും ഇപ്പുറവും നോക്കി. ഭാഗവാനേ കടല്‍പ്പാലം. കണ്ണിറുക്കിയടച്ച് ആഞ്ജനേയനെ പ്രാര്‍ത്ഥിച്ച് ഞാനിരുന്നു. പാലം കടക്കും വരെ ശ്വാസം പിടിച്ചിരുന്നത് ഇപ്പോഴുമോര്‍ക്കുന്നു.
ഹയാത്ത് ഹൗസില്‍ ആയിരുന്നു ഞങ്ങള്‍ ഒരു വര്‍ഷം താമസിച്ചത്. രാവിലെ എട്ടുമണി വരെ ഹയാത്തില്‍ ബ്രേക്ഫാസ്റ്റ് കിട്ടും. നാടന്‍ വിഭവങ്ങള്‍ കഴിക്കാന്‍ തോന്നുന്ന ദിവസം ബ്രേക്ക്ഫാസ്റ്റ് ഞാന്‍ വീട്ടിലുണ്ടാക്കും. അടുത്തൊരു ഇന്ത്യന്‍ സ്റ്റോറുണ്ട്. അവിടെ പോയാല്‍ സാധനങ്ങള്‍ കിട്ടും. കുട്ടികള്‍ പെട്ടെന്ന് തന്നെ ഹയാത്തുമായി പൊരുത്തപ്പെട്ടു. ഞങ്ങളും. ഹയാത്ത് ഹൗസുകള്‍ വലിയ കോമ്പൗണ്ടില്‍ ഓരോ വീടുകളായിട്ടാണ് ക്രമീകരിച്ചിട്ടുള്ളത്. അതുകൊണ്ട് ഒരു ഹോട്ടലിലാണ് താമസിക്കുന്നതെന്ന് ആര്‍ക്കും തോന്നില്ല. വിവാഹം, ബര്‍ത്ത്‌ഡേ തുടങ്ങിയ ആഘോഷങ്ങളും, ഒഫീഷ്യല്‍ പാര്‍ട്ടികളും മറ്റും നടത്താന്‍ എത്തുന്നവരാണ് അധികവും.
സ്വിമ്മിംഗ് ഏരിയയില്‍ സന്ധ്യാസമയത്ത് ഞങ്ങള്‍ പോകാറുണ്ട്. അതിന്റെ ചുറ്റുമായി ഭംഗിയുള്ള വള്ളിക്കുടിലുകള്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെ വെച്ചാണ് മിക്കവരും പാര്‍ട്ടികള്‍ നടത്താറുള്ളത്. കുളിര്‍ക്കാറ്റേറ്റ്, പേരറിയാത്ത മരങ്ങള്‍ പൂത്ത സുഗന്ധവും ആസ്വദിച്ച് അവിടെയിരിക്കാന്‍ നല്ല സുഖമാണ്.ശനിയും ഞായറും ദിവസങ്ങളില്‍ ഓരോ സ്ഥലങ്ങളിലായി ഔട്ടിങ് പോകും. ഓരോന്നും വേറിട്ട അനുഭവങ്ങളായിരുന്നു.
സാന്‍ഫ്രാന്‍സിസ്‌കോ എനിക്ക് ഇഷ്ടമുള്ള ഇടമാണ്. നല്ല ഭംഗിയും വൃത്തിയുമുള്ള വഴിയോരങ്ങള്‍. എല്ലായിടങ്ങളിലും തണല്‍വിരിച്ചു നില്‍ക്കുന്ന മരങ്ങള്‍. പിന്നെ പൂത്തുനില്‍ക്കുന്ന റോസാച്ചെടികളും സീനിയകളും സൂര്യകാന്തികളും. കാലിഫോര്‍ണിയായില്‍ എല്ലാ പൊതുനിരത്തുകളും ഇതുപോലെ പൂക്കളാല്‍ സുന്ദരമാണ്. കണ്ണും മനസ്സും നിറയും. പൊതുവെ ഇവിടെ എല്ലാവരും സ്വന്തം വീട് പോലെ തന്നെയാണ് വഴിയോരങ്ങളും സൂക്ഷിക്കുന്നത്.
ഒരിക്കല്‍ ലാസ് വേഗാസില്‍ പോയിരുന്നു. ഡിസംബറിലെ മഞ്ഞില്‍ കുതിര്‍ന്ന അവിടത്തെ വഴിയോരങ്ങള്‍ ഇപ്പോഴും മനസ്സില്‍ കുളിരു നിറക്കുന്നു. പ്രണയാതുരമായ ആ സന്ധ്യയ്ക്ക് മാറ്റു കൂട്ടാന്‍ എന്ന പോലെ പ്രണയിക്കുന്നവരുടെയും ദമ്പതികളുടെയും സാന്നിധ്യം ആ അന്തരീക്ഷത്തെ കൂടുതല്‍ ആര്‍ദ്രമാക്കി. നിരത്തുകളില്‍ പോലും ക്രിസ്മസ് ട്രീകള്‍ ഒരുക്കിയും, അതില്‍ ക്രിസ്മസ് ഗിഫ്റ്റ്കള്‍ നിറച്ചും മനോഹരമാക്കിയിരുന്നു. ഒരു വിഭാഗം ആളുകള്‍ കാസിനോകളിലേക്ക് ഇടിച്ചു കയറുന്നുണ്ടായിരുന്നു. ഫുട്പാത്തുകളിലെ ബഞ്ചുകളില്‍ ഇരുന്ന് പിയാനോ വായിക്കുന്നവരെയും അത് ആസ്വദിച്ചു നില്‍ക്കുന്നവരെയും കണ്ടു. വഴിയോരങ്ങളിലൂടെ നടന്ന് സാന്താക്ലോസുമാര്‍ കുട്ടികള്‍ക്ക് സ്വീറ്റ്സ് കൊടുക്കുന്നുണ്ടായിരുന്നു. വര്‍ണ്ണാഭമായ ഇളം മഞ്ഞു പൊഴിഞ്ഞു കൊണ്ടിരുന്ന ആ സന്ധ്യയില്‍ ഞങ്ങളും സ്വയം മറന്നു.
കാലിഫോര്‍ണിയയിലെ അനാഹൈമില്‍ ഡിസ്നിലാന്‍ഡ് ഉണ്ട്. ലോകത്തിലെ ഏറ്റവും ജനപ്രിയമായ തീം പാര്‍ക്കുകളില്‍ ഒന്ന്. അവിടെ ഒരിക്കല്‍ പോയിരുന്നു. 'മിക്കി മൗസ് ' കാര്‍ട്ടൂണിലെ എല്ലാ കഥാപാത്രങ്ങളുടെയും പ്രതിരൂപങ്ങളെ അവിടെ കണ്ടു. മിക്കി മൗസിന്റെയും മിന്നി മൗസിന്റെയും വീടുകളും പവര്‍ ഹൗസും എല്ലാം കണ്ടപ്പോള്‍ അത്ഭുതലോകത്ത് എത്തിയ പോലെ തോന്നി. കാലിഫോര്‍ണിയയില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചത് എന്താണെന്ന് ചോദിച്ചാല്‍ അത് ഡിസ്നി ലാന്‍ഡ് തന്നെയാണെന്നേ ഞാന്‍ പറയൂ. വാക്കുകള്‍ക്ക് അതീതമാണത്.
റെഡ്‌വുഡ് നാഷണല്‍ പാര്‍ക്ക് കാലിഫോര്‍ണിയയുടെ വടക്കേ അറ്റത്ത് തീരദേശത്തായാണ് സ്ഥിതി ചെയ്യുന്നത്, പഴയകാല കോസ്റ്റ് റെഡ്‌വുഡുകളുടെ ആവാസ കേന്ദ്രമാണിത്. ഈ മനോഹരമായ മരങ്ങള്‍ക്ക് 2,000 വര്‍ഷം വരെ ജീവിക്കാനും 300 അടിയിലധികം ഉയരത്തില്‍ വളരാനും കഴിയും. നിഴലുകള്‍ ഉറങ്ങുന്ന ആ സുന്ദരവനത്തിലേക്ക് ഒരു പാടു ദൂരം ഞങ്ങള്‍ സഞ്ചരിച്ചു.
ലോസ് ആഞ്ചലോസ് ഹോളിവുഡ് അമേരിക്കന്‍ ചലച്ചിത്ര-വിനോദ വ്യവസായത്തിന്റെ കേന്ദ്രമാണ്. ഹോളിവുഡ് വാക്ക് ഓഫ് ഫെയിം, ടിസിഎല്‍ ചൈനീസ് തിയേറ്റര്‍, ഹോളിവുഡ് സൈന്‍ തുടങ്ങിയ ഐക്കണിക് ലാന്‍ഡ്മാര്‍ക്കുകള്‍ ഇവിടെയുണ്ട്. നിരവധി പ്രമുഖ ഫിലിം സ്റ്റുഡിയോകളും നിര്‍മ്മാണ കമ്പനികളും അവിടെയാണ് പ്രവര്‍ത്തിക്കുന്നത്.അതുകൊണ്ട് തന്നെ സഞ്ചാരികളുടെ കുത്തൊഴുക്കാണിവിടെ. എത്തിച്ചേരാന്‍ ഇത്തിരി ബുദ്ധിമുട്ടിയെങ്കിലും ഐക്കണിക്ക് ലാന്‍ഡ്മാര്‍ക്കുകള്‍ മറ്റൊരു ലോകത്തെത്തിച്ചു. എന്നെ സ്വാധീനിച്ച മറ്റൊരു കാഴ്ച്ച ഡൗണ്‍ടൗണുകളിലേതാണ്. സാന്റിയാഗോവില്‍ പോയതും നല്ലൊരു ഓര്‍മ്മയാണ്. സീ വേള്‍ഡില്‍ സീലും, ഡോള്‍ഫിനും, കില്ലര്‍ വേയ്‌ലുമൊക്കെ തൊട്ടരികെ കണ്ടത് കൗതുകകരമായിരുന്നു.
ഇവിടത്തെ വിവാഹങ്ങള്‍ക്ക് ഒരാര്‍ഭാടവുമില്ല. അണിഞ്ഞൊരുങ്ങി സുന്ദരികളും സുന്ദരന്മാരുമായി ഏതെങ്കിലും ബീച്ചിലോ ഫോറസ്റ്റ് ഏരിയയിലോ വളരെ കുറച്ച് ആളുകളുടെ സാന്നിധ്യത്തില്‍ ഇവര്‍ വിവാഹിതരാവും. ഒരു വര്‍ഷക്കാലമാണ് കാലിഫോര്‍ണിയയില്‍ താമസിച്ചതെങ്കിലും ഓര്‍മ്മകളൊന്നും ആ ഒരു വര്‍ഷത്തില്‍ ഒതുങ്ങുന്നില്ല. സന്തോഷവും പ്രണയവും സമാധാനവും മനസ്സില്‍ നിറഞ്ഞ ആ ഒരു വര്‍ഷക്കാലം ഒരിക്കലും മനസ്സില്‍ നിന്നും മായില്ല.
READ MORE: സമ്മർ ട്രിപ്പ് ഊട്ടിയിലേയ്ക്കാണോ? ഒരിക്കലും മിസ്സാക്കാൻ പാടില്ലാത്ത 4 സ്പോട്ടുകൾ ഇതാ